തിരുവനന്തപുരം: ധനമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഐ(എം) ചർച്ച നടത്തിയിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. പി.സി. ജോർജിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഇടതുമുന്നണിയിലേക്ക് കെ.എം.മാണിയെ വേണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു.

എന്നാൽ എംപി. വീരേന്ദ്രകുമാറിനു താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടാം. മുന്നണിയിലേക്കു തിരിച്ചുവരാം. വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ട്. ഇവർ തിരിച്ചുവരുന്നതിനെ എതിർക്കില്ല. കെ.എം. മാണിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം തുടരും. അന്തിമരൂപം തിങ്കളാഴ്ച എൽഡിഎഫ് തീരുമാനിക്കുമെന്നും വിശ്വൻ കൂട്ടിച്ചേർത്തു. ഒരു ഘട്ടത്തിൽ ധനമന്ത്രി കെ.എം. മാണി ഇടതു മുന്നണിയിൽ ചേരാൻ തീരുമാനിച്ചിരുന്നുവെന്നായിരുന്നു പി.സി. ജോർജിന്റെ പ്രസ്താവന. ഇതാണ് വൈക്കം വിശ്വൻ തള്ളിക്കളയുന്നത്. ഇത്തരം പ്രസ്താവനകൾ ഇടതു മുന്നണിയുമായി ചേർന്ന് നിന്ന് നടത്തരുതെന്ന് ജോർജിനോട് ഇടതു പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം എന്തുതന്നെയാണെങ്കിലും എസ്എൻഡിപിയുമായുള്ള ബന്ധം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും വ്യക്തമാക്കി. എസ്എൻഡിപി ബാന്ധവത്തിൽ പുനർവിചിന്തനമില്ല. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈമാസം 12, 13 തീയതികളിൽ നേതൃയോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റു സാമുദായിക സംഘടനകളുടെ പിന്തുണ തേടുമെന്നും മുരളീധരൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എസ്എൻഡിപി പിന്തുണയോടെയാണ് ബിജെപി മൽസരിക്കുന്നത്. ഇത് ഗുണം ചെയ്യുന്നുവെന്ന സൂചനയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകളിൽ ഉള്ളത്.