കൊച്ചി: തൃക്കാക്കരയിലെ 11കാരി വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് പിതാവ് സനു മോഹൻ പറഞ്ഞതോടെ പ്രതി നൽകിയ മൊഴിയുടെ വിശ്വാസ്യത പരിശോദിക്കുകയാണ് പൊലീസ്. ഇതിനായി സനുവിന്റെ മൊഴിയും വൈഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ രക്തക്കറ എങ്ങനെ വന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മൊഴിയിൽ പൊലീസിന് വ്യക്തത വന്നിട്ടുണ്ട്.

സനു മോഹൻ മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കവേ മൂക്കിൽ നിന്നാണ് രക്തം വന്നത്. മൂക്കിൽ നിന്നും വീണ രക്തം ബെഡ്ഷീറ്റു കൊണ്ട് തുടച്ച ശേഷം അതേ ബെഡ്ഷീറ്റിൽ പൊതിഞ്ഞു വൈഗയെ പുഴയിൽ താഴ്‌ത്തിയെന്നാണ് പിതാവ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി പരിശോധിക്കുന്ന പൊലീസ് മൊഴിയിൽ പറയുന്ന സാഹചര്യങ്ങൾ ഒത്തു നോക്കുകയാണ്. പുഴയിൽ താഴ്‌ത്തുന്നത് വരെ വൈഗ മരിച്ചിരുന്നില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ബോധരഹിതയായ വൈഗ മരിച്ചെന്നാണ് സനു കരുതിയത്.

മകളെ കൊലപ്പെടുത്തി ആ പുഴിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും ഭകം കൊണ്ട് അതിന് തനിക്ക് സാധിച്ചില്ലെന്നാണ് സനു മൊഴിയിൽ പറയുന്നത്. പിന്നീട് കാറുമായി കോയമ്പത്തൂരിലേക്കാണ് പോയത്. കോയമ്പത്തൂരിൽ നിന്നും ബംഗളുരുവിൽ എത്തിയ ശേഷം ഇവിടെ നിന്നുമാണ് കൊല്ലൂരിൽ എത്തിയത്. ഇവിടെ കുറച്ചു ദിവസങ്ങൾ താമസിച്ച ശേഷമാണ് കാർവാർ ബീച്ചിലേക്ക് പോയത്. കാർവാറിൽ എത്തിയതും ആത്മഹത്യ ചെയ്യാൻ ലക്ഷ്യമിട്ടാണെന്നാണ് സനു പറയുന്നത്. ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

കടബാധ്യത കൊണ്ടാണെന്ന കടുംകൈ ചെയ്തത് എന്ന വാദവും പൊലീസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതി യാതൊരു വിധത്തിലും രക്ഷയില്ലെന്ന് കണ്ടാണ് ആത്മഹത്യാ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സനു പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. പതിനൊന്നര മണിക്ക് സിറ്റി പൊലീസ് കമ്മിഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടും.

കൊല്ലൂരിൽ ഒളിവിൽ താമസിച്ചിരുന്ന സനു ഹോട്ടലിൽ പണംനൽകാതെ മുങ്ങിയതിനെത്തുടർന്ന് കൊല്ലൂർ ബീന റെസിഡൻസി ജീവനക്കാർ പൊലീസിനെ അറിയിച്ചു. സനു ഹോട്ടലിൽ നൽകിയ ആധാർവിവരങ്ങൾ പരിശോധിച്ച് കർണാടക പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാൾ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടർന്ന് കാർവാറിൽവെച്ച് പിടികൂടുകയായിരുന്നു.

മാർച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകൾ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടിൽ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അർധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്ളാറ്റിൽ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്ളാറ്റിൽ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോൾ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കേരള പൊലീസിനെ 28 ദിവസമാണ് സനു മോഹൻ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.