- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രിംകോടതി വിധി മാനിക്കുന്നു; വിചാരണ നേരിടും, നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കും; മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യവുമില്ല; കേസ് അവകാശ പോരാട്ടങ്ങളുടെ ഭാഗമെന്ന് കെ ശിവൻകുട്ടി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങളാണ് കോടതിയുടേതെന്നും വി ഡി സതീശൻ
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കും. കോടതി ഭരണഘടനാപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. വിധിയുടെ വിശദാംശം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവൻകുട്ടി വ്യക്തമാക്കി. പ്രതിഷേധം രാഷ്ട്രീയ അവകാശ പോരാട്ടമായിരുന്നെന്നും സംഭവിച്ചതിൽ കുറ്റബോധമില്ലെന്നും വി.ശിവൻകുട്ടി പ്രതികരിച്ചു.
മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല. അത് സംബന്ധിച്ച് കോടതി ഒരു നിരീക്ഷണവും നടത്തിയിട്ടില്ല. ഇത് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ വിധിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സംഭവത്തില് കുറ്റബോധമില്ലെന്നും നിയമപരമായി വിചാരണ നേടിരുമെന്ന് എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തുവന്നു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങളാണ് കോടതിയിൽ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതിയുടെ നിർണായക വിധി. നിയമസഭയിലെ അക്രമങ്ങളിൽ ജനപ്രതിനിധികൾക്ക് നിയമപരിരക്ഷ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളിയത്. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻ കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിക്കുകയായിരുന്നു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.
എംഎൽഎമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രമാണ്. എംഎൽഎമാർക്ക് പ്രത്യേക പരിഗണനയില്ല. അക്രമങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ, ഹരജി പരിഗണിക്കവേ സംസ്ഥാന സർക്കാറിനെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. വി. ശിവൻകുട്ടി അടക്കമുള്ള സിപിഎം എംഎൽഎമാർ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവർ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, അന്നത്തെ എംഎൽഎമാരായിരുന്ന വി. ശിവൻകുട്ടി, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വിചാരണ നേരിടണമെന്ന് ഉത്തരവുണ്ടായി.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബാഹ്യസ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവുണ്ടായത്. തുടർന്ന്, ശിവൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാറിന്റെ നിലപാട് കോടതിയിൽ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായിരുന്ന വനിതയെ മാറ്റുകയും ചെയ്തു.
കൈയാങ്കളിയിൽ മന്ത്രിമാരടങ്ങുന്ന സാമാജികർക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിയ സി.ജെ.എം കോടതി നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സഭയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ധാർമിക ചുമതലയുണ്ടെന്നതടക്കം വിലയിരുത്തി കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്ന സർക്കാർ ആവശ്യം കോടതി നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാമെന്ന അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥിന്റെ നിയമോപദേശത്തിലാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ