വൈക്കം: വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മുങ്ങിത്താഴ്ന്ന വീട്ടമ്മയ്ക്ക് രക്ഷകരായി ഹൗസ്‌ബോട്ട് ജീവനക്കാർ. വെച്ചൂർ അച്ചിനകം പുത്തൻ ചിറയിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ബീനയ്ക്ക് കുമരകം ലേക്ക് ക്രൂസ് ഹൗസ് ബോട്ടിലെ ഡ്രൈവർ സുജിത്ത്, മറ്റൊരു ജീവനക്കാരനായ മഹേഷ് എന്നിവരാണ് രക്ഷകരായത്.രക്ഷാപ്രവർത്തനം നടത്തിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ബീന തന്റെ ചെറുവള്ളത്തിൽ പുത്തൻകായലിലേക്ക് പുല്ലു ചെത്താൻ പോകുന്നതിനിടെയാണ് അപകടം വെച്ചൂരിൽ നിന്നു രാവിലെ 11ന് യാത്ര ആരംഭിച്ച ഹൗസ്‌ബോട്ട് കുറച്ചു ദൂരം നീങ്ങിയപ്പോൾ അര കിലോമീറ്റർ അകലെ ആരോ മുങ്ങി താഴുന്നതുകണ്ടു. സുജിത് ആ ഭാഗത്തേക്കു ബോട്ട് ഓടിച്ചു.

ഇതിനിടെ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് കണ്ടു. കുട്ട വഞ്ചിക്കാരാവുമെന്നു കരുതി വേഗം കൂട്ടി മുന്നോട്ടുപോയപ്പോൾ പ്ലാസ്റ്റിക് കാണാതായി. നിമിഷങ്ങൾക്കുള്ളിൽ 200 മീറ്റർ അകലെ ഒരു കൈ വെള്ളത്തിനു മുകളിൽ കണ്ടു.

ഒപ്പമുണ്ടായിരുന്ന മനീഷിനെ ബോട്ടിന്റെ സ്റ്റിയറിങ് ഏൽപിച്ച് സുജിത് വെള്ളത്തിലേക്കു ചാടി. നീന്തി അടുത്തെത്തിയപ്പോൾ ആളെ കാണാനില്ല. മുങ്ങിത്തപ്പുന്നതിനിടെ കയ്യിൽ പിടിത്തം കിട്ടി. വെള്ളത്തിനു മുകളിലെത്താൻ ഏറെ പാടുപെട്ടു. മഹേഷിന്റെ സഹായത്തോടെ ബീനയെ രക്ഷിക്കാനായി.

ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളിൽ നഴ്‌സായ യുവാവുമുണ്ടായിരുന്നു. ഇദ്ദേഹം ബീനയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ടൂറിസ്റ്റുകളോടൊപ്പം സുജിത്ത് യാത്ര തുടർന്നു. ബീനയെ കരയ്ക്ക് എത്തിച്ചപ്പോഴാണ് താൻ രക്ഷപ്പെടുത്തിയത് അടുത്ത ബന്ധുവിനെയാണെന്നു സുജിത്തിനു മനസ്സിലായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷൻ സോജി ജോർജ് എന്നിവർ സംഭവ സ്ഥലത്തെത്തി.