- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനും പ്രോസിക്യൂഷനും വിചാരണ കോടതിക്കും വീഴ്ച വന്നെന്ന് സർക്കാർ തന്നെ സമ്മതിച്ച അപ്പീൽ; ഇളയ കുട്ടിയെ കൊന്നതോടെ മൂത്ത കുട്ടിയുടെ മരണത്തിലെ സാക്ഷിയെ ഇല്ലാതെയായി; മതാപിതാക്കളുടെ രഹസ്യമൊഴി പോലും പരിഗണിച്ചില്ല; ഒടുവിൽ എല്ലാം ഹൈക്കോടതിയും ശരിവച്ചു; വാളയാറിൽ നീതി എത്തുമ്പോൾ
കൊച്ചി: വാളയാർ കേസിൽ നിർണ്ണായകമായത് അമ്മയുടെ ഇടപെടലും. ഇതിനൊപ്പം സർക്കാരിന്റെ നിലപാടും. ഇവരുടെ വാദങ്ങൾ അംഗീകരിച്ചാണ് പുനർവിചാരണയ്ക്ക് ഹൈക്കോടതി അനുമതി തേടുന്നത്. സിബിഐ അന്വേഷണമെന്ന മതാപിതാക്കളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. എന്നാൽ സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഇനിയും സാഹചര്യമുണ്ട്. ഇത് ആദ്യമായാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ച കേസിൽ സംസ്ഥാന സർക്കാർ പുനർവിചാരണ അന്വേഷണവുമായി ഹൈക്കോടതിയിൽ എത്തുന്നത്.
വളയാർ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ പോയപ്പോൾ ചൂണ്ടിക്കാട്ടിയത് അന്വേഷണത്തിലെ നിർണായകമായ വീഴ്ചകൾ. അന്വേഷണത്തിലും വിചാരണയിലും പിഴവുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. രക്ഷിതാക്കളും സർക്കാറും നൽകിയ അപ്പീൽ പരിഗണിച്ചാണ് പുനർവിചാരണ വേണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. പുനരന്വേഷണം വേണമെങ്കിൽ വിചാരണകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെൺകുട്ടികളുടെ രക്ഷിതാക്കളും സർക്കാറും ആവശ്യപ്പെട്ടത്. പ്രതികൾക്കെതിരെ മാതാപിതാക്കൾ നൽകിയ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതും നിർണ്ണായകമായി.
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്നാണ് സക്കാർ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല.
പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികളും വിചാരണക്കോടതിയിൽ എത്തിച്ചില്ലെന്നും സർക്കാർ നിലപാട് എടുത്തിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെൺകുട്ടിക്ക് സംരക്ഷണം നൽകിയില്ല. പോക്‌സോ നിയമപ്രകാരം പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സർക്കാരിനേയോ അറിയിച്ചില്ല. ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. തുടങ്ങിയ കാരണങ്ങൾ സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
പ്രധാന സാക്ഷികളേയും രഹസൃ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിർ വിസ്താരം നടത്തിയില്ല. വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോൾ കോടതി ഇടപെടണമായിരുന്നു, അതുണ്ടായില്ല. സാക്ഷികൾ കൂറുമാറിയപ്പോൾ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു.
കോടതി ഉത്തരവാദിത്തം നിർവഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങൾ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ വിധിന്യായത്തിൽ വന്നെന്നും നീതിനിർവഹണത്തിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്.
സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ചവരുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയ അന്വേഷണം നടത്തിയില്ല. ഡി.എൻ.എ സാംപിൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. 2017 ജനുവരിയിലും മാർച്ചിലുമായാണ് പാലക്കാട് വാളയാറിൽ 13ഉം ഒമ്പതും വയസുള്ള സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെവിട്ടത്. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സർക്കാർ അപ്പീലിന്മേലുള്ള വാദത്തിൽ സമ്മതിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ