- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ആ കൊല നടക്കുമ്പോൾ വാളയാറിലെ സ്റ്റേഷനിൽ ഉണ്ടായിരുന്നത് 27 പോക്സോ കേസുകൾ; ചൈൽഡ് പോണോഗ്രാഫിക്കാരെ വെറുതെ വിട്ട് അന്വേഷണം അട്ടിമറിച്ചു; മധുവിനെ രക്ഷിക്കാൻ സഖാക്കൾ എത്തിയതും ദുരൂഹം; മനോവിഷമത്തിലെ ആത്മഹത്യയിൽ കൊലയാളിയെ രക്ഷിച്ചത് എസ് ഐ പിസി ചാക്കോ; വാളയാറിൽ ഒളിച്ചിരിക്കുന്നത് ഉന്നതർ
പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ കൊലക്കേസ് എല്ലാ അർത്ഥത്തിലും അട്ടിമറിച്ചത് പൊലീസിന്റെ ആദ്യ അന്വേഷണങ്ങൾ. ചൈൽഡ് പോണോഗ്രാഫിയുമായി ബന്ധമുള്ളവർക്ക് വാളയാർ കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്നു ആരോപണമുയർന്നിരുന്നു. പെൺകുട്ടികൾ കൊല ചെയ്യപ്പെടുമ്പോൾ വാളയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മാത്രം 27 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇതിന്റെ തെളിവായി മാറുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനവും ബന്ധവും ഉള്ളവർ തന്നെയാണ് വാളയാർ കുട്ടികളുടെ മരണത്തിനു പിന്നിലും ഈ പോക്സോ കേസുകൾക്ക് പിന്നിലും എന്നാണ് സൂചനകൾ വന്നത്. ഇവർ ഇപ്പോഴും സുരക്ഷിതരാണ്.
അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തോട് നീതിക്കായി പോരടിക്കുന്നവർ അനുകൂല മനസ്സ് കാട്ടാത്തത്. സിബിഐ എത്തിയാൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെടൂവെന്ന് ഏവരും പറയുന്നു. പ്രതികളെ ശരിക്ക് ചോദ്യം ചെയ്താൽ തന്നെ സത്യം പുറത്തു വരും. ഇതിന് വേണ്ടിയാണ് നീതിക്കായി കേന്ദ്ര ഏജൻസി എന്ന ആവശ്യം ജസ്റ്റീസ് ഫോർ വാളയാർ എന്ന കൂട്ടായ്മ ഉയർത്തുന്നത്. കുട്ടികളുടെ അമ്മയുടെ ആവശ്യവും ഇതു തന്നെ. ഇത് പിണറായി അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.
പ്രതിപ്പട്ടികയിൽ ഉള്ളവർ യഥാർത്ഥ പ്രതികൾ അല്ല എന്ന ആക്ഷേപവും ശക്തമാണ്. യഥാർത്ഥ പ്രതികളെയും യഥാർത്ഥ താത്പര്യങ്ങളെയും പൊലീസ് അടിതൊട്ടു മുടിവരെ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപമാണ് ആദ്യം മുതൽ പൊലീസിനു നേർക്ക് വന്നത്. മൂത്ത പെൺകുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മധു എന്നയാളെ സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ ഉയർന്നതോടെ എസ്ഐ പി.സി ചാക്കോയെ സസ്പെൻഡ് ചെയ്തു.
കുട്ടികൾ തുങ്ങിമരിച്ച സ്ഥലവും കുട്ടിയുടെ പ്രായവും കണക്കാക്കുമ്പോൾ കൊലപാതക സൂചനയാണ് പുറത്ത് വന്നത്. 22 കിലോ ഭാരവും 122 സെന്റിമീറ്റർ ഉയരവുമുള്ള കുട്ടിക്ക് വീടിന്റെ ഉത്തരത്തിൽ തനിയെ തൂങ്ങുക പ്രയാസമാണ്. ബലമായി തൂക്കിയതാകാം ആരോപണം ശക്തി പ്രാപിക്കുകയും ചെയ്തു. ഇതൊന്നും ആദ്യഘത്തിൽ പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. പിന്നീട് പ്രതിഷേധം ശക്തമായതോടെ ആരെക്കെയോ പ്രതികളായി. അവർ വിചാരണയിൽ രക്ഷപ്പെടുകയും ചെയ്തു. ഉത്തരേന്ത്യയിലെ പീഡനങ്ങൾ ചർച്ചയായതോടെ സർക്കാരും സമ്മർദ്ദത്തിലായി. ഇതോടെ ഉറച്ച നിലപാടുകൾ സംസ്ഥാന സർക്കാർ എടുത്തു. ഇതാണ് അപ്പീലിലേക്ക് കാര്യങ്ങളെത്തിച്ചത്.
വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തകേസിൽ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധി റദ്ദാക്കിയത് അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ്.. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് അംഗീകരിച്ചത്.മരിച്ച പെൺകുട്ടികളുടെ അമ്മയും സമാന ആവശ്യങ്ങളുയർത്തി അപ്പീൽ നൽകിയിരുന്നു. ഹൈക്കോടതി ആ അപ്പീലും അംഗീകരിച്ചു.
പോക്സോ കോടതി വിധിയാണ് റദ്ദാക്കിയത്. കേസിൽ പുനരന്വേഷണം വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ നിക്കോളാസ് ജോസഫാണ് ഹാജരായത്. വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡനത്തെത്തുടർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. പുനർവിചാരണയിലേക്ക് കടക്കും മുമ്പ് കേസിൽ പുനർ അന്വേഷണത്തിന് സർക്കാർ തീരുമാനം എടുക്കും. പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കാനാണ് സാധ്യത. അതു പോരെന്നും സിബിഐ വേണമെന്നും കുട്ടികളുടെ അമ്മയും ആവശ്യപ്പെടുന്നു.
ഹൈക്കോടതിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ
കേസിൽ പൊലിസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല.
പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ടേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴികളും വിചാരണക്കോടതിയിൽ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെൺകുട്ടിക്ക് സംരക്ഷണം നൽകിയില്ല. പോക്സോനിയമപ്രകാരം പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സർക്കാരിനേയോ അറിയിച്ചില്ല.
ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകൾ ഉണ്ടായി. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
പ്രധാന സാക്ഷികളേയും രഹസ്യ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കിയില്ല.കൂറു മാറിയ സാക്ഷികളുടെ എതിർ വിസ്താരം നടത്തിയില്ല.
വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി.പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോൾ കോടതി ഇടപെടണമായിരുന്നു.അതുണ്ടായില്ല. സാക്ഷികൾ കൂറുമാറിയപ്പോൾ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. കോടതി ഉത്തരവാദിത്തം നിർവഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങൾ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ വിധിന്യായത്തിൽ വന്നെന്നും നീതിനിർവഹണത്തിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ