- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ആശ്വാസം; രണ്ട് ഡോസ് വാക്സിനെടുത്ത താമസ വീസയുള്ള ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകി യുഎഇ; ഓഗസ്റ്റ് അഞ്ചു മുതൽ തിരികെ മടങ്ങാം; വിജ്ഞാപനം പുറപ്പെടുവിച്ച് യുഎഇ ദുരന്ത നിവാരണ അഥോറിറ്റി
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാവിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും താമസവീസക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ. ചൊവ്വാഴ്ചയാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അഥോറിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശിക്കാനാവില്ല.
ഇന്ത്യ,പാക്കിസ്ഥാൻ, ശ്രീലങ്ക നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാൻ. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയിൽ വേണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിക്കുന്നു.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്കേർപ്പെടുത്തയതിനെ തുടർന്ന് മറ്റു രാജ്യങ്ങൾ വഴി ലക്ഷങ്ങൾ ചെലവാക്കിയാണ് പ്രവാസികൾ നിലവിൽ യുഎയിലേക്ക് പ്രവേശിച്ചിരുന്നത്. താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന യുഎഇയുടെ തീരുമാനം പ്രവാസികൾ വലിയ ആശ്വാസം നൽകും.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ അവസാനത്തോടെയാണ് യുഎഇ ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയത്.
യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, യുഎഇയിലെ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, യുഎഇയിലെ വിദ്യാർത്ഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവൺമെന്റ് ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും ഓഗസ്റ്റ് അഞ്ച് മുതൽ യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
ഇവരിൽ വാക്സിൻ സ്വീകരിക്കാത്തവർക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020ൽ പങ്കെടുക്കുന്നവർ, എക്സിബിറ്റർമാർ, പരിപാടികളുടെ സംഘാടകർ സ്പോൺസർ ചെയ്യുന്നവർ എന്നിവർക്കും യുഎഇയിലേക്ക് അനുമതി നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്