- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഗയെ കൊന്നത് സനുവെന്ന് ഉറപ്പിക്കുമ്പോഴും എങ്ങനെ എന്നതിൽ അവ്യക്തത; തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു; ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകം; ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യവും ദുരൂഹം; സനുവിന്റെ രഹസ്യജീവിതത്തിന്റെ ചുരുളഴിക്കാൻ ഭാര്യയെയും ചോദ്യം ചെയ്യും
കൊച്ചി: സനു മോഹൻ തന്നെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്ന് കൊച്ചി പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാൽ, സനു പറയുന്നതു പോലെ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. ഏറെ ദുരൂഹത നിറഞ്ഞ രഹസ്യ ജീവിതം നയിച്ച വ്യക്തിയായിരുന്നു സനു മോഹൻ. അതുകൊണ്ട് തന്നെ ഇയാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ് പൊലീസ്.
വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി വിവരം കിട്ടിയിരുന്നു. ഇതിൽ നിന്നു തന്നെ കൊലയാളി സനുവാണെന്ന് പൊലീസ് ഉറപ്പിക്കുകയാണ് ഉണ്ടായത്. തുടർന്ന് സനുവിനെ ട്രോസ് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു തുടർന്നത്. ഈ ദൗത്യവും സനുവിന്റെ ഇടപെടൽ കൊണ്ട് ഇല്ലാതാകുകയാണ് ഉണ്ടായത്. കൊലപാതകം നടത്തിയതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ സനു ശ്രമിച്ചതോടെ ആത്മഹത്യ ചെയ്യാനാണ് ശ്രമമെന്ന ഇയാളുടെ വാദങ്ങളും സംശയത്തിലായിട്ടുണ്ട്.
പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തിയെന്നാണ് പൊലീസ് വിലിയിരുത്തുന്നത്. മൊഴികൾ ഇപ്പോഴും മാറ്റിപ്പറയുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ കൊല നടത്തിയത് സനുവാണെന്ന് ഉറപ്പിക്കുമ്പോഴും എന്തിന് കൊന്നു എങ്ങനെ കൊന്നു എന്ന കാര്യങ്ങളിൽ വ്യക്തത തേടുകയാണ് പൊലീസ്. ഇതിനായി സനുവിന്റെ ഭാര്യ രമ്യയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി കൊണ്ടാകും ചോദ്യം ചെയ്യൽ. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ ഏറെയുണ്ട്. ഈ ദുരൂഹതയുടെ ചുരുൾ അഴിച്ചാൽ മാത്രമേ കേസ് അന്വേഷണം പൂർണതയിൽ എത്തുകയുള്ളൂ.
സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ എച്ച്.നാഗരാജു വ്യക്തമാക്കി. ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നൽകാനാകൂ. അതുകൊണ്ട് ഡിഎൻഎ ഫലം അതീവ നിർണായകമായി മാറും.
നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു സനു മോഹൻ ഞെരിച്ചു കൊല്ലുകയായിരുന്നു. ഞെരിച്ചു കൊല്ലവേയാണ് രക്തക്കറ ഫ്ളാറ്റിൽ വീണതും. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. സനു മോഹൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാദവും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. അങ്ങനയെങ്കിൽ ഇത്രയും ദിവസം കൊണ്ട് അതിന് സാധിച്ചില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം.
ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.
നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ളാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.
സനുവിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും ചോദ്യംചെയ്യം. വൈഗയുടെ ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ച് ദുരൂഹതയുണ്ട്. ഇത് എങ്ങനെ വന്നുവെന്നതിന്റെ ഉത്തരമാണ് പൊലീസ് തേടുന്നത്. സനുമോഹന്റെ ഭാര്യയെയും അടുത്തബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങൾ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയിൽ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. സനുവിനെയും ഒപ്പമിരിത്തു ഭാര്യയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
താൻ ഏറ്റവും സ്നേഹിച്ചിരുന്നത് മകളെ ആയിരുന്നു. താൻ മരിച്ചാൽ മകൾക്ക് ആരുമുണ്ടാകില്ലെന്നു കരുതിയിരുന്നതിനാൽ അവളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നാണ് സനുവിന്റെ മൊഴി. അതിനാലാണു ഭാര്യയെ ബന്ധുവീട്ടിലാക്കി ഫ്ളാറ്റിലെത്തി മകളോടു കാര്യങ്ങൾ പറഞ്ഞശേഷം ശ്വാസം മുട്ടിച്ചത്. മകളെ പുഴയിൽ ഉപേക്ഷിച്ചശേഷം ആത്മഹത്യ െചയ്യാൻ ധൈര്യമുണ്ടായില്ല. അതിനാലാണ് നാടുവിട്ടത് എന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. വൈഗയെ പുതപ്പിൽ പൊതിഞ്ഞു കാറിലേക്ക് എടുത്തുകൊണ്ടു പോകുന്നതു കണ്ടതായി ഫ്ളാറ്റിൽനിന്നുള്ള ഒരാളുടെ മൊഴി നേരത്തെ പൊലീസിനു ലഭിച്ചിരുന്നു.
എന്നാൽ മകളുടെ ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കാണാതിരുന്നതിനാൽ മൊഴി പൂർണമായും കണക്കിലെടുക്കേണ്ട എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സംഭവം നടക്കുന്ന മാർച്ച് 21നോടു ചേർന്നുള്ള ഏതാനും ദിവസങ്ങളായി സനു സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. പിടിയിലാകുമ്പോൾ ഇയാളിൽനിന്ന് ഒരു ഫോൺ കണ്ടെത്തിയിരുന്നു. ഇതു മറ്റാർക്കും അറിയാത്ത ഫോണായിരുന്നെന്നാണു പറഞ്ഞിരിക്കുന്നത്. കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പിന്നെ ഇത്തരത്തിൽ ഒരു ഫോൺ കൈവശം വച്ചത് എന്തിനാണ് എന്നതു സംശയത്തിന് ആക്കം കൂട്ടുന്നു.
മകളെ പുഴയിൽ ഉപേക്ഷിക്കുമ്പോൾ അവൾ മരിച്ചിരുന്നില്ലെന്ന വിവരം ബെംഗളൂരുവിൽ വച്ചാണ് ഇയാൾ അറിയുന്നതൈന്നാണു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ സംഭവം നടന്ന് 27 ദിവസമായിട്ടും എന്തുകൊണ്ടു പൊലീസിനു പിടികൊടുക്കാതെ മുങ്ങി പല സ്ഥലങ്ങളിലേക്കു പോയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. അതിർത്തി കടന്നശേഷം ബെംഗളൂരുവിലേക്കു പോയി അവിടെ നിന്നു കോയമ്പത്തൂരിലെത്തി വാഹനം വിൽക്കുകയായിരുന്നു എന്നാണു പറഞ്ഞിരിക്കുന്നത്. 50,000 രൂപ ലഭിച്ചു. ഈ പണംകൊണ്ടാണു ഗോവയിലും മംഗളൂരുവിലുമെല്ലാം പോയത്. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോഴാണു മംഗളൂരുവിലെ ലോഡ്ജിൽനിന്നു മുങ്ങിയത്. ഇവിടെനിന്നു ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത് എന്നും പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.