വടകര: ഇഷ്ടപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ സ്വയം ആസ്വദിക്കാൻ നഗ്‌നചിത്രങ്ങാക്കി മാറ്റുകയായിരുന്നുവെന്നാണു മോർഫിങ് കേസിൽ പിടിയിലായ മുഖ്യപ്രതി ബിബീഷ് പൊലീസിനോടു കുറ്റസമ്മതം നടത്തിയത്. അഞ്ചു ചിത്രങ്ങളേ ഇതിനകം മോർഫ് ചെയ്തിട്ടുള്ളൂ എന്നാണു മൊഴി. നേരത്തേ പിടിയിലായ വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളായ സതീശനും ദിനേശനും തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നാണു പൊലീസിനോടു പറഞ്ഞത്. ബിബീഷാണു നഗ്‌ന ചിത്രങ്ങളുണ്ടാക്കിയതെന്ന് അവർ പറഞ്ഞെങ്കിലും ചിത്രങ്ങൾ സൂക്ഷിച്ച ഹാർഡ് ഡിസ്‌ക് മാസങ്ങളായി ഇവരുടെ കൈവശമാണൈന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ പിടിയിലായ ബിബീഷ്, സതീശനും ദിനേശനും ഇതേപ്പറ്റി അറിയാമെന്നും അവരുടെ അറിവോടെയാണു നഗ്‌നചിത്രങ്ങളുണ്ടാക്കിയതെന്നും സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസിന് പുതിയ മാനം വരികെയാണ്.

ആദ്യം പിടിയിലായവർക്കെതിരേ ഐ.ടി ആക്ട് പ്രകാരവും, സ്ത്രീകളെ അപകീർത്തിപ്പെടുത്തിയെന്നുമായ ജാമ്യാമില്ലാ കേസാണ് ചുമത്തിയത്. ഇതേ കുറ്റങ്ങൾ തന്നെയാവും ബിബീഷിനെതിരേയും ചുമത്തുക. ബിബീഷിന്റെ കയ്യിലെ ഹാർഡ് ഡിസ്‌ക്കിൽ 45000 സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ നൂറ് കണക്കിന് മോർഫ് ചെയ്ത ചിത്രങ്ങളുമുണ്ട്. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗവും. ഹാർഡ് ഡിസ്‌ക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ബിബീഷ് മോർഫിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന ഉടമകൾക്ക് മനസ്സിലായിരുന്നു. പക്ഷെ എഡിറ്റിങ്ങിൽ മിടുക്കനായതിനാൽ ബിബീഷിനെതിരെ ഇവർ നടപടിയും എടുത്തില്ല. ബിബീഷ് ഈ സ്ഥാപനത്തിൽ നിന്ന് പുറത്ത് പോയി മറ്റൊരു സ്റ്റുഡിയോ തുറക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ പുറത്തായത്. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. സംഭവം വിവാദമായതോടെ സദയം സ്റ്റുഡിയോ ഉടമകളും ബിബീഷും ഒളിവിൽ പോയി. ഇതോടെ പ്രതിഷേധം ആളിക്കത്തി.

സ്റ്റുഡിയോ ഉടമകളുടെ നാടായതിനാൽ പ്രദേശത്തെ ഒട്ടുമിക്ക വിവാഹങ്ങൾക്കും വീഡിയോ ചിത്രീകരണം നടത്തുന്നത് ഇവരാണ്. ഇവർ വിവാഹ ചിത്രീകരണം നടത്തിയ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങളും ഇതേപോലെ മോർഫിങ് നടത്തിയതായി സൂചനകളുണ്ട്. അഞ്ചുവർഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയിൽ ജോലിക്കെത്തിയത്. അന്നുമുതൽ മോർഫിങ്ങും തുടങ്ങി. അതിനു മുമ്പുള്ള വിവാഹ വീഡിയോകളും മോർഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് സ്ത്രീകളാണ് ഇതുവരെ പരാതി നൽകിയത്. അതുകൊണ്ട് തന്നെ അഞ്ച് സ്ത്രീകളുടെ ചിത്രങ്ങൾ മാത്രമേ മോർഫ് ചെയതിട്ടുള്ളൂവെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

സദയം സ്റ്റുഡിയോ ഏറ്റെടുത്ത എഡിറ്റിങ് ജോലി കൃത്യസമയത്തു തീർക്കാത്തതിലും പുറമേരിയിൽ ബിബീഷ് പുതിയ സ്റ്റുഡിയോ തുടങ്ങിയതിലുമുള്ള പ്രതികാരമാണ് ഇവർ സൂക്ഷിച്ച ഹാർഡ് ഡിസ്‌ക് പുറത്തു വിട്ടു തന്നെ കുടുക്കാൻ ശ്രമിച്ചതെന്നു ബിബീഷ് പൊലീസിനോടു പറഞ്ഞു. ഇതിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിക്കും. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തി വന്ന അന്വേഷണത്തിൽ ഇടുക്കി മുറിക്കാശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷൗക്കത്താണു പ്രതിയെ പിടികൂടാനും ഒളികേന്ദ്രം കണ്ടെത്താനും വടകര പൊലീസിനെ സഹായിച്ചത്.

ഇടുക്കിയിൽ വച്ചാണ് ബിബീഷിനെ പൊലീസ് പിടികൂടിയത്. ഇടുക്കി രാജമലയിലെ കാട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ബിബീഷ്. വടകരയിലെ സദയം ഷൂട്ട് ആൻഡ് എഡിറ്റിലെ വീഡിയോ എഡിറ്ററായിരുന്നു ഇയാൾ. സ്ഥാപന ഉടമ ദിനേശൻ, ഫോട്ടോഗ്രാഫർ സതീശൻ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതിൽ വലിയ പ്രതിഷേധമായിരുന്നു വടകരയിൽ ഉയർന്ന് വന്നിരുന്നത്. സമരം ശക്തമാവുന്നതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കംപ്യൂട്ടറുകളും ഹാർഡ് ഡിസ്‌കും മറ്റും പരിശോധിച്ചു ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കുന്നത് ഉൾപ്പെടെ സൈബർ സഹായത്തോടെയുള്ള അന്വേഷണവും പൊലീസിനു നടത്തേണ്ടി വരും.

വിദേശത്തുള്ള ഒരാൾക്കു മെസഞ്ചർ വഴി കിട്ടിയ നഗ്‌നചിത്രത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയെ തുടർന്നാണു പ്രശ്‌നം പുറത്തായത്. ബിബീഷ് ഇത്തരം ചിത്രങ്ങൾ വ്യാജ വിലാസം വഴി പലർക്കും അയച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണ്ടി വരും. അശ്ലീല വെബ് സൈറ്റിലേക്കു ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്നും ഇതുവഴി അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നു റൂറൽ എസ്‌പി: എം.കെ. പുഷ്‌കരൻ പറഞ്ഞു.ബിബീഷിനെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം.