പുത്തൻകുരിശ്: ജാതിമതിൽ വിരുദ്ധ സമരത്തിനിടെ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. ഡെക്കാൺക്രോണിക്കിലിൽ തിരക്കിയപ്പോൾ അനന്തുവിനെ അറിയില്ലെന്നായിരുന്നു മറുപടി. മാവോയിസ്റ്റ് ആശയങ്ങളുമായി പ്രവർത്തിക്കുന്ന പോരാട്ടം, ഞാറ്റുവേല എന്നീ സംഘടനകളുമായി അഭിലാഷിന് ബന്ധമുണ്ട്. ഇവർ നടത്തിയ പരിപാടികളുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ട് കേസും എറണാകുളത്ത് ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. പുത്തൻകുരിശ് വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് അഭിലാഷ് തടശേരി,അനന്തു രാജഗോപാൽ എന്നിവരെ അറസ്റ്റുചെയ്തത് സംബന്ധിച്ച് ഉയരുന്ന വിവാദത്തിൽ പൊലീസിന്റെ വിശദീകരണം ഇങ്ങിനെ.

ഉന്നത തലത്തിൽ അറിയിച്ചിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ പൊലീസ് നിയമപ്രകാരം മാത്രമാണ് നടപടികൾ പൂർത്തിയാക്കിയത്. പുത്തൻകുരിശ് സി ഐ സാജൻ സേവ്യർ മറുനാടനോട് പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തിൽ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പൊലീസ് നിലപാട് വിശദീകരിച്ചത്.കുന്നത്തുനാട് തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ സമരസ്ഥലത്തു നിന്നും കഴഞ്ഞ 21 -നാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

പ്ലാക്കാർഡ് ഉയർത്തി, മുദ്രാവാക്യങ്ങളുമായി ഇവർ ഇവരും കെ പി എം എസ് ഭാരവാഹി ശശിധരനും ചേർന്ന് പൊലീസിനെതിരെ തിരിയുകയായിരുന്നു എന്നും ഉന്തും തള്ളുമൊക്കെയായപ്പോഴാണ് സംഭവസ്ഥലത്തു നിന്നും മൂവരെയും കസ്റ്റഡിയിൽ എടുത്തതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ റിമാന്റ് ചെയ്യുകയുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. കഴിഞ്ഞ ദിവസം വ്യവസ്ഥകളോടെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ഇവർ പുത്തൻകുരിശ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങിയെന്നും പുത്തൻകുരിശ് സി ഐ അറിയിച്ചു.

അനന്തുവിന്റെ പിതാവ് രാജഗോപാലും ഭാര്യ ആശയും വടയമ്പാടിയിലെ ജാതിമതിൽ സമരത്തെ അനുകൂലിക്കുന്നവരാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ആശ കഴിഞ്ഞ ദിവസം സമരപ്പന്തലിൽ എത്തി കവിതചൊല്ലി മടങ്ങിയെന്ന് പൊലീസ് രഹസ്യന്വേണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അഭിലാഷിന്റെ പ്രവർത്തനങ്ങൾ നേരത്തെ മുതൽ രഹസ്യന്വേഷണ വിഭാഗം നീക്ഷിച്ചിരുന്നു. സമരത്തിന് എതിരല്ല. സമരത്തെ അനുകൂലിച്ച് പുറമേ നിന്നെത്തുന്നവരുടെ ലക്ഷ്യം മുതലെടുപ്പാണ്.ഇത് അനുവദിക്കില്ല. ഇത്തരത്തിൽ ശ്രദ്ധിയിൽപ്പെടുന്ന നീക്കം എന്ത് വിലകൊടുത്തും പ്രതിരോധിക്കും. ഇതാണ് വടയമ്പാടി സമരത്തിൽ ഇപ്പോഴത്തെ പൊലീസ് നിലപാട്.

ജാതിമതിൽ വിരുദ്ധ സമരത്തെ തകർക്കാൻ പൊലീസ് ആസൂത്രിത നീക്കം നടത്തുന്നതായിട്ടാണ് ഇപ്പോൾ ഉയർന്നിട്ടുള്ള പ്രധാന ആരോപണം. സമരക്കാർക്കെതിരെയും സമരസഹായ സമിതി പ്രവർത്തകർക്കെതിരെയും കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നതായാണ് പരാതി. പുത്തൻകുരിശ്ശ് വടയമ്പാടിയിൽ എൻഎസ്എസ് ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന് മുന്നിലെ ജാതിമതിൽ വിരുദ്ധ സമരം റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ എത്തിയ അഭിലാഷ് തടശേരിയെയും അനന്തു രാജഗോപാലിനെയും കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെയാണ് ഒരു വിഭാഗം സാമൂഹി മാധ്യമങ്ങൾ വഴിയും മറ്റും പ്രതിഷേധം ഉയർത്തുന്നത്.

ഇവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് പൊലീസ് ശ്രമമെന്നാണ് പ്രതിഷേധവുമായി സാമൂഹിക മാധ്യമങ്ങളിൽ സജീവ ഇടപെടൽ നടത്തിവരുടെ പ്രധാന ആരോപണം. സമരത്തെ പിന്തുണയ്ക്കുന്നവരെ ബലിയാടാക്കി ജാതീയ വിവേചനത്തിനെതിരായ സമരം പൊളിക്കാൻ പൊലീസ് ശ്രമം നടത്തുകയാണെന്നും സമരസമിതി നേതാവ് കൂടിയായ കെപിഎംഎസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശിധരനെ പൊലീസ് അകാരണമായി മർദിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും സമരസമിതി ആരോപിക്കുന്നു.

സമരസഹായ സമിതി പ്രവർത്തകനായ വി കെ ജോയിയെ വ്യാജപരാതി എഴുതിയുണ്ടാക്കി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത് അറസ്റ്റുചെയ്യുകയായിരുന്നെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. വടയമ്പാടിയിൽ എൻ എസ് എസിന് സർക്കാർ പതിച്ചുനൽകിയ മൈതാനം നാട്ടുകാർക്കായി തുറന്നുനൽകണമെന്നാവശ്യപ്പെട്ടാണ് വിവിധ സംഘടകളുടെ നേതൃത്വത്തിൽ മാസങ്ങളായി ഇവിടെ സമരം നടന്നുവന്നിരുന്നത്. മൈതാനം ഇപ്പോഴത്തെ കൈവശക്കാർ അനധികൃതമായി കയ്യേറി മതിൽകെട്ടി തിരിച്ചെടുക്കുകയായിരുന്നെന്നാണ് സമരക്കാരുടെ ആക്ഷേപം.

ഒരുവിഭാഗം ആളുകൾ അതിക്രമിച്ച് കയറി സമരപ്പന്തൽ സ്ഥാപിച്ചിരിക്കുകയാണെന്നും ഇത് പൊളിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട കൈവശക്കാർ അടുത്തിടെ കളക്ടറെ സമീപിച്ചിരിന്നു. ഇതനുസരിച്ച് ഈ മാസം 19-ന് വിഷയം ചർച്ചചെയ്യാൻ സമരസമിതി നേതാക്കളെ കളക്ടർ വിളിപ്പിച്ചു.ചർച്ചയിൽ സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്ന് സമരപ്പന്തൽ പൊളിച്ച്് നീക്കാൻ കുന്നത്തുനാട് തഹസീൽദാരെ കളക്ടർ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതിനിടെ സമരം സി പി എം ഏറ്റെടുക്കുന്നതിന് നീക്കം നടക്കുന്നതായും സൂചനയുണ്ട്. കളിസ്ഥലം നാട്ടുകാർക്കായി തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് നാളെ വൈകിട്ട് 5-ന് പാർട്ടി ഏര്യകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിട്ടുണ്ട്.പാർട്ടി ജില്ലാ സെക്രട്ടറി പി രാജീവ് പ്രതിഷേധ പരിപാടിയിൽ പങ്കെടുമെന്നാണ് ലഭ്യമായ വിവരം. അതേസമയം കോളനി വാസികളുടെ ആവശ്യത്തോടൊപ്പം നിൽക്കുമ്പോൾ തന്നെ നിലവിലുള്ള നടക്കുന്ന സമരത്തിൽ പുറമേ നിന്നുള്ള സംഘടനകളുടെ ഇടപെടൽ അംഗീകരിക്കാനാവില്ലെന്നാണ് സിപിഎം നിലപാട്.