ആറ്റിങ്ങൽ: വക്കത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് പേരും അറസ്റ്റിലായി. കൊലപാതകം നടത്തിയ വക്കം സ്വദേശികളായ പൊലീസ് കസ്റ്റഡിയിൽ എടുത്തത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഷെബീറിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ വക്കം സ്വദേശികളായ വിനായക്, കിരൺ, സന്തോഷ്, സതീഷ് എന്നിവരെയാണ് അജ്ഞാത കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടികൂടിയത്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഷെബീറിനും സുഹൃത്ത് ഉണ്ണികൃഷ്ണനും നേരെ വക്കം റെയിൽവേ ക്രോസിന് സമീപത്ത് വച്ച് സംഘടിത ആക്രമണം നടന്നത്. ക്രൂരമർദ്ദനത്തിനിരയായ ഷെബീർ തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. വക്കം സ്വദേശികളായ ആറംഗ സംഘം യുവാക്കളെ വളഞ്ഞ് വച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. സുരക്ഷാ ഉറപ്പാക്കാൻ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചതായി റൂറൽ എസ് പി ഷെഫീൻ അഹമ്മദ് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ഷെബീറിന്റെ സംസ്‌കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെയാണ് ഷെബീറിന്റെ മൃതദേഹം വക്കത്തെ വീട്ടിലെത്തിച്ചത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് പ്രദേശത്ത് ഹർത്താൽ ആചരിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് വൻപൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.

പ്രതികളുടെ പൂർണ്ണ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വക്കം ഉടക്കുവിളാകത്ത് വീട്ടിൽ പ്രസന്നന്റെ മക്കളായ സന്തോഷും സതീഷുമാണ് ക്രൂരമായ കൊലപാതകത്തിന് നേതൃത്വം കൊടുത്തവരെന്നാണ് പൊലീസ് പറയുന്നത്. നിലയ്ക്കാമുക്കിൽ നിന്നും വക്കത്തേക്ക് വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയിൽവേ ക്രോസിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി അടിച്ചുവീഴ്‌ത്തുകയായിരുന്നു.

രക്ഷപെടാനായി ഓടിയ ഷബീറിനെ സതീഷും സന്തോഷും പിന്തുടർന്ന് പിടികൂടുകയും സതീഷ് ഷബീറിന്റെ അടിച്ചുവീഴ്‌ത്തുകയുമായിരുന്നു. തലയ്‌ക്കേറ്റ ആദ്യ അടിയിൽ തന്നെ ബോധം നഷ്ടമായ ഷബീറിന്റെ കാലുകൾ സന്തോഷ് കൂട്ടിപ്പിടിക്കുകയും സതീഷ് തുടർച്ചയായി അടിക്കുകയുമായിരുന്നു. മൃതപ്രായനായ ഷബീറിന്റെ കാൽ ചവിട്ടി ഓടിക്കാനും സന്തോഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മാസങ്ങൾക്കു മുൻപ് യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്. വക്കത്തു ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലിൽപ്പിടിച്ച് ഉൽസവം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് അടിപിടിയുണ്ടായിരുന്നു. ഈ സംഭവത്തിൽ രണ്ടു വിഭാഗത്തിൽ പെട്ടവർക്കും സാരമായി മർദനമേൽക്കുകയുണ്ടായി. തുടർന്ന് കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവത്തിന്റെ സാക്ഷിയായ ഷബീറിനെ പ്രതികൾ കൊലപ്പെടുത്തിയത്.