കോഴിക്കോട്: പ്രമുഖ സിപിഐ(എം) നേതാവ് വി വി ദക്ഷിണാമൂർത്തി അന്തരിച്ചു. 82 വയസായിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്.

ബുധനാഴ്ച വൈകിട്ട് 3.30 ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ചതിനാൽ കോഴിക്കോട് പിവിഎസിലും മിംസിലും ചികിത്സയിലായിരുന്നു. തുടർന്ന് പാലേരിയിലെ വീട്ടിലേക്ക് തിരിച്ചുപോയെങ്കിലും അസുഖം അധികരിച്ചപ്പോഴാണ് സഹകരണയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

ഏറെക്കാലം സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. ഐക്യ മലബാർ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പഠനത്തിനു ശേഷം അദ്ധ്യാപകനായി. കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയൻ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായിരുന്നു.

മികച്ച പാർലമെന്റേറിയൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ദക്ഷിണാമൂർത്തി സംസ്ഥാനത്തെ അദ്ധ്യാപക പ്രസ്ഥാനത്തിന്റെ മുൻനിരനേതാവായിരുന്നു. മാർക്‌സിയൻ ദർശനത്തിൽ ആഴത്തിൽ അറിവുള്ള അദ്ദേഹം സംഘടനാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. പത്രാധിപരെന്ന നിലയിൽ ദേശാഭിമാനി പത്രത്തിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ചു. 19 വർഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു. ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്‌ളിഷിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്. 1965, 67, 80 വർഷങ്ങളിൽ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സിപിഐ എം നിയമസഭാ വിപ്പുമായിരുന്നു.

ചെത്തുതൊഴിലാളികൾ, അദ്ധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടംതൊഴിലാളികൾ തുടങ്ങി വിവിധവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. മലബാർ ദേവസ്വം എംപ്‌ളോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീർഘകാലം കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1934 ൽ പനക്കാട്ടാണ് ജനനം. അച്ഛൻ: പരേതനായ ടി ആർ വാര്യർ. അമ്മ: പരേതയായ നാരായണി വാരസ്യാർ. ഭാര്യ: റിട്ടയേഡ് അദ്ധ്യാപിക ടി എം നളിനി. മക്കൾ: മിനി (അദ്ധ്യാപിക, മാനിപുരം എയുപി സ്‌കൂൾ), അജയകുമാർ (അദ്ധ്യാപകൻ, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ളാം പോളിടെക്‌നിക്), ആർ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ).

മരുമക്കൾ: എ ശിവശങ്കരൻ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ, കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ്), ശ്രീകല കൊടശേരി (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയർസെക്കൻഡറി സ്‌കൂൾ), പ്രിയ പേരാമ്പ്ര (അദ്ധ്യാപിക, ജെഡിടി ഇസ്‌ളാം ഹയർസെക്കൻഡറി സ്‌കൂൾ, വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: ദേവകി വാരസ്യാർ, ശാരദ വാരസ്യാർ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാർ (ഗുരുവായൂർ), പരേതരായ ലീല വാരസ്യാർ (പനക്കാട്), യശോദ വാരസ്യാർ (തളിപ്പറമ്പ്), ശൂലപാണി വാര്യർ (മരുതോങ്കര).

1950-ൽ 16-ാമത്തെ വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. 26 വർഷം സ്‌കൂൾ അദ്ധ്യാപകനായി. 1982 ൽ വടക്കുമ്പാട് ഹൈസ്‌കൂളിൽനിന്ന് സ്വമേധയാ വിരമിച്ചു. അതേ വർഷം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിൽവാസമനുഭവിച്ചു. 1968ൽ എ കെ ജിയുടെ നേതൃത്വത്തിൽ കാസർകോട്ട് നിന്നാരംഭിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. 1969 ഡിസംബർ ഒന്നിന് നടന്ന കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റിങ് സമരത്തിൽ ക്രൂരമായ പൊലീസ് മർദനത്തിനിരയായി.