- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടെയും ആഹ്വാനമില്ലാതെ വാക്സിൻ ചലഞ്ച് ഹിറ്റായി; നാല് ദിവസം പിന്നിട്ടപ്പോൾ നിധിയിൽ ഒരുകോടി രൂപ കവിഞ്ഞു; പൈസ ഇല്ലാത്തതുകൊണ്ട് ഒരാൾക്ക് പോലും വാക്സിൻ കിട്ടാതെ വരരുതെന്ന് സോഷ്യൽ മീഡിയ; ചലഞ്ച് ഏറ്റെടുത്ത് സിപിഎം; സൗജന്യവാക്സിൻ നൽകിയിട്ട് പണപ്പിരിവെന്ന് എതിർപക്ഷവും
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് കൈത്താങ്ങാവുന്ന വാക്സിൻ ചലഞ്ചിന് ആവേശകരമായ പ്രതികരണം.സൗജന്യമായി വാക്സിനെടുത്തവർ വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന ക്യാമ്പയിൻ വിജയകരമായി എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണിക്കുന്നത്. ബുധനാഴ്ച തുടങ്ങിയ ക്യാമ്പയിൻ നാല് ദിവസം പിന്നിട്ടപ്പോൾ ഒരുകോടിരൂപ കവിഞ്ഞു.
സംസ്ഥാന സർക്കാരുകൾ വാക്സിൻ വലിയ വില കൊടുത്തുവാങ്ങണമെന്ന കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയുള്ള പ്രതിഷേധമാണ് ഒരുകൂട്ടർക്ക്. വാക്സിൻ സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുൻനിർത്തിയും മിക്കവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നുണ്ട്. നാളെ പൈസ ഇല്ലാത്തതുകൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്. പണം നൽകി വാക്സിൻ വാങ്ങിക്കാൻ ശേഷിയുള്ളവരാണ് സൗജന്യ വാക്്സിൻ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അതിന്റെ പൈസ സംഭാവനയായി നൽകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വ്യാഴാഴ്ച മാത്രം ഏഴായിരത്തോളം പേരിൽ നിന്ന് മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് എത്തിയത്. എന്നാൽ സംഭാവന നൽകിയവർ, അതിന്റെ രസീത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു തുടങ്ങിയതോടെ, വാക്സിൻ ചലഞ്ച് എന്ന ഹാഷ് ടാഗിൽ സംഗതി അതിവേഗം വൈറലായി. ഇന്ന് ഉച്ചയ്ക്കു ശേഷം വരെ മാത്രം അറുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപ കൂടി എത്തിയതോടെ കേരളത്തിന് വാക്സിൻ വാങ്ങാനുള്ള സഹായപ്രവാഹം ഒരു കോടി കടക്കുകയായിരുന്നു.
വീട്ടുകാർക്കൊപ്പം സൗജന്യ വാക്സീൻ എടുക്കുമ്പോൾ രണ്ടു ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ മുന്നോട്ടുവെച്ച സന്ദേശം. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകൾ അതേറ്റെടുത്തതോടെ സംഗതി വലിയ വിജയമായി മാറി.സംഗീത സംവിധായകൻ ഗോപി സുന്ദർ ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തു.
''ഇതൊരു പ്രഹസനമല്ല. മറിച്ച് ദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരെ സഹായിക്കാൻ മറ്റുള്ളവർക്കുള്ള പ്രചോദനമാണ്. 'വല്ലാത്ത പഹയൻ' എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ഞാൻ ഒരു കുറിപ്പ് കാണാനിടയായി. അത് എന്നെ ആഴത്തിൽ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നിങ്ങളിൽ ചുരുക്കം ചിലരെങ്കിലും എന്റെ ഈ പ്രവൃത്തിയിൽ നിന്നും പ്രചോദനമുൾക്കൊള്ളുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ശാന്തിയും സമാധാനവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ചു പോരാടാം. മറ്റുള്ളവർക്കായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാകുമ്പോൾ നമുക്ക് ഒന്നും അസാധ്യമായിരിക്കില്ല. എല്ലാവരും സുരക്ഷിതരും സന്തുഷ്ടരുമായിരിക്കുക,'' റെസീപ്റ്റ് പങ്കുവച്ചുകൊണ്ട് ഗോപി സുന്ദർ കുറിച്ചു.
അതേസമയം, ക്യാംപെയിന് എതിരേയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സിപിഎം അനുഭാവികളാണ് പണം നൽകുന്നതെന്നും തങ്ങളുടെ വാങ്ങൽ ശേഷി കാണിക്കാനുള്ള മലയാളികളുടെ പ്രഹസനം മാത്രമാണിതെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം. സൗജന്യമായി വാക്സിൻ നൽകുമെന്ന് സർക്കാർ പറയുകയും എന്നാൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്നുവെന്നും വിമർശിക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 27 മുതൽ 2021 ഏപ്രിൽ 23 വരെ ആകെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 525.3 കോടി രൂപയാണ്. 730.22 കോടി രൂപ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെലവഴിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ഇലക്ട്രോണിക് സംഭാവന ആയി സൈറ്റ് വഴി ലഭിച്ചത് 246 കോടി രൂപയാണ്
വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് സിപിഎം
കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിൽ മനുഷ്യജീവന് വിലനൽകാത്ത സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. കേന്ദ്രത്തിന്റെ വാക്സിൻ നയം ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. രോഗപ്രതിരോധത്തിനായി എല്ലാവരും ഒന്നിച്ചിറങ്ങേണ്ട ഘട്ടമാണിത്. ജനങ്ങൾക്ക് ആശ്വാസും സംരക്ഷണവും നൽകാൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ ജനങ്ങളെ കയ്യൊഴിയുന്ന നയം സ്വീകരിച്ചത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. കോവിഡ് വ്യാപനത്തിന് വഴിവെക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത അധികഭാരമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്നത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവും സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയുമാണിത്.
ജനങ്ങളോട് പ്രതിബന്ധതയുള്ള സർക്കാർ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ നയം വ്യക്തമാക്കിയതാണ്. കേന്ദ്രസർക്കാർ വാക്സിൻ തന്നില്ലെങ്കിലും സ്വന്തം നിലയിൽ വിലകൊടുത്തുവാങ്ങി ജനങ്ങൾക്ക് വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആശ്വാസമാണ് പൊതുസമൂഹത്തിന് നൽകുന്നത്. വലിയ സാമ്പത്തികബാധ്യതയാണ് സംസ്ഥാനം ഏറ്റെടുക്കുന്നത്.
കേന്ദ്രത്തിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് എല്ലാപിന്തുണയും നൽകുക എന്നത് അഭിമാനബോധമുള്ള മുഴുവൻ മലയാളികളുടെയും ചുമതലയാണെന്നാണ് സിപിഐ എം കാണുന്നത്. ആരുടെയും ആഹ്വാനമില്ലാതെ തന്നെ വാക്സിൻ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലയാളികൾ സംഭാവന അയക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ഒരു ജനത എന്ന നിലയിൽ അഭിമാനം പകരുന്ന ഒന്നാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ സഹായിക്കാനും സർക്കാരിന് പിന്തുണ നൽകാനും സിപിഐ എം തീരുമാനിച്ചു. വാക്സിൻ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പാർട്ടി അംഗങ്ങളും അനുഭാവികളും ബഹുജനസംഘടനകളും ദുരിതാശ്വാസനിധിയിലേക്ക് കൈയയച്ച് സംഭാവന നൽകണമെന്ന് പാർട്ടി അഭ്യർത്ഥിക്കുന്നു.
സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി എല്ലാഭാരവും സംസ്ഥാനങ്ങളുടെ തലയിലിടുന്നതാണ് കേന്ദ്രത്തിന്റെ വാക്സിൻ നയം. ഇഷ്ടമുള്ള വിലയ്ക്ക് ഉൽപാദിപ്പിച്ച വാക്സിൻ 50ശതമാനം വിൽക്കാൻ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് അനുവാദം നൽകുന്ന തീരുമാനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം വിവേചനപരവും ജനവിരുദ്ധവുമാണ്.
ഇതിനെതിരെ കേരളത്തിന്റെ ആകെ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രവർത്തകരും അനുഭാവികളും വരെ വീടുകൾക്ക് മുന്നിൽ ഏപ്രിൽ 28ന് വൈകുന്നേരം 5മുതൽ 5.30 വരെ പോസ്റ്ററുകൾ ഒട്ടിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിക്കും. സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരായ കേരളത്തിന്റെ പ്രതിഷേധം എന്നുള്ള നിലയിലാണ് ഈ സമരം സംഘടിപ്പിക്കുക.
വാക്സിൻ വിലകൊടുത്തുവാങ്ങേണ്ട സാഹചര്യം കേന്ദ്രസർക്കാർ സൃഷ്ടിച്ചതിനാൽ 1300 കോടിയോളം രൂപ സംസ്ഥാനത്തിന് അധികച്ചെലവ് ഉണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. കേരളം ഒരുമിച്ച് ഒരുമനസോടെ നിന്ന് മലയാളികൾ ഈ ആവശ്യത്തിലേക്ക് വലിയ തുക സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഈ പ്രവർത്തനം കേരളത്തിന്റെ ജനകീയ പ്രതിരോധമായി ഉയർത്തിക്കൊണ്ടുവരും. കേരളീയ ജനസമൂഹത്തെ അവഹേളിക്കുന്ന കേന്ദ്രസമീപനത്തിനെതിരായ മറുപടിയും വാക്സിൻ ചലഞ്ചിലൂടെ മലയാളികൾ നൽകുമെന്നും വിജയരാഘവൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ