ഇടുക്കി: വാഗമൺ സൂയിസൈഡ് പോയിന്റിൽ വെള്ളിയാഴ്ച വൈകിട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം അത്യഗാധമായ കൊക്കയിൽ കണ്ടെത്തി. എന്നാൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ആരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുമില്ല. സൂയിസൈഡ് പോയിന്റിൽനിന്ന് 850 അടിയോളം താഴ്ചയിലാണ് മൃതദേഹം കാണപ്പെട്ടത്. പകുതിയോളം ദൂരം മാത്രം എത്താനേ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് സാധിച്ചിട്ടുള്ളൂ. കൊക്കയിൽനിന്ന് ഒരു മൊബൈൽ ഫോണിന്റെ കഷണവും ലഭിച്ചിട്ടുണ്ട്.

എറണാകുളം തിരുവാങ്കുളം കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകൻ അരുണും മറ്റൊരു യുവാവുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം. എടിഎമ്മിൽ കാഷ് നിറയ്ക്കാൻ കരാറെടുത്തിട്ടുള്ള എറണാകുളത്തെ ഏജൻസിയിലെ ജീവനക്കാരനാണ് അരുൺ. അടുത്ത കാലത്തായി ഇയാൾ വീട്ടിൽനിന്ന് അകന്നു കഴിയുകയാണെന്നാണ് അറിയുന്നത്. അരുണിന്റെ പേരിലുള്ള കെ.എൽ. 6 ജെ 7633 നമ്പരിലുള്ള ബൈക്ക് സൂയിസൈഡ് പോയിന്റിലെ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കണ്ടെത്തിയിരുന്നു. ഉടമയെ അന്വേഷിക്കുന്നതിനിടെ സൂയിസൈഡ് പോയിന്റിലെ അഗ്രഭാഗത്തുനിന്നും ഹെൽമറ്റും സിഗരറ്റ് പായ്ക്കറ്റും ചെരുപ്പും ലഭിച്ചതോടെയാണ് കൊക്കയിൽ വീണിട്ടുണ്ടാകുമെന്ന സംശയം ഉയർന്നത്. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് യുവാക്കളാണ് ബൈക്കിൽ വന്നതെന്ന് വ്യക്തമാകുകയായിരുന്നു. വാഗമൺ പൊലിസും അഗ്നിശമനസേനയും ഡി.റ്റി.പി.സിയിലെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അരുണിന്റെ ഒപ്പമുണ്ടായിരുന്ന യുവാവ് ആരാണെന്നും തിരിച്ചറിയാനായിട്ടില്ല.

രണ്ടായിരത്തിലധികം അടി താഴ്ചയുള്ള സൂയിസൈഡ് പോയിന്റിലെ മലനിരകൾക്കു താഴെയുള്ള ഭാഗം കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്‌റ്റേഷൻ പരിധിയിലാണ്. അവിടെനിന്നുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ പക്കലുണ്ടായിരുന്ന കയർ ഉപയോഗിച്ച് 300 അടിയോളം ഇറങ്ങിയപ്പോഴാണ് മൊബൈൽ ഫോണിന്റെ ഭാഗം കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇത് അരുണിെേന്റതാണെന്നു സ്ഥിരീകരിച്ചു. എന്നാൽ കഴിഞ്ഞ 21നുശേഷം ഈ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നു വാഗമൺ എസ്‌ഐ എം വി വർഗീസ് പറഞ്ഞു. കൂടുതൽ ദൂരം ഇറങ്ങാൻ അഗ്നിശമന സേനയുടെ കയറിന് നീളമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം നിലച്ചിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽനിന്നു ക്രെയിനും കട്ടപ്പനയിൽനിന്നു കയറും എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊക്കയുടെ താഴ്‌വാരത്ത് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും തടസമുണ്ട്. അരുണിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം സംഭവസ്ഥലത്തുനിന്നു മുകളിലെത്തിച്ചാലേ മരിച്ചത് ആരാണെന്നു വ്യക്തമാകുകയുള്ളൂ.