കൊച്ചി : വിവാദത്തെത്തുടർന്നു കെപിഎസി ലളിത പിന്മാറുകയാണെന്നു സിപിഐ(എം) നേതാക്കളെ അറിയിച്ച വടക്കാഞ്ചേരിയിൽ ഇരുമുന്നണികൾക്കും സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാകുന്നു.

സിറ്റിങ് എം എൽ എയും സഹകരണ മന്ത്രിയുമായ സി എൻ ബാലകൃഷ്ണൻ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായെത്തിയതോടെയാണ് വടക്കാഞ്ചേരിയിൽ സ്ഥാനാർത്ഥി വിവാദത്തിന് തുടക്കമായത്. പിന്നീട് അഴിമതി ആരോപണത്തെ തുടർന്ന് സി എൻ പിൻവലിഞ്ഞതോടെ കോൺഗ്രസിൽ വീണ്ടും സ്ഥാനാർത്ഥിക്കായുള്ള തിരിക്കിട്ട ചർച്ച തുടങ്ങുകയും ചെയ്തു. എന്നാൽ സി എൻ ബാലകൃഷ്ണന്റെ ഇഷ്ടക്കാരെ സ്ഥാനാർത്ഥിയാക്കണമെന്നുള്ള സമ്മർദ്ദമുണ്ടായതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായി.

ഇതേ സാഹചര്യം തന്നെയായിരുന്നു സി പി എമ്മിന്റെതും. പാർട്ടി ജില്ലാ സെക്രട്ടറി എ സി മൊയ്തീൻ, സേവ്യർ ചിറ്റിലപിള്ളി എന്നിവർ സ്ഥാനാർത്ഥിയാകുമെന്ന് ധാരണ പരന്നെങ്കിലും പിന്നീട് നേതൃത്വം പെട്ടെന്ന് മലക്കം മറിഞ്ഞത് സി പി എമ്മിലും പ്രശ്‌നങ്ങൾക്ക് വഴിവച്ചു. പാർട്ടി സംസ്ഥാന നേതൃത്വം നടി കെ പി എ സി ലളിതയെ നൂലിൽ കെട്ടിയിറക്കിയതോടെ പാളയത്തിൽതന്നെ പട രൂക്ഷമായി. ഇന്നലെ ലളിതയ്‌ക്കെതിരെ ഡി വൈ എഫ് ഐ പ്രവർത്തകർ വടക്കാഞ്ചേരിയിൽ പ്രകടനം നടത്തിയതോടെ കാര്യങ്ങൾ കൈവിടുകയും ചെയ്തു. കെ പി എ സി ലളിത സ്ഥാനാർത്ഥിത്വത്തിൽനിന്നു പിന്മാറുകയാണെന്നറിയിക്കുകയും ചെയ്തു.

ഇപ്പോൾ സി എൻ ബാലകൃഷ്ണന് പകരം കോൺഗ്രസ് പൊതുസമ്മതനെ കളത്തിലിറക്കാൻ തീരുമാനിച്ചതോടെയാണ് വീണ്ടും പ്രശ്‌നങ്ങൾക്ക് തുടക്കമായത്. പൊതുസമ്മതനെന്ന നിലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അനിൽ അക്കരയെയാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ അനിലിനെതിരെ ഒപ്പം പ്രവർത്തിച്ച മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്ന അഡ്വ. വിദ്യാസംഗീതാണ് അഴിമതി ആരോപണത്തിന്റെ പേരിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുള്ളത്. അനിലിന്റെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വിദ്യ ആവശ്യപ്പെട്ടിട്ടുള്ളത്. ജനപ്രതിനിധിയായിരിക്കെ അനിൽ കോടികളുടെ അനധികൃത സ്വത്തുസമ്പാദനം നടത്തിയതിന്റെ തെളിവടക്കമാണ് വിജിലൻസ് മുമ്പാകെ പരാതി അയിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ അനിൽ പാലക്കാടും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുമായി ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് വിദ്യ ആരോപിച്ചിട്ടുള്ളത്. അടാട്ടു ഗ്രാമപഞ്ചാത്ത് പ്രസിഡന്റായിരിക്കെ ശോഭാ സിറ്റിക്കുവേണ്ടി ഒത്താശ ചെയ്ത് കോടികളാണ് സർക്കാരിന് നഷ്ടം വരുത്തിയത്. എന്റെ ഗ്രാമം പദ്ധതിയുടെ പേരിൽ പുഴയ്ക്കൽ പാടം ഉൾക്കൊള്ളുന്ന അടാട്ടു പഞ്ചായത്ത് ശോഭാ സിറ്റിക്കുവേണ്ടി മറിച്ചു നൽകിയെന്നാണ് വിദ്യയുടെ വാദം. ശോഭാ ഗ്രൂപ്പിന്റെ സമീപ പ്രദേശങ്ങൾ മോടിപിടിപ്പിക്കാനായി ജലസമൃദ്ധിയുടെയും ടൂറിസത്തിന്റെയും പേരിൽ 12 കോടി രൂപയാണ് നീക്കിവച്ചത്. കടുത്ത വേനലിൽപോലും ജലസമൃദ്ധിയുള്ള കനാലിൽ തടയണകെട്ടി കോടികൾ ധൂർത്തടിക്കുന്ന പദ്ധതിക്കാണ് അനിൽ നേതൃത്വം നൽകിയതത്രേ. ഇത് സർക്കാരിന് കോടികൾ നഷ്ടപ്പെടുത്തിയ പദ്ധതിയാണ്. സ്വകാര്യ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കുവേണ്ടി അനിൽ തിരിമറി നടത്തിയത്രേ.

ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ അരിമ്പൂർ പഞ്ചായത്തിൽ 2.5 കോടി ചെലവിട്ട് നടത്തിയ കുടിവെള്ള പദ്ധതിയും ഇപ്പോൾ പാഴായിക്കഴിഞ്ഞു. ഇവിടെയും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.... അനിൽ നടത്തിയ അഴിമതിയുടെ നിരവധി കഥകളാണ് വിദ്യ പരാതിയിൽ നിരത്തിയിട്ടുണ്ട്. നിർമ്മിതി കേന്ദ്രത്തിലെ 2 കോടിയുടെ അഴിമതി, മോട്ടോർ പദ്ധതിയിലെ അഴിമതി എന്നിവയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളുടെ നീണ്ടനിര തന്നെയാണ് വടക്കാഞ്ചേരിയിൽ ദൃശ്യമാകുന്നത്. എന്നാൽ പുറത്തു കണ്ടതല്ല അളയിലിരിക്കുന്നതെന്നു പറഞ്ഞതുപോലെയാണ് സ്ഥാനാർത്ഥികളുടെ പിന്നാമ്പുറകഥകൾ. ഭരണത്തിന്റെ അവസാന നാളുകളിൽ നാമമാത്ര തുക തിരിമറി നടത്തിയെന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സഹകരണ മന്ത്രിക്കെതിരെ കോടതി പരാമർശം ഉണ്ടായത്.