കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വാളയാർ സമര സമിതിയുടെ ആവശ്യം.

വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയതോടെ പുനരന്വേഷണത്തിനും അവസരം ഒരുങ്ങും. ഇതിന് സർക്കാർ സന്നദ്ധരുമാണ്. ഇതിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയോടെ വരുന്നത്. വിചാരണയിൽ വീഴ്ചയുണ്ടെന്നും അതിനാൽ വിധി റദ്ദാക്കണമെന്നും സർക്കാരും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് തന്നെ പുനർവിചാരണയ്ക്ക് മുമ്പ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഇതിനുള്ള നിയമവശങ്ങൾ സർക്കാർ പരിശോധിക്കും. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനും സാധ്യത കൂടും. ഇതിലും സർക്കാർ തീരുമാനം നിർണ്ണായകമാകും.

കേസിൽ പുനർവിചാരണ നടത്തണം. പുനഃരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിക്കണം. നാലു പ്രതികളും 20ന് വിചാരണക്കോടതിയിൽ ഹാജരാകണം. ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണം. പോക്‌സോ കോടതി ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി ജ്യൂഡീഷ്യൽ കമ്മീഷന് ഇതിനുള്ള ശുപാർശ നൽകി.. പുനർ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സർക്കാരാണ് കോടതിയെ സമീപിച്ചത്. കുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. വാളയാറിൽ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിന്നീടു മരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ പാലക്കാട് പോക്‌സോ കോടതിയാണ് നേരത്തെ പ്രതികളെ വിട്ടയച്ചത്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തു. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്നാണ് സക്കാർ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികളും വിചാരണക്കോടതിയിൽ എത്തിച്ചില്ലെന്നും സർക്കാർ നിലപാട് എടുത്തിരുന്നു.