- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22 ലക്ഷം; കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ മുമ്പും തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിനെടുത്തവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസം സംഭാവനയായി നൽകിയത് 22ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇത് കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ മുമ്പും തിരിച്ചറിഞ്ഞതാണ്. ഈ ഒരു ഘട്ടത്തിൽ പലരും തയ്യാറായി മുന്നോട്ടു വരുന്നുവെന്നതാണ് നമ്മൾ കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലാണ്. സിഎംഡിആർഎഫിലേക്ക് ഇന്ന് വൈകിട്ട് നാലരവരെ വാക്സിനെടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്', മുഖ്യമന്ത്രി പറഞ്ഞു
പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാവും. ഇതിന്റെ മൂർത്ത രൂപം നാളെ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വേറിട്ട പ്രതിഷേധ കാമ്പയിൻ കഴിഞ്ഞ ദിവസം ആരംഭിച്ചത്. സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവർ ഒരു ഡോസിന് 400 രൂപ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് കാമ്പയിൻ. വാക്സിൻ ചലഞ്ച് എന്നാണ് പുതിയ കാമ്പയിന്റെ പേര്.
വാക്സിൻ പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുകയും വാക്സിൻ വിതരണത്തിൽനിന്ന് കേന്ദ്രസർക്കാർ ഭാഗികമായി പിൻവാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്സിൻ വിതരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികൾക്കും ആശുപത്രികൾക്കും ലാഭംകൊയ്യാൻ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിൻ ആരോപിക്കുന്നു.
കമ്പനികളിൽനിന്ന് നേരിട്ട് സംസ്ഥാന സർക്കാർ വാക്സിൻ വാങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രസർക്കാർ നിർദ്ദേശം. കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡ് വാക്സിന്റെ വിലവിവരം കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലുമാണ് വാക്സിൻ ലഭ്യമാകുക.
വാക്സിൻ സൗജന്യമായി നൽകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവർക്കും സൗജന്യവാക്സിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് vaccinechallenge എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ സജീവമായിരിക്കുന്നത്. വാക്സിൻ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളികളായത്.
മറുനാടന് മലയാളി ബ്യൂറോ