- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സീൻ ചാലഞ്ചിലൂടെ ലഭിച്ചത് 817 കോടി രൂപ; കേരളം നേരിട്ട് വാക്സിൻ വാങ്ങിയത് 29 കോടിക്ക്; കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടിയും വിനിയോഗിച്ചു; കണക്കു പുറത്തുവിട്ടു സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന സർക്കാർ വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി 29.29 കോടി രൂപ ചെലവഴിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ കെ.ജെ.മാക്സി എംഎൽഎ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങൾക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സീനാണ് സർക്കാർ നേരിട്ടു സംഭരിച്ചത്. ഇതിൽ 8,84,290 ഡോസിന്റെ വിലയാണ് ഇതുവരെ നൽകിയിട്ടുള്ളതെന്നാണ് കണക്കുകൾ പറയുന്നത്.
അതേസമയം, സംസ്ഥാനത്തെ മൂന്നു ദിവസത്തെ വാക്സീൻ യജ്ഞം പുരോഗമിക്കുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളിലെ എല്ലാവരെയും പരിശോധിച്ച ശേഷം കോവിഡ് നെഗറ്റീവ് ആയ മുഴുവൻ പേർക്കുമാണ് വാക്സീൻ നൽകുക. ശനിയാഴ്ച തുടങ്ങിയ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് തിങ്കളാഴ്ചയും തുടരും. ദിവസം 5 ലക്ഷം വാക്സീനാണ് വിതരണം ചെയ്യുന്നത്
രാജ്യത്തെ നിലവിലുള്ള വാക്സിൻ നയം പ്രകാരം 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു. 18-നും 44-നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാന സർക്കാരുകൾ കമ്പനികളിൽനിന്ന് വാക്സിൻ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രസർക്കാർ നയപരമായ തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്നാണ് വാക്സിൻ വാങ്ങിയത്. പിന്നീട് കേന്ദ്രം നയംമാറ്റുകയും വാക്സിൻ സൗജന്യമാക്കുകയുമായിരുന്നു.
അതേസമയം ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിലൂടെ ഞായറാഴ്ച വരെ 24,16,706 പേർക്ക് വാക്സിൻ നൽകി. ആദ്യ ദിവസങ്ങളിൽ വാക്സിൻ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ വാക്സിൻ ലഭ്യമായതോടെ എണ്ണം വർധിച്ചു. തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷൻ യജ്ഞം നടത്തിയത്. ഞായറാഴ്ച 3,24,954 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,95,294 പേർക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയതായും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്തിന് ഞായറാഴ്ച അഞ്ചുലക്ഷം ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായി. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തുവരുന്നു. 1220 സർക്കാർ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1409 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,42,66,857 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,75,79,206 പേർക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ