തിരുവനന്തപുരം: സ്്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്മൂളിയാകരുതെന്ന കടുത്ത വിമർശനവുമായി വി ടി ബൽറാം എംഎൽഎ. സ്പീക്കർ ഭരണകക്ഷിയുടെ പിണിയാളായി പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പി.ശ്രീരാമകൃഷ്ണൻ പ്രതിപക്ഷത്തായിരുന്നപ്പോൾ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും സഭയിലെ കയ്യാങ്കളികൾ സൂചിപ്പിച്ച് ബൽറാം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യത്തെ നിരാകരിക്കുകയാണ് അദ്ദേഹം ചെയ്തത്. കേരളത്തിന്റെ ക്രമസമാധാന നില തകരാറിലായെന്ന ഗൗരവമുള്ള പ്രമേയാണ് ഞങ്ങൾ ഉന്നയിച്ചത്. പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരമായാണ് ഇതിനെ കണ്ടത്. എന്നാൽ ഇന്ന് തീർത്തും ഏകപക്ഷീയമായി പ്രതിപക്ഷ അവകാശം സ്പീക്കർ കവർന്നെടുത്തു. ഞങ്ങളുടെ അവകാശം സംസക്ഷിക്കാനുള്ള ഉത്തരവാദിത്തം പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നം ബൽറാം കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ ഏറാന്മൂളി ആയാല്ല സ്പീക്കർ പ്രവർത്തിക്കേണ്ടത്. സ്പീക്കറുടെ മുഖം തടസപ്പെടുത്തുകയല്ല, ഞങ്ങൾ ചെയ്തത്. അദ്ദേഹം സ്വയം സ്വയം മുഖം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ചോദ്യോത്തര വേളയിലെ പ്രതിഷേധം കീഴ് വഴക്കത്തിന്റെ ഭാഗമാണ്, രഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണെന്നും ബൽറാം കുറ്റപ്പെടുത്തി.

അതേസമയം പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മറുപടി നൽകി. ഇന്ന് ഉന്നയിക്കാനാത്ത വിഷയം നാളെ ഉന്നയിക്കാം. ചെയറിന്റെ മുഖം മറച്ചുള്ള പ്രതിഷേധം നിർഭാഗ്യകരമാണെന്നും അദ്ദേഹംം തിരുവനന്തപുരത്ത് പറഞ്ഞു. പ്രതിപക്ഷബഹളത്തെത്തുടർന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ.

പ്രതിപക്ഷബഹളത്തെത്തുടർന്ന് നിയമസഭ ഇന്നും പിരിയുകയായിരുന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള സ്പീക്കർ നിർത്തിവച്ചിരുന്നു. ചോദ്യത്തരവേള റദ്ദാക്കി ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നെങ്കിലും ബഹളം തുടർന്നതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. മധു, സഫീർ കൊലപാതകങ്ങൾ ചർച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയനോട്ടീസ് സ്പീക്കർ പരിഗണിച്ചില്ല. അംഗങ്ങൾ സ്പീക്കറുടെ മുന്നിലെത്തി പ്രതിഷേധിച്ചു. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. സഭ നടത്തിക്കൊണ്ടുപോവാനാത്ത സാഹചര്യമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കർക്ക് മുന്നിൽ ബാനർ നിവർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സ്പീക്കർ രൂക്ഷമായി വിമർശിച്ചു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങൾ അനുവദിക്കുന്നില്ല. മണ്ണാർക്കാട്ടെ സഫീറിന്റെ വധത്തെ അപലപിക്കാൻപോലും മുഖ്യമന്ത്രി തയാറല്ല. തൃശൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി മധുവിന്റെ മൃതദേഹം കാണാൻ പോലും ശ്രമിച്ചില്ല. ഷുഹൈബിന്റെ വധത്തിൽ ഗൂഢാലോചനക്കാരെ പിടിക്കാൻ തയാറാകുന്നില്ലെന്നും സി.ബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.