പാലക്കാട്: വാളയാറിലും പൊലീസ് വഴിയിൽ സിബിഐ. ആത്മഹത്യാ കേസിൽ പൊലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസിൽ നാല് പ്രതികളാണുള്ളത്.

ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. സാക്ഷികൾ കൂടുതലുണ്ട്. രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും വിശദീകരിക്കുന്നു. മൂത്ത പെൺകുട്ടിയുടെ മരണത്തിൽ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വി.മധു (വലിയ മധു), രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം.മധു (കുട്ടിമധു), 16 വയസ്സുകാരൻ എന്നിവരാണു പ്രതികൾ. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും ആദ്യകേസിൽ പ്രതിയായ 16 വയസ്സുകാരനും പ്രതികളാണ്. വിചാരണയ്ക്കിടെ ജീവനൊടുക്കിയ ചേർത്തല സ്വദേശി പ്രദീപിന്റെ പേര് കുറ്റപത്രത്തിൽ ഒഴിവാക്കി.

അതിനിടെ പൊലീസിനു സമാനമായി സിബിഐയും വാളയാർ കേസ് അട്ടിമറിച്ചെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നു വാളയാർ നീതി സമര സമിതി ആരോപിച്ചു. കുറ്റപത്രത്തിന്റെ പൂർണ രേഖ കിട്ടിയ ശേഷം നിയമോപദേശം തേടും. കേസിൽ നിർണായകമായേക്കാവുന്ന ഒട്ടേറെ വിവരങ്ങൾ രക്ഷിതാക്കളും സമരസമിതിയും കൈമാറിയിരുന്നു. ഇതൊന്നും അന്വേഷിക്കാൻ സിബിഐ തയാറായിട്ടില്ല. സമരസമിതി ചൂണ്ടിക്കാട്ടിയ ആറാമനെക്കുറിച്ച് അന്വേഷണമുണ്ടായിട്ടില്ല. നീതി കിട്ടുന്നതുവരെ സമരവുമായി വീണ്ടും മുന്നോട്ടു പോകുമെന്നു രക്ഷാധികാരി സി.ആർ. നീലകണ്ഠൻ അറിയിച്ചു. ഇതോടെ സിബിഐ അന്വേഷണം വിവാദത്തിലാകുകയാണ്. ആത്മഹത്യാ വാദം തള്ളുന്ന തെളിവുകളിലേക്കൊന്നും അന്വേഷണം നീണ്ടില്ല.

13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക- ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ലൈംഗിക പീഡനം പെൺകുട്ടികൾ നിരന്തരം നേരിട്ടിരുന്നുവെന്നും അതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് സിബിഐ പറയുന്നത്. കേസിനെ ബലപ്പെടുത്തുന്ന രീതിയിൽ സാക്ഷി മൊഴികളും കൂടുതലുണ്ട്.

നേരത്തെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കേസിൽ ഇതേ ആരേപണങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പൊലീസ് പോയിരുന്നില്ല. അതാണിപ്പോൾ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം കൂടുതൽ സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്. നേരത്തെ എല്ലാ പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു.

പൊലീസ് അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടുന്നതാണ് സിബിഐ കുറ്റപത്രം. ആദ്യ പെൺകുട്ടിയുടെ മരണത്തിൽത്തന്നെ പീഡനത്തിന്റെ സൂചന ലഭിച്ചിട്ടും പൊലീസ് ശക്തമായ നടപടി എടുത്തില്ല. കൃത്യമായ അന്വേഷണവും നടപടിയുമുണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം തടയാമായിരുന്നെന്ന നിഗമനവും കുറ്റപത്രത്തിലുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതു സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന പോലും നടത്തിയില്ല. അതാണ് ഈ കേസിനെ ഇത്ര വിവാദത്തിലാക്കിയതെന്നും വിശദീകരിക്കുന്നു.

നേരത്തേ, പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയും സംസ്ഥാന സർക്കാരിന്റെ അനുകൂല നിലപാടുമാണ് സിബിഐ അന്വേഷണത്തിനു വഴിതുറന്നത്. ലൈംഗിക പീഡനം, പോക്‌സോ, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു സിബിഐ കേസ്. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പും ഷിബുവിനെതിരെ ചുമത്തി. സ്‌പെഷൽ ക്രൈം സെൽ ഡിവൈഎസ്‌പി ടി.പി. അനന്തകൃഷ്ണനാണു കുറ്റപത്രം നൽകിയത്. 16 വയസ്സുകാരന്റെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കും.