- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിപ്പിക്കുന്ന ഓവർടേക്കിങ്ങും മത്സരയോട്ടവും പതിവായതോടെ ജീവനിൽ കൊതിയുള്ളവർ ആറ്റുപറമ്പത്ത് ബസിൽ കയറാതായി; ആളെ പിടിക്കാൻ 'നർമദ' എന്ന് നദിയുടെ പേരു നൽകിയിട്ടും ജീവനക്കാർ നന്നായില്ല; വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നത് ഉടമ നൗഷാദ്
കൊച്ചി: വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയത് നർമദ ബസിന്റെ ഉടമ ആറ്റുപറമ്പത്ത് നൗഷാദിന്റെ ബസ് ജീവനക്കാർ. ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വടക്കൻ പറവൂർ കണ്ണൻകുളങ്ങരയിൽ വച്ചുണ്ടായ തർക്കത്തിനിടെ ബസ് ജീവനക്കാർ മകനെ കുത്തി പരുക്കേൽപ്പിച്ചത് കണ്ട അച്ഛൻ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.
വടക്കൻ പറവൂരിൽ ഇടപ്പള്ളി - ഗുരുവായൂർ ദേശീയ പാതയിലെ സ്ഥിരം പ്രശ്‌നക്കാരാണ് ആറ്റുപറമ്പത്ത് ബസുകളും ജീവനക്കാരും. അമിത വേഗവും മുന്നിൽ വരുന്ന വാഹനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഓവർ ടേക്കിങ്ങും മത്സരയോട്ടവുമാണ് ഈ ബസുകാർ നടത്തുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ദേശീയ പാതയിൽ അമിത വേഗതയിൽ നിരവധി അപകടങ്ങളാണ് ആറ്റുപറമ്പത്ത് ബസുകൾ ഉണ്ടാക്കിയിട്ടുള്ളത്. കൂടാതെ സമയ ക്രമത്തെ ചൊല്ലിയുള്ള ജീവനക്കാർ തമ്മിലുള സംഘർഷങ്ങളും ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന സംഭവങ്ങളും സ്ഥിരമാണ്.
നിരവധി അപകടങ്ങളുണ്ടാക്കുന്ന ബസിൽ യാത്രക്കാർ കയറാത്ത അവസ്ഥയിലേക്കെത്തിയതോടെ ബസുകളുടെ പേര് മാറ്റുകയാണ് ചെയ്തത്. ആറ്റുപറമ്പത്ത് എന്ന പേര് നർമദ എന്നാക്കി മാറ്റുകയായിരുന്നു. സ്ഥിരം പ്രശ്‌നക്കാരായ ജീവനക്കാർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് ഉടമ നൗഷാദാണ്. ബസുകൾ കേസിൽ പെട്ടാൽ ഉന്നത സ്വാധീനം ഉപയോഗിച്ച് പുറത്തിറക്കും. നടപടി എടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതും പതിവാണ്. ഇത്തരത്തിൽ വലിയ ബുദ്ധിമുട്ടുകളാണ് ഈ ബസുടമ ഉണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം കാർഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ചെറായി വാരിശേരി ടിന്റു (40 ഡ്രൈവർ), പത്തനംതിട്ട വടശേരിക്കര സ്വദേശി മിഥുൻ മോഹൻ (36 കണ്ടക്ടർ) എന്നിവരെയാണ് റിമാൻഡ് ചെയ്ത്. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ അക്രമുമുണ്ടായത്. ആക്രമണത്തിന് പിന്നാലെ രക്ഷപെട്ട ഡ്രൈവർ ടിന്റുവിനെയും ബസും വൈറ്റിലയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമദ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയത്. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണ് കത്തിക്കുത്തിൽ പരുക്കേറ്റ ഫർഹാന്റെ മൊഴി. തുടർന്നു നിർത്താതെ പോയ ബസിന് മുന്നിൽ ഫർഹാൻ കാർ കയറ്റി തടഞ്ഞ് ചോദ്യം ചെയ്തു. തർക്കമായതോടെ ബസ് ജീവനക്കാരിൽ ഒരാൾ കത്തിയെടുത്ത് കുത്താൻ ഓങ്ങിയത് തടയുമ്പോഴാണ് ഫർഹാന്റെ കൈയ്ക്ക് പരുക്കേറ്റത്. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടനെ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.