- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹരാജാസിന്റെ മാവിൻ ചുവട്ടിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് ഐക്യദാർഢ്യവുമായി ഇരിപ്പ് സമരം; സുവോളജി ക്ലാസിൽ നിന്നും രക്ഷപ്പെട്ടുള്ള സ്വാതന്ത്ര്യസമര പങ്കാളിത്തം വഴിവെച്ചത് എണ്ണമറ്റ ഒളിവു ജീവിതത്തിലേക്ക്; നെഹറുവുമായും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച്ച പോരാട്ടങ്ങൾക്ക് കരുത്തേകി; നൂറുവർഷത്തെ പോരാട്ട ജീവിതം അവസാനിപ്പിച്ച് വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ മടങ്ങുന്നു

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും ശാസ്ത്രജ്ഞനുമായ വൈലോപ്പിള്ളി ബാലകൃഷ്ണ മേനോന്റെ ജീവിതം സമാനതകളില്ലാത്ത പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ കൂടിയാണ് പറയുന്നത്. 100ാം വയസ്സിൽ കലൂർ ചെറുപിള്ളി റോഡ് തെക്കേ ചെറുപിള്ളി വീട്ടിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് നാലിനായിരുന്നു അന്ത്യം.
വൈലോപ്പിള്ളി കുഞ്ഞിക്കുട്ടിയമ്മയുടെയും ടി. സുബ്ബരാമയ്യരുടെയും ആറ് പുത്രന്മാരിൽ ആറാമനായി 1921ൽ കലൂരിലാണ് ജനനം. എറണാകുളം മഹാരാജാസിൽ നിന്ന് ബി.എസ്സി ബിരുദവും അലഹബാദ് സർവ്വകലാശാലയിൽ നിന്ന് എം.എസ്സി.യും പി.എച്ച്.ഡിയും നേടി. പാരീസിലെ ബോർബോൺ സർവകലാശാലയിൽ യുനെസ്‌കോ സ്‌കോളർഷിപ്പോടെ മറൈൻ ബയോളജിയിൽ ഉപരിഗവേഷണം നടത്തി. ഉപരിപഠനത്തിന് ശേഷം സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. പ്രൊഫസർ എമിറിറ്റസ് ആയാണ് വിരമിച്ചത്.
1942ൽ മഹാരാജാസിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് എട്ട് മാസം ജയിൽവാസം അനുഷ്ഠിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ പനമ്പിള്ളി ഗോവിന്ദമേനോൻ, ഇക്കണ്ടവാര്യർ, സി. അച്യുതമേനോൻ തുടങ്ങിയ പ്രമുഖർക്കൊപ്പമായിരുന്നു ജയിൽ വാസം.
1942 ൽ സ്വാതന്ത്ര്യസമരം അതിന്റെ ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോൾ കോളേജിലെ മാവിൻ ചുവട്ടിൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ ഇരിപ്പ് സമരം നടത്തിയത് ബാലകൃഷ്ണമേനോന്റെ കൂടി നേതൃത്വത്തിലായിരുന്നു.
അന്ന് ബിഎസ്സി ഫൈനലിയർ കാരാനായിരുന്ന ബാലകൃഷ്ണമേനോൻ സുവോളജി ക്ലാസുകളിൽ നിന്ന് രക്ഷപ്പെട്ട് ക്വിറ്റ് ഇന്ത്യാസമരത്തിന്റെ ആവേശത്തിൽ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുകയായിരുന്നു.വിദ്യാർത്ഥികളുടെ പ്രവർത്തനം സമരത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് കോളേജ് അടയ്ക്കുകയും ചെയ്തതോടെ സമരത്തിന് നേതൃത്വം നൽകിയവരൊക്കെ പൊലീസിന്റെ പട്ടികയിൽപ്പെട്ടു. പല ദിവസവും ഒളിവിൽ കഴിയേണ്ടിവന്നു. അന്ന് കലൂർ ഭാഗങ്ങളിൽ വൈദ്യുതി എത്തിനോക്കിയിട്ട് പോലുമില്ലായിരുന്നു. കാടും മരങ്ങളും ധാരാളമുണ്ടായിരുന്നുതാനും. ഇതിനിടെ കോളേജുള്ള ദിവസങ്ങളിൽ കാമ്പസിനകത്ത് സമാധാനപരമായ സമരങ്ങളും നടന്നു. കാമ്പസിൽ നിന്ന് അറസ്റ്റ് പാടില്ലാത്തതിനാൽ പലപ്പോഴും പൊലീസുകാർ ഇത് നോക്കി നിൽക്കുകയേയുള്ളു. ഒടുവിൽ കാമ്പസ് വിട്ട് പുറത്തു കടന്നപ്പോൾ സൗകര്യമായി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്ന് ഒരു പകൽമുഴുവൻ പൊലീസ് ജീപ്പിൽ എറണാകുളം ചുറ്റി. എസ്ഐ ശങ്കരമേനോന്റെ നേതൃത്വത്തിലായിരുന്നു ഈ ചുറ്റൽ. എവിടെയാണ് കൊണ്ടുപോയതെന്ന് മറ്റുള്ളവർക്ക് ഒരു സൂചന പോലും നൽകാതിരിക്കാനായിരുന്നു ഇത്. തുടർന്ന് രാത്രിയിൽ പൊലീസ് ജീപ്പ്പിൽ നേരെ തൃശൂർ സബ് ജയിലിലേക്ക്.തുടർന്ന് വിയ്യൂർ ജയിലിലേക്ക്. അവിടെ സഹതടവുകാരായി സി.അച്യുതമേനോനും പനമ്പിള്ളി ഗോവിന്ദ മേനോനും. കാമ്പസിൽ നിന്ന് 15 വിദ്യാർത്ഥികളായിരുന്നു അന്ന് അറസ്റ്റിലായത്. സാഹിത്യകാരൻ പി.കെ. ബാലകൃഷ്ണൻ, എം.കെ. ജോൺ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കെ.കരുണാകരനും മറ്റും അന്ന് തടവിൽകഴിയുകയായിരുന്നു. അറസ്റ്റ് ചെയ്‌തെങ്കിലും വിദ്യാർത്ഥികൾക്ക് നേരെ പ്രത്യേകിച്ച് കുറ്റം ചുമത്തിയിരുന്നില്ല. അതിനാൽ ജയിൽ ജീവിതത്തിലും ഏറെ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
രണ്ട് മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തു കടന്നു. പക്ഷേ ഇതിനിടെ കോളേജിൽനിന്ന് രണ്ടുവർഷത്തേക്ക് ഡീ ബാർ ചെയ്തു. പഠിച്ച കോളേജിന്റെ പടിക്കകത്ത് കടക്കാനാകാത്ത സ്ഥിതി.പഠനം പൂർത്തിയാക്കാൻ നേരെ അലഹബാദിലേക്ക് വണ്ടികയറി. അവിടെ നെഹ്റുവിന്റെ ആനന്ദഭവന് സമീപമായിരുന്നു ഹോസ്റ്റൽ. ഒരിക്കൽ വി.കെ.കൃഷ്ണമേനോൻ ആനന്ദഭവനിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് ബന്ധുവും കവി വൈലോപ്പിള്ളിയുടെ അനുജനുമായ അരവിന്ദാക്ഷമേനോനുമായി അദ്ദേഹത്തെ കാണാൻ ആനന്ദഭവനിലെത്തി. മലയാളത്തിൽ ഒരു കുറിപ്പ് കൊടുത്തയച്ചു പുറത്തു കാത്തു നിന്നു.
നിമിഷങ്ങൾക്കകം സാക്ഷാൽ വി.കെ കൃഷ്ണമേനോൻ പുറത്തേക്ക് ഇറങ്ങിവന്നു. വൈലോപ്പിള്ളി കുടുംബത്തിൽ നിന്നാണെന്നും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു എന്നും കേട്ടതോടെ ഇരുവരെയും അദ്ദേഹം വാരിപ്പുണർന്നു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ നെഹ്റുവും വിജയലക്ഷ്മി പണ്ഡിറ്റും തൊട്ടുമുന്നിൽ. വി.കെ.കൃഷ്ണമേനോൻ പരിചയപ്പെടുത്തിയപ്പോൾ കുശലം ചോദിച്ച് നെഹ്റു ചുമലിൽതട്ടിയതും അവിസ്മരണീയമായ അനുഭവമായി ബാലകൃഷ്ണമേനോൻ ഒരിക്കൽ വ്യക്തമാക്കിയിരുന്നു.
ഗാന്ധിജിയേയും നേരിൽ കണ്ടിട്ടുണ്ട് ബാലകൃഷ്ണമേനോൻ. എറണാകുളത്ത് ഗാന്ധിജി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ നേരിൽകാണാനുള്ള ഭാഗ്യമുണ്ടായത്. ഇതൊക്കെയാണെങ്കിലും പഠനത്തിരക്കിൽപ്പെട്ട് തുടർസമരങ്ങളിൽ നിന്ന് മാറി നിന്നെങ്കിലും എറണാകുളത്ത് നിന്ന് അലഹബാദിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഈറോഡിൽ വച്ചാണ് സ്വാതന്ത്ര്യപ്രഖ്യാപനം അറിഞ്ഞത്.പുലർച്ചെ മദ്രാസിലിറങ്ങി ആഘോഷങ്ങളിൽ പങ്കാളികളായി.
തുടർന്നാണ് അലഹാബാദ് സർവകലാശാലയിൽ നിന്നു ജന്തുശാസ്ത്രത്തിൽ എംഎസ്സിയും പിഎച്ച്ഡിയും പൂർത്തിയാക്കി പാരിസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ പഠനവും നടത്തിയശേഷം സിഎംഎഫ്ആർഐയിൽ സയന്റിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ക്വിറ്റ് ഇന്ത്യ സമര വാർഷികത്തിൽ കേന്ദ്രസർക്കാരിന്റെ ആദരം വീട്ടിലെത്തിച്ചു നൽകിയിരുന്നു.
മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ബന്ധുവായ ബാലകൃഷ്ണമേനോൻ.ഭാര്യ പരേതയായ സതീരത്‌നം. മക്കൾ: ശ്രീദേവി, ഗീത, ശിവറാം, അഡ്വ. ടി.സി. കൃഷ്ണ (സീനിയർ സെന്റർ ഗവ. കൗൺസിൽ). മരുമക്കൾ: ശശിധരൻ, വേണുഗോപാൽ, മഞ്ജുള, ഡോ. ബിന്ദു.സംസ്‌കാരം ഇന്ന് 11.30ന് പച്ചാളം ശ്മശാനത്തിൽ നടക്കും.


