തിരുവനന്തപുരം: ഇനി പ്രാധാന്യം നൽകുക കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്. ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഓമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ വാക്‌സിൻ വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പിക്കാനും സംവിധാനമുണ്ടാകും.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും വാക്‌സിൻ നൽകുക. തിങ്കളാഴ്ചമുതൽ ജനുവരി പത്തുവരെ ഇത്തരത്തിൽ വാക്‌സിൻ വിതരണം ചെയ്യും. കുട്ടികളുടെ വാക്‌സിനേഷൻകേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. മുതിർന്നവരുടെ വാക്‌സിനേഷൻകേന്ദ്രത്തിന് നീലനിറത്തിലുള്ള ബോർഡുണ്ടാകും. വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശനകവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്‌സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഈ നിറങ്ങളിലുള്ള ബോർഡുകളുണ്ടാകും.

15മുതൽ 18വരെ വയസ്സുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ചമുതലാണ് വാക്‌സിൻ വിതരണം ആരംഭിക്കുക. കുട്ടികൾക്ക് കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിൻ നൽകാൻ പ്രത്യേകസംഘത്തെ നിയോഗിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത് വാക്‌സിനേഷനു പോകുന്നതായിരിക്കും നല്ലതെന്ന് അധികൃതർ പറഞ്ഞു. രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വാക്‌സിനേഷൻകേന്ദ്രങ്ങളിൽ രജിസ്റ്റർചെയ്ത് വാക്‌സിൻ സ്വീകരിക്കാം.

ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും 18-നുമുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിലാകും മുതിർന്നവർക്ക് വാക്‌സിൻ നൽകുക. കുട്ടികൾക്ക് നൽകുന്നത് കോവാക്‌സിൻ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള പ്രത്യേക മുൻകരുതലുകളും ഉണ്ടാകും.

സ്മാർട്ട് ഫോൺ/കമ്പ്യൂട്ടർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സാധിക്കാത്തവർക്കു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാം. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത കൗമാരക്കാരെ വിദ്യാഭ്യാസവകുപ്പ് സഹായിക്കും. വാക്സിൻ സ്വീകരിച്ചവരുടെയും സ്വീകരിക്കാത്തവരുടെയും എണ്ണം വിദ്യാഭ്യാസസ്ഥാപനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കു നൽകണം. പകർപ്പ് ആർ.സി.എച്ച്. ഓഫീസർക്ക്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.