- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വരുന്നതിന്റെ പേരിൽ ആദിവാസി മേഖലയിൽ വാക്സിനേഷൻ ക്യാമ്പ് തട്ടിക്കൂട്ടി; മന്ത്രി പോയതിന് പിന്നാലെ ക്യാമ്പും പൂട്ടിക്കെട്ടി: പ്രഹസനം നടന്നത് റാന്നി അടിച്ചിപ്പുഴയിൽ
വടശേരിക്കര: ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ ആദിവാസി മേഖലയിൽ തട്ടിക്കൂട്ടിയ കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രഹസനമായെന്ന് പ്രദേശവാസികളുടെ പരാതി. ശനിയാഴ്ചയാണ് സംഭവം. കേരളത്തിന് നൽകിയ വാക്സിൻ ഡോസുകൾ ഉപയോഗിച്ചില്ലെന്ന കേന്ദ്രആരോഗ്യ മന്ത്രിയുടെ പരാമർശം വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ സന്ദർശനം. വിമർശനമേറ്റ് വലഞ്ഞതു കൊണ്ടു തന്നെ അന്ന് സംസ്ഥാനമെമ്പാടും കൂടുതൽ ഡോസ് വാക്സിൻ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മന്ത്രിക്ക് വേണ്ടി ഇവിടെ ക്യാമ്പ് നടത്തിയത്.
ശനിയാഴ്‌ച്ച രാവിലെയാണ് അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ വാക്സിൻ വിതരണം ഉണ്ടാകുമെന്ന് പഞ്ചായത്തംഗങ്ങൾ വാർഡിലുള്ള ജനങ്ങളെ അറിയിച്ചത്. വാട്സാപ്പ് സന്ദേശം പടർന്നതോടെ നിരവധി പേരാണ് വാക്സിൻ എടുക്കാൻ കമ്യൂണിറ്റി ഹാളിൽ എത്തിയത്. പതിനെട്ട് വയസ് കഴിഞ്ഞവർക്ക് മുൻഗണന നൽകിയാണ് വാക്സിനേഷൻ ഡ്രൈവ് നടത്തിയത്. അപ്രതീക്ഷിത അറിയിപ്പായിട്ടും നാട്ടുകാർ തടിച്ചു കൂടി. 10, 11 വാർഡുകൾക്ക് വേണ്ടിയാണ് വാക്സിനേഷൻ ഏർപ്പെടുത്തിയത്.
മന്ത്രി എത്തുമെന്നും നാട്ടുകാരെ അറിയിച്ചിരുന്നു. 2.45 ന് മന്ത്രി വരുമെന്ന് അറിയിച്ചു. അതനുസരിച്ച് മന്ത്രി വന്നു. ആ സമയം കുറച്ചാൾക്കാർക്ക് വാക്സിനേഷൻ നൽകി. സന്ദർശനമൊക്കെ കഴിഞ്ഞ് മന്ത്രി പോയതിന് പിന്നാലെ വാക്സിൻ വിതരണം നിർത്തി ആരോഗ്യ പ്രവർത്തകരും സ്ഥലം വിട്ടെന്നാണ് പരാതി. ഇതിനോടകം കേട്ട് അറിഞ്ഞു വന്നവരൊക്കെ നിരാശരായി. ആരോഗ്യ പ്രവർത്തകർ വിതരണം പൂർത്തിയാക്കാതെ മടങ്ങിയത് നാട്ടുകാരെ ചൊടിപ്പിച്ചു.
അത്തിക്കയം കണ്ണമ്പള്ളി പിഎച്ച്സി മന്ത്രി സന്ദർശിക്കുമെന്നും പറഞ്ഞിരുന്നു. ഇത് അറിഞ്ഞ് സി പി എം, സിപിഐ നേതാക്കളും ആരോഗ്യ പ്രവർത്തകരും തയ്യാറെടുപ്പുമായി കാത്തു നിന്നെങ്കിലും മന്ത്രി എത്തിയില്ല. അടിച്ചിപ്പുഴയിലെ പരിപാടിക്ക് ശേഷം മന്ത്രി നേരെ കുരുമ്പന്മൂഴിയിലേക്കാണ് പോയത്. അവിടെ നിന്ന് റാന്നിക്കു മടങ്ങി. മന്ത്രി വരുന്നതിനാൽ പൊടിയും ചെളിയും നിറഞ്ഞ കണ്ണമ്പള്ളി ആശുപത്രി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു .മന്ത്രിയെത്താതിരുന്നതിന് എംഎൽഎ ഓഫീസിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ സ്ഥലത്തെ പ്രാദേശിക പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.എൽ ഡി എഫ് നേതാക്കൾ എം എൽ എ യെ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്