മലപ്പുറം: പ്രതിരോധ കുത്തിവെപ്പിനെതിരേ പ്രചാരണം നടത്തുന്നവർക്ക് നടപടിയുണ്ടാകുമെന്നത് വെറും വാക്കല്ല., ജില്ലാ കലക്ടറുടെ ഉത്തരവിനു പിന്നാലെ കുത്തിവെയ്‌പ്പിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ മലപ്പുറത്ത് നടപടി തുടങ്ങി.

മീസൽസ്, റൂബെല്ല പ്രതിരോധ കുത്തിവെയ്‌പ്പുകൾക്കെതിരെ വാട്സ് ആപ്പിലൂടെ ശബ്ദു സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെയാണ് കേസെടുത്തത്. പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കുന്നവരുടെ എണ്ണം മലപ്പുറം ജില്ലയിൽ കുറവായ സാഹചര്യത്തിൽ വിവിധ കാമ്പയിനുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ വാക്സിൻ വിരുദ്ധർ പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത്.

കുത്തിവെപ്പിനെതിരെ വാട്സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ച ഒതുക്കുങ്ങൽ സ്വദേശി അമീരിനെതിരെ കോട്ടക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയെ തുടർന്നായിരുന്നു നടപടി. വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് കേസ്. മുണ്ടോത്ത് പറമ്പ് യു.പി സ്‌കൂളിൽ നടന്ന കുത്തിവെപ്പ് ബോധവൽക്കണര പരിപാടിയിൽ ഇയാൾ പങ്കെടുത്ത് സംശയങ്ങൾ ഉന്നയിച്ചിരുന്നു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ആർക്കും തന്റെ സംശയങ്ങൾക്ക് ഉത്തരം നൽകാനായില്ലെന്നും ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ടപ്പോയാണ് ഡി.എം.ഒ പരാതി നൽകിയത്. കർശന നടപടിയുണ്ടാകുമെന്ന ജില്ലാ കലക്ടർ അമിത് മീണയുടെ അറയിപ്പ് ഇതോടെ യാഥാർത്ഥ്യമായിരിക്കുകയാണ്.

മത, സാമൂഹിക, സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികൾ അദ്ധ്യാപകർ എന്നിവരുടെയും സഹായത്തോടെയാണ് നിലവിൽ പ്രതിരോധ കുത്തിവെയ്‌പ്പുകൾ നടപ്പാക്കുന്നത്. എന്നാൽ വലിയൊരു വിഭാഗം ജനങ്ങളും ഇത്തരം പ്രചാരണങ്ങളിൽപ്പെട്ട് കുട്ടികളെ കൊണ്ട് കുത്തിവെയ്‌പ്പ് എടുക്കാത്തവരാണ്. വിവിധ മുസ്ലിം മത പണ്ഡിതന്മാർ കുത്തിവെയ്‌പ്പെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ സർക്കാറിന്റെ മീസൽസ്, റുബെല്ല കാമ്പയിനിന്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോഴും പ്രതിരോധ കുത്തിവെയ്‌പ്പിൽ ആശങ്കയും സംശയങ്ങളുമായി ഒരു വിഭാഗം ജനത കഴിയുന്നുണ്ട്. ഇവരെ വീണ്ടും സംശയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ് വാക്സിൻ വിരുദ്ധരുടെ ലക്ഷ്യം. കുത്തിവെയ്‌പ്പിനെതിരെ പ്രചാരണം ശക്തമാക്കാൻ സംഘടിത നീക്കങ്ങൾ തന്നെ മലപ്പുറത്ത് നടത്തുന്നുണ്ട്.

പ്രകൃതി ചികിത്സകരും സമാന്തര ചികിത്സാ മേഖലയിലുള്ളവരുമാണ് വാക്സിൻ വരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരിൽ അധികവും. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ തുടങ്ങുന്നതോടെ ഇതിന് അറുതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.