തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിയമസഭയിൽ എത്തിയ 22 പേർ അവരുടെ മേഖലകളിൽ ശോഭിച്ചവരാണ്. ഉമ്മൻ ചാണ്ടിയെയും കെ സി ജോസഫിനെയും ചെന്നിത്തലയെയും പോലെ മുതിർന്ന നേതാക്കൾക്കൊപ്പം വി ടി ബൽറാം, റോജി എം ജോൺ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയ യുവ നേതാക്കളും സഭയിൽ എത്തിയിട്ടുണ്ട്. വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ എൽഡിഎഫിനെ ക്രിയാക്മകമായ പ്രതിപക്ഷമായി നേരിടാൻ സാധിക്കുന്ന യുവനിരയാണ് കോൺഗ്രസിനുള്ളത്. ഇതിൽ മന്ത്രിസഭ സത്യപ്തിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തന്നെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത് വിടി ബൽറാം എംഎൽഎ ആയിരുന്നു.

കോടികൾ മുടക്ക് എൽഡിഎഫ് സർക്കാറിന്റെ പരസ്യം ദേശീയ മാദ്ധ്യമങ്ങളിൽ നൽകിയതിനെ വിമർശിച്ചായിരുന്നു ബൽറാം തന്റെ പതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത്. നല്ലതെന്ന് തോന്നുന്ന തീരുമാനങ്ങളെ അഭിനന്ദിച്ചതിനൊപ്പം തന്നെ തെറ്റായ തീരുമാനങ്ങളെ കുറിച്ചുള്ള പ്രസ്ഥാവനയെ പോലും ബൽറാം വിമർശിച്ചു തുടങ്ങി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച ബൽറാം എന്നാൽ, അതിരപ്പള്ളി വിഷയത്തിൽ രൂക്ഷമായി തന്നെ ഫേസ്‌ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. പിണറായി വിജയനെ മല്ലു മോദി എന്ന് അഭിസംബോധ ചെയ്തതിന്റെ പേരിൽ സിപിഐ(എം) സൈബർ സഖാക്കളിൽ നിന്നും രൂക്ഷമായ എതിർപ്പും വി ടി ബൽറാം നേരിടേണ്ടി വന്നു.

കോൺഗ്രസിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിർപ്പുകളെ മറികടക്കുന്നതിനുള്ള ശ്രമങ്ങളും ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൡ കാണാം. കോൺഗ്രസ് പല മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ടു മറിച്ചു എന്ന സിപിഐ(എം) പ്രചരണത്തെ എതിർത്തുകൊണ്ട് ബൽറാമിട്ട ഫേസ്‌ബുക്ക് പോസ്റ്റ് മറ്റ് എംഎൽഎമാർക്ക് പാഠമാകേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ്. തൃത്താലയിൽ അടക്കം ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചു എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഉന്നയച്ച ആരോപണം. എന്നാൽ, ഈ ആരോപങ്ങളെ കണക്കുകൾ നിരത്തി തന്നെ ബൽറാം ണ്ഡിച്ചു.

വോട്ടു ചേർന്നത് സിപിഎമ്മിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ ചാരട്ടുകൾ സഹിതമാണ് ബൽറാം മറുപടി നല്കിയത്. സിപിഐ(എം) പ്രചരണത്തെ ചെറുത്തു കൊണ്ട് ബൽറാമിട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ:

തൃത്താല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ചത്, 10547 വോട്ടിന്റേത്. ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് അഞ്ചക്ക ഭൂരിപക്ഷം ഈ മണ്ഡലത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ തവണ 3197 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണ മൂന്നിരട്ടിയിലേറേ ആയിട്ടാണ് അത് വർദ്ധിച്ചിരിക്കുന്നത്. പൊതുശത്രുവിനെ തോൽപ്പിക്കാനായി ആർഎസ്എസ് സിപിഎമ്മിന് മറിച്ചുകൊടുത്ത മൂവായിരത്തോളം വോട്ടുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കനത്ത തോൽവിയായിരുന്നു സിപിഎമ്മിനുണ്ടാകുമായിരുന്നത്. തൃത്താലക്കാർ നൽകിയ ഈ അസന്നിഗ്ധമായ ജനവിധിയെ പരിഹസിക്കാതിരിക്കാനെങ്കിലുമുള്ള മിനിമം മര്യാദ സിപിഐ(എം) സെക്രട്ടറിയിൽ നിന്ന് ഈ നാട്ടിലുള്ളവർ പ്രതീക്ഷിക്കുന്നുണ്ട്.

ഇനി കണക്കുകൾ പരിശോധിക്കാം (ചാർട്ട് കാണുക). കഴിഞ്ഞ തവണത്തേതിനേക്കാൾ 18352 വോട്ടുകളാണ് ഇത്തവണ കൂടുതലായി പോൾ ചെയ്യപ്പെട്ടത്. എന്നാൽ സിപിഐ(എം) സ്ഥാനാർത്ഥിക്ക് കൂടുതലായി നേടാനായത് വെറും 1307 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 8657 വോട്ടുകളും ബിജെപിക്ക് 8611 വോട്ടുകളും വർദ്ധിച്ചു. ശതമാനക്കണക്കിൽ യുഡിഎഫ് കഴിഞ്ഞ തവണത്തെ അതേ നിലവാരം തുടരുന്നു (47.37, 47.34). എന്നാൽ സിപിഎമ്മിന് 4.91 ശതമാനം വോട്ടാണ് കുറവാണ് ഉണ്ടായിരിക്കുന്നത്. 44.75%ൽ നിന്ന് 39.84%ലേക്ക് സിപിഐ(എം) കൂപ്പുകുത്തുന്നു. ഈ വോട്ട് മുഴുവൻ ചെന്നുചേരുന്നതോ ബിജെപിയിലേക്കും. അവരുടെ വോട്ട് 5.5 ശതമാനം വർദ്ധിക്കുന്നു (4.83%ൽ നിന്ന് 10.33%ലേക്ക്).

അപ്പോൾ അതാണ് യാഥാർത്ഥ്യം. സിപിഎമ്മിൽ നിന്ന് വലിയ രീതിയിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി പോലുമറിയാതെ ആർഎസ്എസ് സിപിഎമ്മിനായി വോട്ട് മറിച്ചുകൊടുത്തിട്ടും ഇതാണ് സ്ഥിതി എങ്കിൽ അതിനെ മറച്ചുവെക്കാൻ കോടിയേരി ബാലകൃഷ്ണൻ എത്ര ശ്രമിച്ചാലും കഴിയില്ല. തീർത്തും രാഷ്ട്രീയപരമായ പ്രചരണമാണ് ഈ തെരഞ്ഞെടുപ്പ് വേളയിലുടനീളം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ചിട്ടുള്ളത്.

തന്റെ മണ്ഡലത്തിലെ വോട്ടുകൾ എങ്ങോട്ടെക്കെയാണ് പോയതെന്നും അതിലെ വ്യതിയാനങ്ങളും കൃത്യമായി പഠിച്ചു കൊണ്ടാണ് ബൽറാം മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനാകുന്നത്. രാഷ്ട്രീയവോട്ടുകളുടെ ചായ്വ് ചരിവുകളെ കുറിച്ച് വിജയിച്ചു കഴിഞ്ഞാൽ ചിന്തിക്കാതിരുന്ന മറ്റ് എംഎൽഎ മാരിൽ നിന്നും ബൽറാം വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പലകോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരിൽ ഏറെ മുമ്പിലാണ് ബൽറാം.

മറ്റ് എംഎൽഎമാരെല്ലാം തന്നെ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്താൻ മറ്റൊരാളുടെ സഹായം തേടുന്നിടത്താണ് ബൽറാം വ്യത്യസ്തനാകുന്നതും. സ്വന്തം ഫേസ്‌ബുക്ക് പേജ് സ്വയം കൈകാര്യം ചെയ്യുന്ന അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണ് ബൽറാമിന്റേത്. ചരിത്രത്തിലെ കാര്യങ്ങൾ ഓർത്തെടുത്ത് രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നതിലും ബൽറാം മിടുക്കനാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ദിവസം നൽകിയ പരസ്യങ്ങളുടെ ചെലവ് സിപിഐ(എം) വഹിക്കണമെന്ന വാദം ഉന്നയിക്കാൻ മുമ്പ് എകെ ആന്റണിക്ക് വേണ്ടി കോൺഗ്രസ് നടത്തിയ ഇടപെടലായിരുന്നു അദ്ദേഹം ഉദാഹരിച്ചത്.

പ്രതിപക്ഷ എംഎംഎ എന്ന നിലയിൽ എൽഡിഎഫ് സർക്കാറിന് ഏറ്റവും അധികം തലവേദന ഉണ്ടാക്കുന്നവരിൽ ഒരാളായി ബൽറാം മാറുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തുണ്ടായിരുന്നതെങ്കിലും ഭരണപക്ഷത്തെ ശരിക്കും വെട്ടിലാക്കിയത് വിഡി സതീശനായിരുന്നു. ഇത്തവണ സതീശനൊപ്പം ബൽറാമും കൂടി ചേരുന്നതോടെ സൂക്ഷ്മതയോടെ തന്നെയേ ഭരണപക്ഷത്തിനും കരുക്കൾ നീക്കാൻ സാധിക്കുകയുള്ളൂ.