തിരുവനന്തപുരം: വൈദേഹിയും പോയി. പരിക്കേല്ലാം ഭേദമായി സൂര്യാംശു വീട്ടിലെത്തുന്നതും കാത്തിരിപ്പാണ് എഴുപത്തിമൂന്നുകാരിയായ ജഗദാംബിക. ഉറ്റവരുടെ വേർപാട് തീർത്ത ശൂന്യതയിൽ ചെട്ടികുളങ്ങര തൊടിയിൽ വീട്ടിൽ ഈ മുത്തശ്ശി കൊച്ചുമകന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ്. സൂര്യാംശു അപകടനില തരണം ചെയ്തുവെന്ന ഡോക്ടർമാരുടെ വാക്കുകൾ മാത്രമാണ് ജഗദാംബികയ്ക്ക് ആശ്വാസമായുള്ളത്. തിരുവനന്തപുരം നഗരഹൃദയത്തിലെ ചെട്ടികുളങ്ങര നിവാസികൾക്ക് ഈ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്.

ഭർത്താവിന്റെ അസുഖത്തോടെ തുടങ്ങിയതാണ് ദുരന്തം. അച്ഛനെ കാണാൻ മകളും കുടുംബവും തിരിച്ചറപ്പള്ളിയിൽ നിന്ന് പുറപ്പെട്ടു. കഴിഞ്ഞ 18ന് രാവിലെയാണ് മകൾ മീനാകുമാരി വിളിച്ചത്. അവർ നാലാളും ട്രിച്ചിയിൽ നിന്ന് പുറപ്പെടുകയാണെന്ന് പറഞ്ഞു. അതേ ഫോണിൽ നിന്ന് ഉച്ചയോടെ വിളിച്ചത് ഒരു തമിഴ് പൊലീസുകാരനാണ്. കാർ അപകടത്തിൽ മീനാകുമാരിയും ഭർത്താവ് സന്തോഷും മരിച്ചെന്നായിരുന്നു വിവരം. കരിച്ചാൽ കുളത്തെ ചെക്ക്‌പോസ്റ്റിനടുത്തായിരുന്നു അപകടം. ഭർത്താവ് ഡോ. ശങ്കരൻ നായരെ ഹൃദ്രോഗ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകാനിറങ്ങമ്പോഴാണ് ഈ ദുരന്ത വാർത്ത എത്തിയത്.

മകൻ മഹേഷിനോടു പോലും പറയാനാവാതെ ജഗദംബിക വീർപ്പുമുട്ടി. എല്ലാം മനസ്സിലൊതുക്കി മണിക്കൂറുകൾ. പിന്നീട് ഭർത്താവിനോട് തുറന്നു പറഞ്ഞു. അത് താങ്ങാനുള്ള കരുത്ത് ശങ്കരൻനായർക്കുണ്ടായില്ല. അടുത്ത ദിവസം ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മകളുടെ വിയോഗം ശങ്കരൻ നായർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോഴും അപകടത്തിൽപ്പെട്ട കൊച്ചു മക്കളിലായിരുന്നു പ്രതീക്ഷ. അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. അതിനിടെ അപകടത്തിൽ പരിക്കേറ്റ മൂന്നാംക്‌ളാസുകാരി വൈദേഹിയെയും മരണം തട്ടിയെടുത്തു. മസ്തിഷ്‌കമരണം സംഭവിച്ച അവളുടെ വൃക്കയും കണ്ണും കരളും ദാനം ചെയ്യാൻ വേദനയ്ക്കിടയിലും ജഗദംബിക മറന്നില്ല. മരുമകന്റെ ബന്ധുക്കളും ഇതിനെ സർവ്വാത്മനാ പിന്തുണച്ചു.

കൊച്ചുമകൻ സൂര്യാംശുവിന് കാലിലാണ് പരിക്ക്. ട്രിച്ചിയിൽ ആറാം ക്‌ളാസിലാണ് പഠിക്കുന്നത്. അമ്മയും അച്ഛനും കുഞ്ഞനുജത്തിയും പോയെന്ന് അവനോടാരും പറഞ്ഞിട്ടില്ല. ആശുപത്രിയിൽ അവരും ചികിത്സയിലാണെന്ന ആശ്വാസത്തിലാണവൻ. അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാൻ ഇടയ്ക്കിടെ സൂര്യാംശുവും വൈദേഹിയും അച്ഛനും അമ്മയ്ക്കുമൊപ്പം വരുമായിരുന്നു. ജനുവരി 15ന് സന്തോഷിന്റെ സഹോദരിയുടെ മകന്റെ വിവാഹനിശ്ചയത്തിന് വന്നവഴിക്കാണ് അവസാനമായി ഇവിടെയെത്തിയത്.

ട്രിച്ചിയിൽ കോളേജ് അദ്ധ്യാപികയായിരുന്നു മീനാകുമാരി. പ്രമുഖ ടയർ കമ്പനിയിൽ റേഡിയൽ പ്‌ളാന്റ് എൻജിനിയറിങ് തലവനാണ് സന്തോഷ്. വെഞ്ഞാറമൂട് സ്വദേശിയായ സന്തോഷ് നാലുവർഷമായി ട്രിച്ചിയിലാണ് കുടുംബത്തോടൊപ്പം താമസം. ജഗദാംബികയുടെ ഭർത്താവ് ഡോ. ശങ്കരൻനായർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലായിരുന്നു. വിരമിച്ച ശേഷം പല ക്‌ളിനിക്കുകളിലും സൗജന്യ ചികിത്സയുമായി സജീവമായിരുന്നു.

തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദേഹിയെ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാവിലെയോടെ മരിച്ച വൈദേഹിയുടെ അവയവങ്ങൾ ദാനംചെയ്യാൻ ബന്ധുക്കൾ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സൂര്യാംശുവിന്റെ പരിക്ക് അത്ര ഗുരുതരമല്ല. കുറച്ചുദിവസംകൂടി ആശുപത്രിയിൽ തുടരും.

ഭർത്താവും മകളും മരുമകനും കൊച്ചുമകളും മരിച്ചതോടെ ഒറ്റയ്ക്കായ അമ്മയ്ക്കിപ്പോൾ കൂട്ട് ബംഗളുരുവിലെ താമസം വിട്ടെത്തിയ മകൻ മഹേഷാണ്. മറ്റൊരു മകൾ മഞ്ജുഷ കുടുംബമായി ബംഗളുരുവിലാണ് കഴിയുന്നത്.