വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന്. പുലർച്ചെ 4.30 ന് ആരംഭിക്കുന്ന അഷ്ടമി ദർശനം ഉച്ചയ്ക്കു 2 വരെ നീളും. രാത്രി 11 നാണ് ഉദയനാപുരത്തപ്പന്റെ വരവ്. പുലർച്ചെ 2ന് അഷ്ടമി വിളക്കും വലിയ കാണിക്കയും. 3.30നു ഉദയനാപുരത്തപ്പന് ഭക്തിനിർഭരമായ യാത്രയയപ്പ്. ഭക്തർ ക്ഷേത്രത്തിന്റെ കിഴക്ക്, തെക്ക്, വടക്ക് ഗോപുരനടകൾ വഴി ഉള്ളിൽ പ്രവേശിക്കണം.

അഷ്ടമി ദിവസം പടിഞ്ഞാറെ ഗോപുര നടവഴി പ്രവേശനം ഉണ്ടായിരിക്കില്ല. നാലമ്പലത്തിനകത്ത് പ്രവേശിക്കുന്നവർ സോപാന നടയിലെത്തി ദർശനത്തിനു ശേഷം പ്രദക്ഷിണം ഒഴിവാക്കി വടക്കേവാ തിൽ വഴി പുറത്തിറങ്ങണം. നാളെ വൈകിട്ട് 6നു ഉദയനാപുരം ക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്. രാത്രി കൂടിപ്പൂജ വിളക്ക്.

അഷ്ടമി ദിനത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശിക്കുന്നവർക്ക് അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.
അഷ്ടമി ഉത്സവത്തിന്റെ മുഴുവൻ പ്രൗഢിയും ഗാംഭീര്യവും വർണ വിസ്മയം ചേർക്കുന്ന ചടങ്ങാണ് അഷ്ടമി വിളക്ക്. രാത്രി 11 മുതൽ രണ്ടു വരെ വൈക്കം മഹാദേവക്ഷേത്രം ഇതിനു സാക്ഷ്യം വഹിക്കും.

വൈക്കത്തുനിന്ന് മൂന്നു കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. വൈക്കത്തപ്പന്റെ മകനാണ് ഉദയനാപുരത്തപ്പൻ എന്ന് വിശ്വസിച്ചുപോരുന്നു. അഷ്ടമിദിനത്തിൽ രാത്രിയിൽ നടത്തിവരുന്ന 'അഷ്ടമിവിളക്ക്' ചടങ്ങ് ഉദയനാപുരത്തപ്പനെ വരവേൽക്കാൻവേണ്ടിയാണ്. ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ച് വിജയശ്രീലാളിതാനായെത്തുന്ന സുബ്രഹ്മണ്യനെ പിതാവായ വൈക്കത്തപ്പൻ സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ്.

ദേവീദേവന്മാർ ഒന്നിച്ചണിനിരക്കുകയും ലക്ഷദീപങ്ങൾ മിഴിതുറക്കുകയും ചെയ്യുന്ന മുഹൂർത്തമാണിത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗവും ഉണ്ടാകും. ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ ചമയങ്ങളില്ലാതെ വൈക്കത്തപ്പന്റെ തിടമ്പേറ്റിയ ആനയെ എഴുന്നള്ളിച്ചു നിർത്തും. പുത്രനെ കാണാത്തതുമൂലം ഉപവാസവും യജ്ഞങ്ങളും ദാനങ്ങളും നടത്തി നിൽക്കുന്ന ഭഗവാന്റെ ഭാവമാണിത്. അസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി കൂട്ടുമ്മേൽ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം രാജകീയ പ്രൗഢിയോടെ വരുന്ന ഉദയനാപുരത്തപ്പന് നൽകുന്ന പ്രൗഢോജ്വല വരവേൽപ്പാണ് അഷ്ടമി വിളക്കിലെ പ്രധാന ദൃശ്യം.