വമാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കഥകൾ ചില സമയം ഏറെ പൊല്ലാപ്പുകൾ സൃഷ്ടിക്കാറുണ്ട്. സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ഇത് കൂടുതൽ ദുരിതം വിതയ്ക്കുന്നത്. പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ എന്തെന്നു വെളിപ്പെടുത്താൻ ഒടുവിൽ ഇരയായവർ നേരിട്ടിറിങ്ങുകയും ചെയ്യും.

ഇപ്പോഴിതാ സംവിധായകൻ വൈശാഖാണ് തന്റെ പേരിൽ പ്രചരിച്ച അപവാദങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുമായി തനിക്കു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്ന വ്യാജപ്രചാരണത്തിനു മറുപടിയുമായാണ് വൈശാഖ് എത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലാണ് വൈശാഖിന്റെ മറുപടിക്കത്തു പ്രസിദ്ധീകരിച്ചത്.

മമ്മൂട്ടിയെ വച്ചൊരു സിനിമ ഇനി ഉണ്ടാകില്ലെന്നും പോക്കിരാജയുടെ തിരക്കഥ മമ്മൂട്ടി 10 തവണ മാറ്റിയെഴുതിച്ചെന്നും വൈശാഖ് പറഞ്ഞതായാണ് മുമ്പ് പ്രചാരണമുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു വൈശാഖ് കത്തിൽ പറയുന്നു. വൈശാഖിന്റെ ചിത്രം വച്ചാണ് പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചത്.

താൻ ഏറെ ആരാധിക്കുന്ന മമ്മൂക്കയ്‌ക്കെതിരെ ആയതിനാലാണ് മറുപടിക്കത്തിടുന്നതെന്നും വൈശാഖ് വിശദീകരിക്കുന്നു. പോക്കിരിരാജയിലൂടെ മമ്മൂട്ടി തന്നെ ജീവിതത്തിലേക്കാണ് കൈപിടിച്ച് കയറ്റിയതെന്നും വൈശാഖ് പറയുന്നു. മമ്മൂട്ടിയെ വച്ചൊരു സിനിമ ഇനി സംവിധാനം ചെയ്യില്ലെന്നും സിനിമയുടെ തിരക്കഥ പത്തിലേറെ തവണ മമ്മൂട്ടി മാറ്റിയെഴുതിച്ചെന്നും മറ്റുമാണ് വൈശാഖ് പറഞ്ഞതായി ഫേസ്‌ബുക്കിൽ പ്രചരിച്ചത്.

മമ്മൂട്ടിയെന്ന മഹാനടന്റെ മുന്നിൽ പോയി പറയാൻ തക്കവണ്ണം മികച്ചൊരു കഥാപാത്രം ലഭിക്കാത്തതുകൊണ്ടാണ് അദ്ദേഹവുമൊത്തുള്ള സിനിമ വൈകുന്നതെന്നും വൈശാഖ് കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണങ്ങളുമായി സോഷ്യൽ മീഡിയ ദുർവിനിയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നും വൈശാഖ് പറയുന്നു.

മമ്മൂട്ടിച്ചിത്രമായ 'പോക്കിരിരാജ'യിലൂടെയാണ് വൈശാഖ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇതോടെ വൈശാഖിന്റെ കരിയറും ഉയരങ്ങളിലെത്തി. തുടർന്നു സംവിധാനം ചെയ്ത സീനിയേഴ്‌സും മല്ലു സിങ്ങുമൊക്കെ സൂപ്പർ ഹിറ്റുകളാകുകയും ചെയ്തു. കസിൻസ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള വൈശാഖ് ചിത്രം.