ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ നേട്ടവുമായി ഇന്ത്യ. ഇന്നലെ വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട രാജ്യം മറികടന്നത് ചൈനയുടെ റെക്കോർഡാണ്. പ്രതിദിന വാക്‌സിൻ വിതരണം 2.25 കോടിയിലാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോട് അനുബന്ധിച്ച്, വാക്‌സീൻ വിതരണത്തിൽ ചൈനയുടെ റെക്കോർഡ് തകർത്താണ് കേന്ദ്രസർക്കാറിന്റെ നടപടി.

ജൂൺ 24ന് ചൈനയിൽ 2.47 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തിരുന്നു. ഈ റെക്കോർഡ് മറികടക്കുകയാണ് ലക്ഷ്യം. മോദിയുടെ ജന്മദിനത്തിൽ, കോവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് സൃഷ്ടിക്കാൻ ബിജെപിയുടെ ആരോഗ്യവിഭാഗം വൊളന്റിയർമാർ ഊർജിതശ്രമത്തിലായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്തെ വാക്സിനേഷൻ ഒരു കോടി ഡോസ് പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

വാക്സിനേഷനിൽ രാജ്യം പുതിയ റെക്കോർഡ് തീർക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനമായി നൽകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചത്തെ വാക്‌സിനേഷൻ സംഖ്യയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. 'പ്രതിരോധ കുത്തിവയ്പ് വിജയകരമാക്കാൻ പരിശ്രമിച്ച നമ്മുടെ ഡോക്ടർമാർ, അഡ്‌മിനിസ്‌ട്രേറ്റർമാർ, നഴ്‌സുമാർ, മുന്നണി പോരാളികൾ എന്നിവരെയെല്ലാം അംഗീകരിക്കുക. കോവിഡിനെ തോൽപ്പിക്കാൻ നമുക്ക് പ്രതിരോധ കുത്തിവയ്പ് തുടരാം.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വാക്‌സിനേഷൻ നേട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓഫിസും ഇന്ത്യയെ അഭിനന്ദിച്ചു. ഇതിനുമുൻപ്, ഓഗസ്റ്റ് 27, 31, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിലാണ് ഇന്ത്യ ഒരു കോടിയിലേറെ വാക്‌സീൻ വിതരണം ചെയ്തത്. ദേശീയതലത്തിൽ ജനുവരിയിൽ തുടങ്ങിയ വാക്‌സിനേഷൻ, 85 ദിവസംകൊണ്ടാണ് 10 കോടി പിന്നിട്ടത്. അടുത്ത 45 ദിവസം കഴിഞ്ഞപ്പോൾ 20 കോടിയും അതിനടുത്ത 29 ദിവസംകൊണ്ട് 30 കോടിയും പിന്നിട്ടു.

രാജ്യത്ത് ഓരോ മിനിറ്റിലും 42,000 ഡോസ് വാക്‌സിനാണ് നൽകുന്നതെന്ന് ആരോഗ്യപവർത്തകർ പറയുന്നു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം വാക്‌സിൻ വിതരണം ചെയ്യുന്നത്. രാജ്യത്താകെ ഇപ്പോൾ 78 കോടി കോവിഡ് വാക്‌സിനാണ് നൽകിയത്. ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 59.17 കോടിയാണ്. രണ്ട് ഡോസ് വാക്‌സിനും എടുത്തവർ 19.51 കോടിയാണ്.