- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളപട്ടണം ഐഎസ് തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസ്; ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും 7 വർഷം തടവും 50,000 പിഴയും ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു എൻഐഎ കോടതി; പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടെന്ന് കോടതി വിധി
കൊച്ചി: വളപട്ടണം ഐഎസ് തീവ്രവാദ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു കോടതി. കേസിൽ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വർഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും കൊച്ചി എൻഐഎ കോടതി ശിക്ഷയായി വിധിച്ചു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി മിഥിലാജ് (31), അഞ്ചാം പ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും രണ്ടാം പ്രതി ചെക്കികുളം സ്വദേശി അബ്ദുൽ റസാഖി(28)ന് 5വർഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്.
മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാൻ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരായ കേസ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയാക്കിയത്.
ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ എം വി റഷീദ്, മാനൗഫ് റഹ്മാൻ, കെ. അഫ്‌സൽ എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ് ഇവരുടെ വിചാരണ പൂർത്തിയാക്കിയത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി 2016ലാണ് വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്തത് അടക്കം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് പ്രതികളെ എൻ.ഐ.എ ജഡ്ജി അനിൽ കെ. ഭാസ്‌കർ വിചാരണ ചെയ്തത്. സിറിയയിലേക്ക് കടന്ന ഒമ്പതുപേർ കൊല്ലപ്പെടുകയും നാലുപേരെ കാണാതാകുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം കുറ്റപത്രത്തിൽ പ്രതിചേർത്തിരുന്ന ചെക്കികുളം അബ്ദുൽ ഖയൂം സിറിയയിൽ ഒളിവിൽ കഴിയുമ്പോൾ കൊല്ലപ്പെട്ടു.
എന്നാൽ, ഭീകരസംഘടനക്കുവേണ്ടി പണം സ്വരൂപിച്ചതായുള്ള കുറ്റം പ്രതികൾക്കെതിരെ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എൻ.ഐ.എക്കുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പി.ജി. മനു ഹാജരായി. കണ്ണൂർ വളപട്ടണം ഡിവൈ.എസ്‌പിയായിരുന്ന പി.പി. സദാനന്ദനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടരന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ ഡിവൈ.എസ്‌പി വി.കെ. അബ്ദുൽ ഖാദറാണ് കുറ്റപത്രം സമർപ്പിച്ചത്.
സിറിയൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്താനുള്ള ഗൂഢാലോചനയിൽ 2016 മുതൽ പ്രതികൾ പങ്കാളികളാണെന്നായിരുന്നു എൻ.ഐ.എ ആരോപണം. സിറിയയിലേക്ക് സ്വയം പോകാനും യുവാക്കളെ കടത്താനും ഇവർ പദ്ധതിയിട്ടതായി എൻ.ഐ.എ ആരോപിച്ചു. പ്രതികൾ ഇറാൻവഴി തുർക്കിയിലെത്തിയിരുന്നു. അവിടെ നിന്ന് സിറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി.
മിഥിലാജും റസാഖും അവിടെ പിടിയിലായി ഇന്ത്യയിലേക്ക് നാടു കടത്തപ്പെടുകയായിരുന്നു. വിചാരണയുടെ ഭാഗമായി 143 സാക്ഷികളെ വിസ്തരിച്ച കോടതി 230 രേഖകളും 22 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. 2019 സെപ്റ്റംബർ 16ന് തുടങ്ങിയ വിചാരണ ലോക്ഡൗണിനെത്തുടർന്ന് നീളുകയായിരുന്നു.
അഞ്ചു വർഷമായി തടവിൽ കഴിയുകയാണെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, കടുത്ത ശിക്ഷതന്നെ നൽകണമെന്നും ഇളവ് അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. രണ്ടു പതിറ്റാണ്ടിലേറെ ബഹ്‌റൈനിൽ പാചകക്കാരനായിരുന്നു ഹംസ. 1998ലാണ് നാട്ടിൽ തിരിച്ചെത്തിയത്. ശേഷം തലശ്ശേരിയിൽ കാറ്ററിങ് സർവിസ് നടത്തുകയായിരുന്നു. സിറിയയിലേക്ക് പോകാൻ ഹംസ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
ഏറെ ചർച്ച ചെയ്യപ്പെട്ട ഐ.എസ് കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോഴും ഇവരുടെ തീവ്രവാദ പശ്ചാത്തലം സംബന്ധിച്ച് നാട്ടുകാർക്കോ വീട്ടുകാർക്കോ അറിവില്ല. 2016ൽ കേസിൽ പ്രതികൾ അറസ്റ്റിലായതിനുശേഷം മാത്രമാണ് ഇക്കാര്യം പുറത്തുവന്നത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. രാഷ്ട്രീയ മത സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നവരുമല്ല. എന്നാൽ, ഐ.എസിലേക്ക് വലിയ തോതിൽ കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തി അയക്കാൻ ഇവർ പദ്ധതിയിട്ടുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അത് കോടതി അംഗീകരിച്ച് പ്രതികൾ മൂവരും കുറ്റക്കാരാണെന്ന് വിധി പറയുന്നതിന് മുഖ്യമായും ആധാരമാക്കിയത് മാപ്പുസാക്ഷികൾ നൽകിയ തെളിവുകളാണ്.