തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടയിലെ പന്തയം തോറ്റെങ്കിലും ബിജെപി നേതാവ് വി വി രാജേഷിന് സ്വർണ മോതിരം നൽകില്ലെന്ന് വി ശിവൻകുട്ടി എംഎൽഎ. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 25 സീറ്റു പിടിച്ചാൽ സ്വർണമോതിരം നൽകാമെന്നായിരുന്നു വി ശിവൻകുട്ടി ചാനൽ ചർച്ചയിൽ പറഞ്ഞത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വൻ മുന്നേറ്റമുണ്ടാക്കിയപ്പോൾ ഈ പറഞ്ഞ മോതിരം ബിജെപി സംസ്ഥാന വക്താവ് വി വി രാജേഷിന് ഉറപ്പായതാണ്. അതിനിടെയാണ് രാജേഷ് പന്തയത്തിന് സമ്മതിക്കാതിരുന്നതിനാൽ മോതിരം നൽകില്ലെന്നു ശിവൻകുട്ടി പറഞ്ഞത്.

ശരിക്കും മോതിരം കൊടുക്കേണ്ടത് കോൺഗ്രസിനാണെന്നും ശിവൻകുട്ടി പറഞ്ഞു. അവരുടെ വോട്ടാണ് ബിജെപിക്ക് പോയത്. കോൺഗ്രസിന് 500 വോട്ടു കിട്ടാത്ത വാർഡുകൾ പോലും ഉണ്ട്. ബിജെപി വോട്ടാണ് ജയം നിർണയിച്ചിരുന്നതെങ്കിൽ 15-17 സീറ്റിലേ ബിജെപി ജയിക്കൂ. കോൺഗ്രസ് വോട്ട് കിട്ടിയതാണ് കൂടുതൽ സീറ്റിൽ ജയിക്കാൻ കാരണമെന്നും ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത് രാജേഷിനെയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ചുമതലയുടെ ചുക്കാൻ ഏറ്റെടുത്ത് രാജേഷ് മത്സരത്തിൽ നിന്ന് പിന്മാറി. കൊടുങ്ങാനൂർ വാർഡിൽ രാജേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മത്സരിച്ചില്ല. ഈ വാർഡിലും ബിജെപിയാണ് ജയിച്ചത്.

എന്നാൽ പ്രചാരണത്തിൽ ബിജെപി വാദങ്ങൾ അവതരിപ്പിക്കവേയാണ് പന്തയമെത്തിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വരുമെന്ന് സംസ്ഥാന വക്താവ് വിവി രാജേഷിന്റെ അവകാശവാദത്തിന് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 25 സീറ്റ് ലഭിച്ചാൽ വിവി രാജേഷിന് ഒരു പവന്റെ പൊൻ മോതിരം കൊടുക്കുമെന്ന് വി ശിവൻകുട്ടിയുടെ മറുപടി. ഒരു സ്വകാര്യ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തു ശിവൻകുട്ടിയുടെ വാഗ്ദാനമുണ്ടായത്. തിരുവനന്തപുരത്ത് ആറ് സീറ്റുകൾ മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു ശിവൻകുട്ടിയുടെ വെല്ലുവിളി

കോർപ്പറേഷന്റെ ഭരണം ഇടത് മുന്നണി നേടിയില്ലെങ്കിൽ രണ്ട് പവൻ സ്വർണം ചർച്ച സംഘടിപ്പിച്ച ടിവിയെ ഏൽപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ ഇരുപത്തിയഞ്ചോളം വാർഡുകളിൽ എൽഡിഎഫ് യുഡിഎഫ് ധാരണയുണ്ടെന്നുള്ള ആരോപണത്തിനായിരുന്നു ശിവൻകുട്ടിയുടെ മറുപടി. അറുപത് സീറ്റിലധികം നേടി എൽഡിഎഫ് ഭരണം നേടുമെന്നാണ് ശിവൻകുട്ടി പറയുന്നത്. എന്നാൽ ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്ന് വി.വി. രാജേഷ് ഉറപ്പിച്ചു പറഞ്ഞു. ഭരണം നേടിയില്ലെങ്കിലും ആർക്കും ഭരണം കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാൻ ബിജെപിക്കായി. അതുകൊണ്ട് തന്നെ പന്തയത്തിൽ ജയിച്ചത് ബിജെപിയാണ്.

ബിജെപിയുടെ വിജയമാണ് തനിക്ക് പ്രധാനമെന്നായിരുന്നു രാജേഷിന്റെ പന്തയ വിജയത്തോടുള്ള പ്രതികരണം. ബിജെപിയുടെ സംഘടനാ സംവിധാനം ഉണർന്നാൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് തെളിഞ്ഞതായി രാജേഷ് പറഞ്ഞു. രാജഗോപാലിന് തിരുവനന്തപുരത്തുകാർ നൽകിയ സ്‌നേഹം ബിജെപിക്ക് വോട്ടായി മാറുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

നേമം മണ്ഡലത്തിലെ എംഎൽഎയാണ് സിപിഐ(എം) സംസ്ഥാന സമിതി അംഗമായ ശിവൻകുട്ടി. നേമം മണ്ഡലത്തിൽ വൻ നേട്ടമാണ് ബിജെപി ഉണ്ടാക്കിയതെന്നതും ശിവൻകുട്ടിക്ക് വെല്ലുവിളിയാണ്.