കൊച്ചി: സിറ്റിങ് എംഎൽഎമാർക്കെല്ലാം വീണ്ടും മത്സരിക്കാൻ അവസരം നൽകിയപ്പോൾ തന്നെ മാത്രം ഒഴിവാക്കിയ സിപിഐ നടപടിയിൽ ഇടഞ്ഞ് വൈക്കം എംഎൽഎ കെ അജിത്ത്. രണ്ടു ഘട്ടം എംഎൽഎയായവർക്ക് വീണ്ടും മത്സരിക്കാൻ സീറ്റ് നൽകില്ലെന്നുള്ള പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സി ദിവാകരൻ അടക്കമുള്ളവർക്ക് വീണ്ടും അവസരം നൽകിയപ്പോഴാണ് പട്ടികജാതിക്കാരനായ കെ അജിത്തിന് പാർട്ടി തഴഞ്ഞത്. ഇതോടെ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി അജിത്ത് രംഗത്തു വന്നു. സംഭവങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന കോൺഗ്രസ് അജിത്തിനെ മറുകണ്ടം ചാടിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്.

തന്നെ ഒഴിവാക്കിയതിലുള്ള പ്രതിഷേധവും ഒപ്പം പാർട്ടി നേതൃത്വത്തോടുള്ള എതിർപ്പും അജിത്ത് വ്യക്തമാക്കി. താനൊരു പട്ടികജാതിക്കാരനായതുകൊണ്ടാവാം പാർട്ടി തനിക്കു മാത്രം സീറ്റ് നിഷേധിച്ചതെന്നും താൻ വിശ്വസിക്കുന്നതായും അജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇങ്ങനെ തോന്നാൻ കാരണം പാർട്ടി ഇറക്കിയ സ്ഥാനാർത്ഥി ലിസ്റ്റിൽ രണ്ടു ടേം കഴിഞ്ഞിട്ടും മത്സരിക്കുന്നവരിൽ താൻ മാത്രമാണ് ദളിതൻ എന്നതാവാം.

മുൻ എംഎൽഎയും സിപിഐ നേതാവുമായ എ കെ കേശവന്റെ മകൻ എന്ന പരിഗണന പോലും തരാതെയാണ് തന്നെ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നും തഴഞ്ഞത്. ഇപ്പോൾ വൈക്കത്ത് സ്ഥാനാർത്ഥിയായ പാർട്ടി പ്രഖ്യാപിച്ച ആഷയെ എവിടെ നിന്നും ലഭിച്ചെന്ന് തനിക്കറിയില്ലെന്നും അജിത്ത് പറയുന്നു. പാർട്ടി തീരുമാനത്തിൽ ശക്തമായ പ്രതിഷേധമുണ്ട്. സി ദിവാകരന് സീറ്റ് കൊടുക്കാമെങ്കിൽ തനിക്കും സീറ്റ് തരാം. ഒഴിവാക്കുന്നതിൽ ഇപ്പോൾ പാർട്ടി സ്വീകരിച്ച നയം പട്ടികജാതിക്കാരൻ ആണെന്നുള്ളതാണ്. ഇത് അവഗണനയാണെന്നും അജിത് പറയുന്നു.

അതേസമയം ഭാവി പരിപാടികൾ എന്താണെന്ന് വ്യക്തമാക്കാൻ അജിത്ത് തയ്യാറായില്ല. വൈക്കം സീറ്റ് ലഭിക്കാത്തത്തതിൽ പ്രതിഷേധം ഉണ്ടെങ്കിലും പാർട്ടി വിടാൻ തല്ക്കാലം അജിത്ത് ഉദ്ദേശിക്കുന്നില്ലെന്നതാണ് സൂചന. പാർട്ടിയുമായി ചർച്ചകൾ വീണ്ടും നടത്തുമെന്നും അതിനു ശേഷം മാത്രമേ റിബലായി മത്സരിക്കണോ അതോ പാർട്ടി വിടണോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്. അജിത്തിന്റെ പേര് ജില്ലാ ഘടകം പരിഗണിച്ചിരുന്നില്ല. എന്നാൽ സി ദിവാകരനടക്കമുള്ളവരുടെ പേരുകൾ അതാതു ജില്ല കമ്മറ്റികൾ പരിഗണിച്ച ശേഷം സംസ്ഥാന ഘടകത്തെ അറിയിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. സിപിഐ കോട്ടയം ജില്ലാ പാർട്ടി ഘടകത്തിൽ തന്നെ അജിത്തിനെ മത്സരിപ്പിക്കേണ്ട എന്ന വികാരമാണ് ഉയർന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അജിത്ത് വിമതസ്വരം ഉയർത്തിയതോടെ അനുനയശ്രമങ്ങളുമായി പാർട്ടിയും രംഗത്തെത്തി. ബിനോയ് വിശ്വത്തെയാണ് അജിത്തിനെ അനുനയിപ്പിക്കാൻ പാർട്ടി നിയോഗിച്ചത്. ബിനോയ് വിശ്വം നേരിട്ടെത്തി അദ്ദേഹവുമായി ചർച്ചനടത്തി. ഉറച്ച വിജയസാധ്യതയുള്ള സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണ് അജിത്തിനെ സ്ഥാനാർത്ഥിയാക്കാത്തതെന്ന് ബിനോയ് വിശ്വം അജിത്തിനോട് പറഞ്ഞത്.

അതിനിടെ ഇടഞ്ഞുനിൽക്കുന്ന അജിത്തിനെ വലയിലാക്കാൻ കോൺഗ്രസും ശ്രമം തുടങ്ങി. ആലപ്പുഴ ഡി.സി.സി നേതാവ് അജിത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ഇടതിന്റെ കോട്ടയായ വൈക്കത്ത് അജിത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ഒരു മത്സരം കാഴ്‌ച്ചവെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ അദ്ദേഹം പാർട്ടി വിടുന്നതിനോട് അജിത്തിന് താൽപ്പര്യം കുറവാണെന്നാണ് സൂചന. മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്തില്ലാത്തതിനാൽ ഇത്തരമൊരു നീക്കത്തിന് ശക്തി കുറവാണ് താനും.