ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ആശങ്കകൾ നിലനിൽക്കെ ഗർഭിണികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ. കോവിൻ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തും വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗർഭിണികൾ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് വാക്സിൻ നയങ്ങളിൽ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കാൻ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.

വാക്സിൻ പരീക്ഷണങ്ങളിൽ ഗർഭിണികളെ ഉൾപ്പെടുത്താത്തതിനാൽ ഗർഭിണികൾക്ക് വാക്സിൻ സുരക്ഷിതമാണോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തിൽ കേന്ദ്രം സ്വീകരിച്ചത്. ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് വാക്സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്നും നിർദ്ദേശമുണ്ട്.

വാക്സിൻ ഗർഭിണികൾക്ക് വിതരണം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിനെടുക്കുന്നത് അവർക്ക് പ്രയോജനപ്പെടും, അവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഗർഭിണികളെ വാക്സിൻ വിതരണത്തിൽ നിന്ന് ഒഴിവാക്കരുതെന്നാണ് എൻടിഎജിഐ-എസ്ടിഎസ്സിയുടെ ശുപാർശ. കാരണം ഇവർക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നതിനെ തുടർന്ന് കുട്ടിക്കോ അമ്മയ്ക്കോ ഉണ്ടായേക്കാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള സംശയവും യോഗത്തിൽ ചർച്ചചെയ്തു. എന്നാൽ വാക്സിനെടുത്താലുണ്ടാകുന്ന വെല്ലുവിളിയേക്കാൾ അതെടുത്താലുണ്ടാകുന്ന പ്രയോജനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നായിരുന്നു യോഗത്തിലുയർന്നുവന്ന അഭിപ്രായം.

ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യാത്തതിനെ നിരവധി രാഷ്ട്രീയ പാർട്ടികൾ ചോദ്യംചെയ്തിരുന്നു. ജൈവികമായ പ്രക്രിയയുടെ പേരിൽ ഗർഭിണികളെ വാക്സിൻ നൽകുന്നതിൽ നിന്ന് മാറ്റി നിർത്തുന്നതെന്തിനെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി ചോദിച്ചിരുന്നു.

ചെറിയ കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ എന്നത് ഇപ്പോഴും ചോദ്യമാണ്. നമുക്ക് കൂടുതൽ ഡേറ്റകൾ ലഭിക്കുന്നത് വരെ കുട്ടികൾക്ക് വലിയ രീതിയിൽ വാക്സിനേഷൻ നടത്താൻ ഉദ്ദേശിക്കുന്നില്ല. കുട്ടികളിൽ പഠനം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ ഫലം വരും. മൂന്നാംതരംഗം രൂക്ഷമാായി ബാധിക്കുക കുട്ടികളെയാണ് എന്ന ആശങ്കയുടെ പുറത്ത് കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിക്കില്ലെന്നും ഡോ. ഭാർഗവ പറഞ്ഞു. ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടനയുടെ നയവും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് വയസ്സുമുതൽ 18 വയസ്സുവരെ പ്രായമുള്ള 525 കുട്ടികളിലാണ് കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് നിലവിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. രണ്ട്-മൂന്നു മാസങ്ങൾക്കുള്ളിൽ ഫലം വരുമെന്നാണ് കരുതുന്നതെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു.