- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരം മെഡിക്കൽ കോളജിൽ മകൾക്കായി 40 ലക്ഷത്തിന് എൻആർഐ സീറ്റ് തിരിമറി നടത്തിയ രമേശനെ കാഞ്ഞങ്ങാട് നഗരപിതാവാക്കാൻ {{സിപിഎം}}; കരുണാർദ്ര ഭൂതകാലം മേമ്പൊടിയായി പ്രചരിപ്പിച്ച് അണികൾ
കാസർഗോഡ്: കേഡർ പാർട്ടികൾ അച്ചടക്ക നടപടി എടുത്താൽ നടപടിക്ക് വിധേയമായവർ പിന്നീട് പഴയ നിലയിലെത്താൻ കാലമേറെ കഴിയേണ്ടി വരും. എന്നാൽ നേതൃത്വത്തിന്റെ വിശ്വസ്തരായാൽ പാർട്ടി അണികളെ ബോധ്യപ്പെടുത്താൻ മാത്രമായിരിക്കും നടപടി. അവർക്കുള്ള ഇരിപ്പിടം പാർട്ടി നേതൃത്വം നേരത്തെത്തന്നെ കണ്ടുവച്ചിരിക്കും. കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഐ.(എം) അത്തരമൊര
കാസർഗോഡ്: കേഡർ പാർട്ടികൾ അച്ചടക്ക നടപടി എടുത്താൽ നടപടിക്ക് വിധേയമായവർ പിന്നീട് പഴയ നിലയിലെത്താൻ കാലമേറെ കഴിയേണ്ടി വരും. എന്നാൽ നേതൃത്വത്തിന്റെ വിശ്വസ്തരായാൽ പാർട്ടി അണികളെ ബോധ്യപ്പെടുത്താൻ മാത്രമായിരിക്കും നടപടി. അവർക്കുള്ള ഇരിപ്പിടം പാർട്ടി നേതൃത്വം നേരത്തെത്തന്നെ കണ്ടുവച്ചിരിക്കും.
കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഐ.(എം) അത്തരമൊരു കസേര ഒരുക്കി കാത്തിരിപ്പാണ്. മുൻ ഡിവൈഎഫ്ഐ.സംസ്ഥാന ട്രഷറർ വി.വി. രമേശനാണ് അത്തരമൊരു സൗഭാഗ്യം കൈവന്നത്.
രമേശനെ കാഞ്ഞങ്ങാട് നഗരസഭയുടെ പിതാവാക്കാൻ പാർട്ടി തീരുമാനം എടുത്തിരിക്കയാണ്. ഡിവൈഎഫ്ഐ. സംസ്ഥാന ഭാരവാഹിയായിരിക്കുമ്പോൾ രമേശൻ പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ ഡയറക്ടറും കൂടിയായിരുന്നു. മകൾക്ക് എൻ.ആർ.ഐ.സീറ്റ് തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രമേശൻ പാർട്ടി നടപടിക്ക് വിധേയനായിരുന്നു.
പരിയാരം മെഡിക്കൽ കോളേജിലെ എൻ.ആർ.ഐ.ക്വാട്ടയിൽ 40 ലക്ഷം രൂപ നൽകി മകൾക്ക് മെഡിക്കൽ സീറ്റ് തരപ്പെടുത്തിയെന്നായിരുന്നു രമേശനെതിരെയുള്ള ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പാർട്ടി സമിതി രമേശനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. അങ്ങനെ ഡിവൈഎഫ്ഐ.യിലെ നേതൃസ്ഥാനം രമേശനിൽ നിന്നും എടുത്തുമാറ്റി.
40 ലക്ഷം രൂപ മെഡിക്കൽ സീറ്റിന് നൽകാൻ രമേശന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നും എതിരാളികൾ ആക്ഷേപമുന്നയിച്ചിരുന്നു. റിയൽ എസ്‌റ്റേറ്റ് ബന്ധമാണ് ഇതിനു പിറകിലെന്നും ആരോപണമുണ്ടായി. പരിയാരം മെഡിക്കൽ കോളേജ് ഭരണസമിതിയുടെ അറിവോടെയാണ് സീറ്റ് തരപ്പെടുത്തലും മറ്റും നടന്നതെങ്കിലും ആരോപണം പുറത്ത് വിവാദമായപ്പോഴാണ് പാർട്ടി നടപടി എടുത്തത്. അതുവരെ തിളങ്ങി നിന്ന രമേശൻ പാർട്ടി നടപടികൾ വന്നതോടെ പ്രാദേശിക തലത്തിൽ തളയ്ക്കപ്പെട്ടു. 2011 ലാണ് രമേശനെ പാർട്ടി തരം താഴ്‌ത്തിയത്.
നേതൃത്വത്തിന്റെ വിശ്വസ്തനായിരുന്ന രമേശൻ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. നടപടിക്ക് വിധേയനായപ്പോഴും സംസ്ഥാന- ജില്ലാ നേതാക്കളുമായും രമേശൻ നല്ല അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രമേശൻ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ രമേശന്റെ രാഷ്ട്രീയവഴി തെളിയുകയായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കനത്ത സമ്മാനമാണ് നേതൃത്വം നൽകുന്നത്. കാഞ്ഞങ്ങാട് നഗരഭരണത്തിന്റെ ചുക്കാൻ രമേശന് നൽകുകയാണ് സിപിഐ.(എം).
ഇപ്പോൾ രമേശന്റെ പഴയ കഥ പാർട്ടിക്കകത്തും പുറത്തും പ്രചരിക്കുകയാണ്. ദരിദ്ര കുടുംബത്തിലെ അംഗമായ രമേശൻ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പഠിക്കാൻ വേണ്ടി പാർട്ട് ടൈം സ്വീപ്പറായി ജോലിചെയ്തതും ആറു വർഷത്തോളം ആ ജോലി തുടർന്നതും കാതോട് കാത് പ്രചരിക്കുകയാണ്.
എസ്.എഫ്.ഐ.ഏരിയാ ഭാരവാഹിയായിരുന്നപ്പോൾ കോളേജ് അവധിക്കാലം ബസ്സ് കണ്ടക്ടറായും രമേശൻ പ്രവർത്തിച്ചിരുന്നുവേ്രത. അമ്മ കാർത്ത്യായനിക്കൊപ്പം കെട്ടിട നിർമ്മാണ തൊഴിലാളിയായി രമേശൻ ജോലിചെയ്ത കാര്യവും അണികൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. പാർട്ടി പ്രവർത്തനത്തിന് പുറമേ കാഞ്ഞങ്ങാട് ഖാദി വസ്ത്രാലയം ആരംഭിച്ചതുമൊക്കെ പ്രചരണത്തിൽപ്പെടുന്നു. പി.കരുണാകരൻ എംപി.യും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും കൈപിടിച്ച് പാർട്ടിയിലേക്ക് കൊണ്ടുവന്നെന്നും പ്രചരിക്കുന്നുണ്ട്.
എന്നാൽ പരിയാരം മെഡിക്കൽ കോളേജിലെ എൻ.ആർഎ.സീറ്റ് തിരിമറിക്ക് 40 ലക്ഷം രൂപ ഈ ദാരിദ്ര്യാവസ്ഥയിൽ എങ്ങനെയുണ്ടാക്കിയെന്ന് ആരും പറയുന്നില്ല. കാലം മാറി, പാർട്ടി നടപടിയും തരം താഴ്‌ത്തലും ഒക്കെ പഴയ കഥ. ഇനി വി.വി. രമേശൻ നഗരപിതാവാണ്. വടക്കേ മലബാറിലെ പ്രധാന നഗരമായ കാഞ്ഞങ്ങാടിന്റെ ചെയർമാൻ.