കൊച്ചി : വളാഞ്ചേരിക്കടുത്ത് വെണ്ടലൂരിൽ പാചകവാതക ഏജൻസി ഉടമ വിനോദ്കുമാർ കൊലപാതകക്കേസിലെ പ്രതി പിടിയിൽ. എറണാകുളം സ്വദേശി യൂസഫാണ് ഇന്ന് പുലർച്ചെ പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതിയുടെ അടുത്ത സുഹൃത്താണ് ഇയാൾ. വിനോദിന്റെ ഭാര്യക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജ്യോതിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിയിക്കാൻ പൊലീസിനെ സഹായിച്ചത്.

രാത്രി ഒരുമണിയോടെ ബാത്ത്‌റൂമിലേക്കു പോവുമ്പോൾ മുഖത്തടിയേറ്റ് ബോധരഹിതയായി വീണുപോയെന്നും ഒന്നും ഓർമയില്ലെന്നുമാണ് ജ്യോതി നൽകിയ മൊഴി. കവർച്ച നടത്തുക എന്ന വ്യാജേനയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ സൂചനകളും പൊലീസിന് ലഭിച്ചു. ഇതോടെ മൊഴിയിലെ വൈരുദ്ധ്യം പ്രശ്‌നമായി. കഴുത്തിന് വെട്ടേറ്റ ജ്യോതി ഇപ്പോഴും ചികിത്സയിലാണ്. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെയും ഭാര്യ ജ്യോതിയുടേയും അടുത്ത സുഹൃത്താണ് പ്രതി. ജ്യോതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കാണാതായ കെ.എൽ. 7 ഡബ്‌ള്യൂ 400 നമ്പർ ഇന്നോവ വാൻ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തെി. ഇതുവഴി പോകുകയായിരുന്ന വളാഞ്ചേരി സി.ഐ സുരേഷ്‌കുമാറാണ് കാർ കണ്ടത്.

ഇന്ന് പുലർച്ചെ ഒരുമണിയോടെ എറണാകുളത്ത് നിന്നും കസ്റ്റഡിയിലെടുത്ത യൂസഫിനെ വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. യൂസഫിനെ ഇന്ന് സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. വിനോദിന്റെ ഇന്നോവകാറും 3.40ലക്ഷംരൂപയും ജ്യോതിയുടെ മൊബൈൽഫോണും കൊലയാളി കൊണ്ടുപോയിരുന്നു. എന്നാൽ ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മോഷണമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മോഷണമാണെന്ന് തെറ്റിധരിപ്പിക്കാനായിരുന്നു മൊബൈലും മറ്റും എടുത്തു കൊണ്ട് പോയതെന്ന് പൊലീസ് മനസ്സിലാക്കി. ഇതാണ് നിർണ്ണായകമായത്.

കാറ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ തൃശ്ശൂരിലെ പേരാമംഗലം കടന്നുപോയതായി പൊലീസ് പറഞ്ഞു. ജ്യോതിയുടെ മൊബൈൽഫോൺ സിഗ്‌നൽ പിന്തുടർന്നാണ് വാഹനംപോയ വഴി മനസ്സിലാക്കിയത്. ഇതോടെയാണ് കൊലപാതകിയിലേക്ക് അന്വേഷണം എത്തിയത്. കൊലയാളിക്കുപുറമേ ഒരാളുടെ സഹായവും കൃത്യംനടത്താനുണ്ടായതായി തിരൂർ ഡിവൈ.എസ്‌പി. പറഞ്ഞിരുന്നു. അത് ജ്യോതി തന്നെയാണെന്നാണ് സൂചന. ജ്യോതിയുടെ മുറിവ് അത്ര ആഴത്തിലുള്ളതുമായിരുന്നില്ല. കിടക്കയിലും മുറിക്കകത്തും ചോരപടർന്നു കിടക്കുന്നുണ്ട്. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം മോഷണത്തിനപ്പുറമുള്ള കൊലപാതകത്തിലേക്ക് അന്വേഷണമെത്തിക്കാൻ കാരണമായി.

കൊല്ലപ്പെട്ട വിനോദിന്് ജ്യോതിയെ കൂടാതെ മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ട്. സ്വത്ത് മുഴുവൻ അവർക്ക് എഴുതിവയ്ക്കുമെന്ന ഭയത്തെ തുടർന്നാണ് വിനോദിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. വെള്ളിയാഴ്ച പുലർച്ചെ 1.05നുശേഷമാണ് കൊലനടന്നതെന്ന് പൊലീസ് കരുതുന്നു. 1.05ന് വിനോദ്കുമാർ ഗ്യാസ് ഏജൻസിയുടെ അസിസ്റ്റന്റ് മാനേജർ വിനോദിനെ വിളിച്ചിരുന്നു. തിരിച്ചുവിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. മറ്റൊരു നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് അസിസ്റ്റന്റ് മാനേജർ പൊലീസിനോട് പറഞ്ഞത്. രാവിലെ ഒൻപതേകാലോടെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമ പത്രമെടുക്കാൻവന്നപ്പോഴാണ് വിവരമറിയുന്നത്. വിനോദ്കുമാർ കിടപ്പുമുറിയിൽ പൂർണനഗ്‌നനായി ചോരയിൽക്കുളിച്ചു കിടക്കുകയായിരുന്നു. ശരീരത്തിൽ 32 വെട്ടുകളേറ്റിരുന്നു.

ജ്യോതി സ്വീകരണമുറിയിൽ പാതി അബോധാവസ്ഥയിലും. ജ്യോതിയുടെ മുറിവ് അത്ര ആഴത്തിലുള്ളതായിരുന്നില്ല. വളാഞ്ചേരി കൊപ്പംറോഡിൽ രാഹുൽ ഇൻഡേൻ ഗ്യാസ് ഏജൻസി നടത്തുന്ന വിനോദ്കുമാറും കുടുംബവും ഒന്നരവർഷമായി വെണ്ടല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. മകൻ രാഹുൽ ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.