തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ ക്രൂരമായി അടിച്ചുകൊന്നകേസിൽ കൊലയാളി സംഘത്തിന്റെ സഹായികളായി പ്രവർത്തിച്ച രണ്ടുപേർ ഇപ്പോഴും ഒളിവിൽ. ഭരണകക്ഷിയിലെ പ്രാദേശിക നേതാവാണ് ഇവരെ സഹായിക്കുന്നതെന്നാണ് ആരോപണം. അതിനിടെ ഇവരെ സഹായിക്കുന്നവർക്കെതിരേയും കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കേസിൽ അഞ്ച് പേരാണ് പിടിയിലായത്. വക്കം മണക്കാട് വീട്ടിൽ ഷബീറിനെ (27) കൊലപ്പെടുത്തിയ കേസിൽ ഭാഗവതർ മുക്ക് പുതിയവീട്ടിൽ ആദർശ്, തുണ്ടത്തിൽ വീട്ടിൽ മോനിക്കുട്ടൻ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. കേസിൽ വക്കം മൂന്നാലുംമൂട് വലിയവീട്ടിൽ സതീഷ് (22), സന്തോഷ് (23), കുഞ്ചംവിളാകം വീട്ടിൽ ഉണ്ണിക്കുട്ടനെന്ന വിനായക് (21), ഈച്ചവിളാകത്ത് പൊട്ടുവിളാകം വീട്ടിൽ വാവായെന്ന കിരൺകുമാർ , സഹായി അപ്പിയെന്ന രാജു (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് പ്രധാന പ്രതികൾ. കൊല നടത്താൻ ഷബീറും ഉണ്ണികൃഷ്ണനും ബൈക്കിൽ പോയ വിവരം മോനിക്കുട്ടനും സുഹൃത്തുമാണ് പ്രതികളെ അറിയിച്ചത്.

കൊലപാതകത്തിൽ മോനിക്കുട്ടനും സഹായിക്കും നേരിട്ട് ബന്ധമില്ലെങ്കിലും കൊലയ്ക്ക് സഹായം ചെയ്തുകൊടുത്തതിന്റെ പേരിലാണ് ഇരുവരെയും കേസിൽ പ്രതിചേർത്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മോനിക്കുട്ടനും ആദർശും മൊബൈൽ ഫോണുപയോഗിക്കുന്നില്ല. ഇവർ ഒളിവിൽ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തെരച്ചിൽ തുടരുന്നുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. ഇവരെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെയും കേസിൽ പ്രതിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം പ്രതികൾ കൊലപാതകത്തിന് മുമ്പും പിമ്പും വൈക്കത്ത് ഭരണകക്ഷിയിലെ ഒരുപ്രാദേശിക നേതാവുമായി ഫോണിൽ ബന്ധപ്പെട്ടതായി സൂചനയുണ്ട്.

എന്നാൽ ഇയാളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാരിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.