- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൈഗയെ കൊലപ്പെടുത്തിയത് താൻ തന്നെ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ല'; കുറ്റസമ്മതവുമായി പിതാവ് സനു മോഹൻ; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം; കൊച്ചിയിൽ എത്തിച്ച പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
കൊച്ചി: തൃക്കാക്കരയിൽ വൈഗയെന്ന 13കാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതവുമായി പിതാവ് സനു മോഹൻ. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. വൈഗയെ കൊലപ്പെടുത്തിയത് താനാണ്.മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് സനു മോഹന്റെ മൊഴി.
അതേസയം ഈ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. സനു മോഹൻ ഒരു സമർഥനായ കുറ്റവാളിയാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അെതുകൊണ്ട് മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂകാംബികയിൽ നിന്നും മുങ്ങിയ സനു മോഹൻ ഗോവയിലേക്കാണ് പോയിരുന്നതെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. കർവാറിൽ ബീച്ചിൽ വച്ചാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറയുന്നു. നേരത്തെ കർണാടക പൊലീസാണ് പ്രതിയെ പിടികൂടിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, കേരളാ പൊലീസ് തന്നെയാണ് പ്രതിയെ പൊക്കിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പൊലീസ് കമ്മിഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
സനു മോഹൻ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ കൊച്ചിയിൽനിന്നുള്ള അന്വേഷണസംഘം പുറപ്പെട്ടിരുന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. കർണാടക പൊലീസ് സനുവിനെ കൊച്ചി സിറ്റി പൊലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു.
കൊല്ലൂരിൽ ഒളിവിൽ താമസിച്ചിരുന്ന സനു ഹോട്ടലിൽ പണംനൽകാതെ മുങ്ങിയതിനെത്തുടർന്ന് കൊല്ലൂർ ബീന റെസിഡൻസി ജീവനക്കാർ പൊലീസിനെ അറിയിച്ചു. സനു ഹോട്ടലിൽ നൽകിയ ആധാർവിവരങ്ങൾ പരിശോധിച്ച് കർണാടക പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാൾ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടർന്ന് കാർവാറിൽവെച്ച് പിടികൂടുകയായിരുന്നു.
മാർച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകൾ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടിൽ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അർധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്ളാറ്റിൽ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്ളാറ്റിൽ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോൾ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കേരള പൊലീസിനെ 28 ദിവസമാണ് സനു മോഹൻ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ