വടകര: സിദ്ധാശ്രമത്തിലേക്ക് യാത്ര പുറപ്പെടും മുമ്പ് സ്നേഹിതനായ ഡഗ്ലസിനോട് കാര്യം അന്വേഷിച്ചു. രാവിലെ പത്ത് മണിക്കു തന്നെ വടകരയിലെത്തണമെന്നും എങ്കിൽ വൈകീട്ട് നേരത്തെ തിരിച്ച് പോരാമെന്നും അയാളുടെ മറുപടി. കൃത്യ സമയത്തു തന്നെ വടകരയിലെത്തി. കണ്ട മാത്രയിൽ ഡഗ്ലസിനായിരുന്നു തിടുക്കം. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറി സിദ്ധാശ്രമം എന്ന് പറഞ്ഞ് തീരും മുമ്പ് ഡ്രൈവർ വണ്ടി വിട്ടിരുന്നു.

യാത്രാ മദ്ധ്യേ ഡഗ്ലസ് ആശ്രമ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങി. മതവും ജാതിയും കൊണ്ടു നടക്കുന്നവരുടെ തട്ടിപ്പും ക്രൂരതയും ഒന്നും തൊട്ടു തീണ്ടാത്ത ഇടമാണിത്. നൂറ് ജന്മം ജനിച്ചാലും ഇത്തരമൊരു ചിട്ടയിൽ നമുക്ക് ജീവിക്കാനാവില്ല. ഇടക്ക് കയറി ഞാൻ പറഞ്ഞു. ഇണചേരലും ഇരതേടലും മാത്രം ജീവിത വൃത്തിയാക്കിയവരെ കുറിച്ചാണോ നിങ്ങൾ പറയുന്നത്. അതെല്ലാം പുറത്ത് പ്രചരിക്കുന്ന കഥകൾ. ആശ്രമത്തിലെത്തിയാൽ ശരിയെന്തെന്ന് ബോധ്യമാവും. 'ക്രിസ്ത്യാനിയായ ഞാൻ രണ്ടു തവണ ആശ്രമത്തിൽ പോയിട്ടുണ്ട്. അതോടെ അവരെക്കുറിച്ചുള്ള മുൻധാരണകൾ തിരുത്തേണ്ടി വന്നു. എനിക്കിപ്പോൾ തികഞ്ഞ ബഹുമാനമാണ്.' അപ്പോഴേക്കും ഞങ്ങൾ ആശ്രമ കവാടത്തിൽ എത്തിയിരുന്നു. ഞങ്ങൾ അവിടെയിറങ്ങി മൊത്തം ഒന്ന് വീക്ഷിച്ചു.

മലബാർ സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥനായ വ്യക്തിയായിരുന്നു സിദ്ധ സമാജത്തിന്റെ സ്ഥാപകനായ ശിവാനന്ദ പരമഹംസർ. ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഗർഭിണിയായ ഭാര്യ തീർത്തും അവശയായി കണ്ടു. അവരെ മടിയിൽ കിടത്തി ആശ്വസിപ്പിക്കവേ ഭാര്യ പറഞ്ഞു. 'നിങ്ങൾ വലിയ പൊലീസുകാരനും തടിമിടുക്കുള്ളവനുമാണ്. നിങ്ങൾക്കെന്നെ രക്ഷിക്കാനാകുമോ? ' അല്പ സമയം കഴിഞ്ഞ് ഭാര്യ മരണമടയുകയും ചെയ്തു. അതോടെ അദ്ദേഹം മരണമെന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ വീട് വിട്ടിറങ്ങി. ഭാരതം മുഴുവൻ സഞ്ചരിച്ചു. ഒടുവിൽ പളനിയിലെത്തി. ബോഗർ എന്ന സന്യാസിയെ കണ്ടു.

പതിനെട്ട് സിദ്ധ ധർമ്മങ്ങൾ കരസ്ഥമാക്കിയ ആളായിരുന്നുവ്രേത ബോഗർ. അവിടത്തെ ഗൂഢമായ ഗുഹയിൽ വെച്ച് അത്യപൂർവ്വമായ പ്രാണായാമം പരിശീലിച്ചു. എട്ട് സിദ്ധികൾ നേടി ആത്മീയതയുടെ ഉന്നതമായ അവസ്ഥയിലെത്തി. തിരിച്ച് വടകരയിലെത്തി പൊതയാപ്പ എന്ന ഗ്രാമത്തിൽ സിദ്ധ സമാജം സ്ഥാപിച്ചു. ശവങ്ങൾ മൂടുന്ന സ്ഥലം എന്നതാണ് പൊതയാപ്പ എന്നതിനർത്ഥം. പിന്നീടത് പുതിയാപ്പയായി മാറി. ഇതാണ് നാട്ടിൽ അറിയപ്പെടുന്ന കഥ. എന്നാൽ ഇതൊന്നും സിദ്ധ സമാജക്കാർക്ക് ഒരു വിഷയമേ അല്ല. ഇക്കഥയോട് അവർക്ക് പ്രതികരിക്കാൻ താത്പര്യവുമില്ല. എന്നാൽ പരമഹംസർ പൊലീസുകാരനാണെന്നും ഭാര്യ മരിച്ചതോടെ നാട് വിട്ടെന്നും അവർ സമ്മതിക്കുന്നു.

ആദ്യം ഞങ്ങൾ പോയത് ആശ്രമത്തിന്റെ ഭാഗമായ ശിവാനന്ദ പരമഹംസരുടെ ചിത്രങ്ങളും സൂക്തങ്ങളും ഒരുക്കി വച്ച ഹാളിലാണ്. സ്വാമിയുടെ ജീവിത കഥ ചിത്രങ്ങളിലൂടെ ഏതാണ്ട് ദർശിക്കാം. പ്രാണായാമത്തിലുള്ള ഫോട്ടോകളാണ് ഏറേയും ചുവരുകൾ നിറയേ ചിന്താധാരകൾ എഴുതി വച്ചിട്ടുണ്ട്. മതവും ജാതിയുമാണ് ലോകത്തുണ്ടാവുന്ന സർവ്വ വിനാശങ്ങൾക്കും കാരണമെന്ന് അതിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സത്യവും മതവും ഒന്നു ചേർന്നിരിക്കുക സാധ്യമല്ലെന്നും പലയിടത്തും എഴുതി വച്ചിട്ടുണ്ട്. ഈ സത്യങ്ങളുടെ പ്രചരണത്തിനായി ഒട്ടേറെ പുസ്തകങ്ങളും സിദ്ധ സമാജത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിദ്ധ വേദമാണ് ഇവരുടെ ഗീതയും ബൈബിളും ഖുർ ആനും. ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഇവ പ്രസിദ്ധീകരിക്കപ്പെട്ടുണ്ട്. സിദ്ധ വിദ്യാർത്ഥികൾക്കുള്ള നടപടിക്രമം കേരളാനാചാരം, ലോകശാന്തിയുള്ള ജീവിതം, ലോകക്ഷേമ പ്രകാശിക, സിദ്ധ വിദ്യ, എന്നീ പുസ്തകങ്ങളും പരമഹംസർ രചിച്ചിട്ടുണ്ട്.

ആശ്രമത്തിനകത്ത് ആളനക്കം കണ്ടില്ല. ഇടനാഴി വഴി അകത്ത് കടന്നപ്പോൾ നല്ല ആരോഗ്യ ദൃഢഗാത്രനായ ഒരാൾ മന്ദസ്മിതം തൂകി മുന്നിലെത്തി. സിദ്ധ സമാജത്തെക്കുറിച്ച് അറിയാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ ഓഫീസിൽ ഇരിക്കാൻ പറഞ്ഞു. അല്പനേരം കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചു. ഇഡ്ഡലിയും സാമ്പാറുമായിരുന്നു. കുടിക്കാൻ ചായക്കു പകരം ഔഷധങ്ങളടങ്ങിയ ഒരു ഗ്ലാസ് പാനീയം. പാത്രങ്ങൾ അവിടത്തെ ചിട്ടയനുസരിച്ച് ഞങ്ങൾ തന്നെ കഴുകി വെച്ചു. തുടർന്ന് ഓഫീസിൽ വയോധികനായ ഒരാൾക്കൊപ്പം ഞങ്ങൾ പോയി. അയാൾ ആദ്യം തന്നെ താൻ ആശ്രമ അന്തേവാസിയല്ലെന്ന് പറഞ്ഞു. എന്നാൽ സിദ്ധ സമാജത്തിന്റെ പത്ത് നിയമങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്ന ഗൃഹസ്ഥാശ്രമിയാണെന്ന് പറഞ്ഞു. അദ്ദേഹത്തെയാണ് ഞങ്ങൾക്കു വേണ്ടി വക്താവായി നിയോഗിച്ചത്. ആദ്യം തന്നെ അരമണിക്കൂറോളം സിദ്ധസമാജത്തിന്റെ ഉദ്ദേശങ്ങളും നിയമങ്ങളും അയാൾ പറഞ്ഞു തന്നു. പിന്നെ സംശയനിവാരണമാണ്. ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും നൽകി.

1921 ലാണ് ശിവാനന്ദ പരമഹംസർ സിദ്ധ സമാജം സ്ഥാപിച്ചത്. അന്തവിശ്വാസം അനാചാരം, എന്നിവ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം. അദ്ദേഹത്തിന്റെ മുഖ്യ ഉപദേശം ഈശ്വരനെ അറിഞ്ഞു കൊണ്ട് സേവിക്കുക എന്നാണ്. പ്രപഞ്ചത്തിലെ എല്ലാം ഈശ്വര സൃഷ്ടിയാണ്. എന്നാൽ നാം ഉറക്കത്തിൽ ഒന്നും അറിയാത്തതെന്ത്? വെളിച്ചമില്ലെങ്കിലും സ്വപ്നത്തിലെ കാര്യങ്ങൾ എല്ലാം തെളിയുന്നു. അകത്തെ വെളിച്ചം കൊണ്ടാണത്. ജീവനാണ് ഈശ്വരൻ. മതത്തിനു പിന്നാലെ പോയി ആളുകൾ ചടങ്ങുകൾ നടത്തുന്നു. ഈ ചിന്താഗതി മാറിയാലേ ലോക സമാധാനം ലഭിക്കൂ. സിദ്ധ സമാജക്കാർ അത് അംഗീകരിച്ച് പ്രവർത്തിക്കുന്നു.

സിദ്ധ സമാജത്തെക്കുറിച്ചും ആശ്രമ അന്തേവാസികളെക്കുറിച്ചും പുറത്ത് പ്രചരിക്കുന്നത് കെട്ടു കഥകളാണെന്നാണ് മറുനാടൻ മലയാളിക്ക് ബോധ്യപ്പെട്ടത്. ആരും വസ്ത്രം ധരിക്കാൻ പാടില്ല. എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരുടേയും സ്വന്തം. ഏത് പുരുഷനും ഏത് സ്ത്രീക്കൊപ്പവും എപ്പോൾ വേണമെങ്കിലും ഇണ ചേരാം. പരസ്യമായി ഇണചേരുന്നതാണ് ഇവരുടെ രീതി. ഇതാണ് പുറത്ത് പ്രചരിക്കുന്ന കഥകൾ.

എന്നാൽ ഇവരുടെ ദിനചര്യകൾ നേരിട്ടറിഞ്ഞാൽ അത്ഭുതം തോന്നും. എട്ട് മണിക്കൂർ ജപം, എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം. അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് വേണം ആദ്യ ജപം. പിന്നെ ഉച്ചക്ക് 12 മുതൽ. വൈകീട്ട് 6 മുതലും രാത്രി 7.30 മുതലും രാവിലേയും ഉച്ചക്കും രാത്രിയും രണ്ട് മണിക്കൂറിലേറെ ജപത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇതാണ് ഇവരുടെ പ്രധാന വിനോദം. ജപസമയത്തും ഭക്ഷണ വേളകളിലും ഉറക്കത്തിലും എല്ലാവരും വിവസ്ത്രരായിരിക്കും. വസ്ത്രം ധരിക്കാത്തത് ഇവർ നാഗരികതയായാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ച് പുറത്തുള്ളവർ എന്ത് കരുതിയാലും അവർക്ക് പ്രശ്നമല്ല.

(തുടരും)