കൊച്ചി : നാടിനെ ഞെട്ടിച്ച വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി.നാടിനെ നടുക്കിയ കൊലപാതകം നടന്ന് ഒരു വർഷം തികയാറാകുമ്പോഴാണ് കേസിൽ വിചാരണയുടെ ഭാഗമായ പ്രാരംഭ നടപടികൾ തുടങ്ങിയത്.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടപടികളാരംഭിച്ചത്.പ്രതിക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ സാക്ഷി വിസ്താരം ഉടൻ തുടങ്ങും.

അടുത്ത മാസം 9ന് സാക്ഷി വിസ്താരം ആരംഭിക്കും.കേസിലെ ഒന്നും രണ്ടും സാക്ഷികളുടെ വിചാരണ മാർച്ച് ഒമ്പത്, 15 തീയതികളിൽ നടക്കും.കഴിഞ്ഞ വർഷം മാർച്ച് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് അമ്മാവനെ കാണിക്കാനാണെന്നു പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം ഊർജ്ജിതമാണെന്ന് മനസിലാക്കിയ പ്രതി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.ഗോവ, കോയമ്പത്തൂർ,മൂകാംബിക,എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സനുമോഹനെ ഏപ്രിൽ 18 ന് കർണ്ണാടകയിൽ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് ജൂലൈ 9നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച നൂറിൽപ്പരം റെക്കോഡുകളും എഴുപതിലധികം തൊണ്ടിമുതലുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച കാർ,കൊലയ്ക്ക് ശേഷം വൈഗയുടെ ശരീരത്തിൽ നിന്നു അഴിച്ചെടുത്ത ആഭരണങ്ങൾ പ്രതിയുടെ മൊബൈൽഫോൺ എന്നിവയെല്ലാം കണ്ടെടുക്കാനായത് നിർണ്ണായക തെളിവുകളായി മാറി.അറസ്റ്റിലായ അന്നുമുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരാകും.