ഗെയ്ൽ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്മെന്റ് തന്നെ തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സ്ഥലമെടുപ്പിൽ ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസമേകാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്നു.

1) ഗെയ്ൽ ഏറ്റെടുക്കുന്ന 20 മീറ്റർ വീതിയിലെ സ്ഥലം ഇനി ഏതായാലും കാര്യമായ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ വിൽക്കാനോ ഉടമകൾക്ക് കഴിഞ്ഞുവെന്ന് വരില്ല. ഭൂമി തുണ്ടുതുണ്ടായി മാറിക്കഴിഞ്ഞിരിക്കുന്ന, അങ്ങേയറ്റം ജനസാന്ദ്രമായ കേരളം പോലുള്ള ഒരു നാട്ടിൽ ഇത് ചെറുകിട ഭൂവുടമകൾക്ക് അങ്ങേയറ്റം ദോഷകരമാണ്. ആയതിനാൽ സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നൽകുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വർഷവും ഉടമകൾക്ക് ആന്യുറ്റി ആയി നൽകുക. സ്ഥലം വിട്ടുനൽകുന്നവർക്ക് ഇതൊരു ഉപജീവനമാർഗ്ഗമായി മാറും.

2) സുരക്ഷയേക്കുറിച്ചുള്ള ആശങ്കകൾ ഇന്നും ശക്തമാണ്. മുൻകാലത്ത് സിപിഎമ്മിന്റെ അടക്കം നേതാക്കൾ ഗെയ്ൽ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത് പ്രചരിപ്പിച്ച് പൊലിപ്പിച്ച 'വാതക ബോംബ്' എന്നൊക്കെയുള്ള ഭീഷണികൾ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും പ്രബലമാണ്. ഭരണം മാറുന്നതിനനുസരിച്ച് ഒറ്റയടിക്ക് നിലപാട് മാറ്റേണ്ട അവസ്ഥ സാധാരണ ജനങ്ങൾക്കില്ലല്ലോ! ആയതിനാൽ അത്തരം ആശങ്കൾ അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങൾ നൽകാനും സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉൾപ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങൾ ഉണ്ടാക്കാനും സർക്കാർ ഔദ്യോഗികമായിത്തന്നെ കടന്നുവരണം.

3) പാലക്കൽപീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സർക്കാർ തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ എടുത്തിട്ടുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കണം.

ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമർത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്.