തിരുവനന്തപുരം:അനധികൃത സ്വത്ത് കേസിൽ കരുങ്ങിയ തൊഴിൽ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടോം ജോസിനെ സർക്കാർ സസ്‌പെൻഡ് ചെയ്‌തേക്കും. ടോം ജോസിനെ സർവീസിൽ നിന്ന് മാറ്റിനിറുത്തണമെന്ന ശുപാർശയോടെ വിജിലൻസ് മേധാവി ഡോ. ജേക്കബ് തോമസ് നാളെ സർക്കാരിന് റിപ്പോർട്ട് നൽകും. നേരത്തേ അനധികൃത സ്വത്തുസമ്പാദനക്കേസിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിനെ വിജിലൻസ് ശുപാർശയിൽ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പി: കെ.രാജേന്ദ്രനുമെതിരെയും സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ടോം ജോസിനെ രക്ഷിക്കാനാണ് ഈ റെയ്‌ഡെന്ന സൂചനയാണ് വിജിലൻസിൽ നിന്നും ലഭിക്കുന്നത്.

കെഎം എബ്രഹാമിനേയും വിജിലൻസ് ഡയറക്ടറേയും തമ്മിലടിപ്പിച്ച് തനിക്കെതിരായ കേസുകൾ ഇല്ലാതാക്കുകയായിരുന്നു ടോം ജോസിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡുമായി തനിക്ക് പങ്കില്ലെന്ന് ജേക്കബ് തോമസ് തുറന്നു പറഞ്ഞത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റെയ്ഡ് നടന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ ടോം ജോസിനെതിരെ നടപടി ശക്തമാക്കി. റെയ്ഡുകളിലൂടെ രേഖകൾ പിടിച്ചെടുത്തു. തീർത്തും അപ്രതീക്ഷിതമായിരുന്നു ഇത്. അതിനിടെ യഥാർത്ഥ വരുമാനത്തിൽ നിന്ന് 62.35ശതമാനം അധിക വരുമാനമുണ്ടാക്കിയെന്ന് വിജിലൻസ് കണ്ടെത്തിയ ടോം ജോസിനെ പ്രതിയാക്കി മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് എഫ്.ഐ.ആർ നൽകിയിട്ടുണ്ട്.

2010മുതൽ 2016വരെ 1.19കോടി രൂപയുടെ അനധികൃത സ്വത്തുണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആറുവർഷത്തെ ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളിൽ ഏറെ ദുരൂഹതകളുണ്ടെന്നാണ് വിജിലൻസ് നിഗമനം. പ്രവാസി മലയാളിയായ കോട്ടയം പാലാ രാമപുരം വെള്ളിലാപ്പള്ളി സ്വദേശി അനിതാ ജോസുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ഏറെ സംശയമുണ്ടാക്കുന്നത്. ഇവർ ടോം ജോസിന്റെ ബിസിനസ് പങ്കാളിയാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ അനിതയുമായി ചേർന്ന് ടോം ജോസിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇടപാടുകൾ കൂടുതലും ടോം ജോസാണ് നടത്തിയിട്ടുള്ളത്. അനിതയുടേതെന്ന് കരുതുന്ന പാസ്ബുക്ക് വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ടോം ജോസ് സർവീസിൽ തുടരുന്നത് ഇതിന് തടസമാവും. സംശയനിവാരണത്തിന് ടോം ജോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വിശദമായ മൊഴിയെടുക്കൽ. ബാങ്ക് ഇടപാടുകളുടെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും നേരത്തെ അവിഹിത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടു പൊതുമരാമത്തു സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിനെ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സസ്‌പെൻഡു ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണു വിജിലൻസ് വിലയിരുത്തൽ.

നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ജേക്കബ് തോമസ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു വൈകാതെ കൈമാറുമെന്നാണു സൂചന. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും വിജിലൻസ് പരിശോധിച്ചു തുടങ്ങി. ഇപ്പോൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ടോം ജോസിന്റെ മൊഴി വിജിലൻസ് വീണ്ടും രേഖപ്പെടുത്തും. ഇദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കു കത്തു നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ഫ്‌ലാറ്റിൽ ചട്ടവിരുദ്ധമായി പരിശോധന നടത്തിയ സ്‌പെഷൽ സെൽ എസ്‌പി: രാജേന്ദ്രനെതിരെ നടപടി വരുന്നത്. നാളെ തന്നെ മറുപടി നൽകാൻ കുറ്റാരോപണ മെമോയിൽ രാജേന്ദ്രനോട് ആവശ്യപ്പെട്ടു. കെ.എം.ഏബ്രഹാമിന്റെ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഇദ്ദേഹത്തിനു വെള്ളിയാഴ്ച വിജിലൻസ് എഡിജിപി: ഷേയ്ക്ക് ദർവേഷ് സാഹിബ് മെമോ നൽകിയത്.

പ്രാഥമിക അന്വേഷണം നടക്കുമ്പോൾ വിജിലൻസ് വീട്ടിൽ റെയ്ഡ് നടത്താറില്ലെന്നും തന്റെ ഭാര്യ മാത്രമുള്ളപ്പോൾ വനിതാ പൊലീസ് ഇല്ലാതെയാണ് ഏഴംഗ സംഘം പരിശോധിച്ചതെന്നും ഏബ്രഹാം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ തുറമുഖ ക്രമക്കേടുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധനാ റിപ്പോർട്ട് അന്തിമ ഘട്ടത്തിലെത്തി നിൽക്കെ തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണു റെയ്‌ഡെന്നും ഏബ്രഹാം കത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല, റെയ്ഡു കഴിഞ്ഞു പുറത്തിറങ്ങിയ വിജിലൻസ് ഉദ്യോഗസ്ഥർ തങ്ങൾ നിസ്സഹായരാണെന്നും മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചതാണെന്നും ഏബ്രഹാമിന്റെ ഭാര്യയോടു പറഞ്ഞു.

അതിനിടെ കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിക്കു വർഷം തോറും നൽകേണ്ട സ്വത്തു വിവര പത്രിക ഏബ്രഹാം 1988 മുതൽ 1994 വരെ നൽകിയിട്ടില്ലെന്നും കൊല്ലത്തു മൂന്നു നില ഷോപ്പിങ് കോംപ്‌ളക്‌സ് നിർമ്മിച്ചതിന്റെ കണക്കു കാണിച്ചിട്ടില്ലെന്നും ജോമോൻ മൊഴി നൽകി. ഏബ്രഹാമിന്റെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് അദ്ദേഹത്തിന്റെ സമയം ചോദിക്കും.