പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അന്വേഷിച്ച സിബിഐയും എത്തുമ്പോൾ അതും സംശയത്തിലാകുകയാണ്. സംസ്ഥാനപൊലീസിന്റെ അന്വേഷണം ശരിവച്ചാണ് സിബിഐയുടെ കുറ്റപത്രവും. നിരന്തരമായ ലൈംഗികപീഡനത്തിൽ മനംനൊന്താണു പെൺകുട്ടികൾ ജീവനൊടുക്കിയതെന്ന സൂചനയാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ. സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർ തന്നെയാണ് സിബിഐ.യുടെ പ്രതിപ്പട്ടികയിലുമുള്ളത്. 13 വയസുള്ള ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു, ഷിബു, ചെറിയ മധു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് കണ്ടെത്തിയ നാലുപേരെതന്നെയാണ് സിബിഐയും പ്രതിചേർത്തിട്ടുള്ളത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പൊലീസ് പ്രതിചേർത്തിരുന്ന ചേർത്തല സ്വദേശി പ്രദീപ് കുമാർ ആത്മഹത്യചെയ്തതിനാൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ബലാത്സംഗം, പോക്സോ, ആത്മഹത്യാപ്രേരണ എന്നിവയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ഷിബുവിനെതിരേ എസ്.സി, എസ്.ടി. വകുപ്പും ചുമത്തിയിട്ടുണ്ട്. കേസിൽ ശാസ്ത്രീയ തെളിവുകളും കൂടുതൽ സാക്ഷികളെയും സിബിഐ. ഉൾപ്പെടുത്തി. സിബിഐ. തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്‌പി. അനന്തകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്.

കുട്ടികൾക്ക് ഒറ്റമുറി വീട്ടിൽ തനിയെ കുരുക്കിടാൻ കഴിയുമോ ഇല്ലയോ എന്നത് ഡമ്മി പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിവരിക്കുന്നത്. ഒൻപതു വയസുള്ള ഇളയകുട്ടി കട്ടിലിന് മുകളിൽ കസേര വച്ചാണ് കുരുക്കിട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുട്ടിയുടെ ഉയരം ഉൾപ്പെടെ അടിസ്ഥാനപ്പെടുത്തിയാണിത്. വീട്ടിലുണ്ടായിരുന്ന കട്ടിൽ, കസേര എന്നിവയുടെ ഉയരം രേഖപ്പെടുത്തുന്നതിൽ ആദ്യഘട്ടത്തിൽ പൊലീസിനു വീഴ്ചപറ്റിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. മൂത്തകുട്ടിയുടെ മരണശേഷം രണ്ടാമത്തെ കുട്ടിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി സിബിഐ. കണ്ടെത്തിയിട്ടുണ്ട്. അതു സാധൂകരിക്കുന്ന സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. കുട്ടികളുടെ ശരീരത്തിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. അതും കൊലപാതക സാധ്യത തള്ളാൻ കാരണമായി.

എന്നാൽ ചിലതൊന്നും സിബിഐയും പരിഗണിച്ചില്ല. വാളയാറിൽ മരിച്ച ഇളയ പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടുണ്ടായിരുന്നു. വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത്തരമൊരു മുറിവിനെ പറ്റി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ പൊലീസ് പരാമർശം നടത്തിയിരുന്നില്ല. പെൺകുട്ടി മരിച്ച സമയം മുറിക്കുള്ളിൽ കട്ടിലിനു മുകളിൽ രണ്ട് കസേരകൾ ഒന്നിനു മുകളിൽ ഒന്നായി വെച്ചിരുന്നുവെന്ന് സംഭവ സ്ഥലത്തെ മഹസറിന്റെ പകർപ്പും പുറത്തു വന്നിരുന്നു. അസ്വാഭാവികമായ മറ്റൊന്നും മുറിയിൽ ഉണ്ടായിരുന്നില്ലെന്നും മഹസറിൽ ഉണ്ട്.

മുറി അലങ്കോലപ്പെട്ട നിലയിൽ ആയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകത്തിന്റെ സൂചനകളാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെന്നതും തുടക്കം മുതൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് ശക്തി പകർന്നിരുന്നു. കുട്ടിയുടേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകം എന്ന് ബന്ധുക്കൾ ആരോപിച്ചിട്ടും ഈ അസ്വഭാവികതകൾക്ക് വേണ്ടത്ര പരിഗണന നൽകാനോ അന്വേഷിക്കാനോ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. മൂന്ന് മീറ്റർ നീളമുള്ള ഉയരത്തിലാണ് തുണികെട്ടി ഇളയകുഞ്ഞ് തൂങ്ങി മരിച്ചത്. ഇതുകൊലപാതക സാധ്യതയിലേക്ക് കൂടുതൽ വിരൽചൂണ്ടുന്നതാണെങ്കിലും ഇതിൽ കൂടുതൽ അന്വേഷണം നടന്നിട്ടില്ല. ഇത് സിബിഐയും കണ്ടില്ലെന്ന് നടിച്ചു. അങ്ങനെ സിബിഐ കുറ്റപത്രത്തിലും വാളയാർ ആത്മഹത്യാ കേസായി.

132 സെന്റീമീറ്റർ മാത്രം ഉയരമുള്ള കുട്ടിക്ക് ഇതിന് കഴിയില്ല എന്ന വസ്തുതയും കേസിൽ എവിടെയും പരിഗണിച്ചിട്ടില്ല. വാളയാറിൽ മരിച്ച മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പൊലീസ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നു. ലൈംഗിക പീഡനവും ബലാത്സംഗവും കുട്ടി മരിച്ച 2017 ജനുവരി 17 വരെ നീണ്ടുനിന്നതായും ഈ കുറ്റപത്രത്തിലുണ്ട്. പെൺകുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.എന്നാൽ മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതും ഇപ്പോൾ സിബിഐയും വേണ്ട വിധം പരിഗണിച്ചിട്ടില്ല.

അതേസമയം പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന രണ്ടാനച്ഛന്റെ മൊഴി നിർണ്ണായകമാണ്്. പീഡനത്തിൽ നിന്നും രക്ഷനേടാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ നൽകിയ മൊഴി. പ്രതികൾ ഉപദ്രവിക്കുന്നതിനാൽ ശരീരത്തിൽ മുറിവുണ്ടാകുന്നെന്ന് പെൺകുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ടായിരുന്നു. വാളയാറിലെ പെൺകുട്ടികളുടെ കൊലക്കേസ് എല്ലാ അർത്ഥത്തിലും അട്ടിമറിച്ചത് പൊലീസിന്റെ ആദ്യ അന്വേഷണങ്ങളാണ്. ചൈൽഡ് പോണോഗ്രാഫിയുമായി ബന്ധമുള്ളവർക്ക് വാളയാർ കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്നു ആരോപണമുയർന്നിരുന്നു.

പെൺകുട്ടികൾ കൊല ചെയ്യപ്പെടുമ്പോൾ വാളയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മാത്രം 27 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇതിന്റെ തെളിവായി മാറുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനവും ബന്ധവും ഉള്ളവർ തന്നെയാണ് വാളയാർ കുട്ടികളുടെ മരണത്തിനു പിന്നിലും ഈ പോക്‌സോ കേസുകൾക്ക് പിന്നിലും എന്നാണ് സൂചനകൾ വന്നത്. ഇവരെ സിബിഐയും തൊട്ടില്ല. പതിപ്പട്ടികയിൽ ഉള്ളവർ യഥാർത്ഥ പ്രതികൾ അല്ല എന്ന ആക്ഷേപവും ശക്തമായിരുന്നു.

കുട്ടികൾ തുങ്ങിമരിച്ച സ്ഥലവും കുട്ടിയുടെ പ്രായവും കണക്കാക്കുമ്പോൾ കൊലപാതക സൂചനയാണ് പുറത്ത് വന്നത്. 22 കിലോ ഭാരവും 122 സെന്റിമീറ്റർ ഉയരവുമുള്ള കുട്ടിക്ക് വീടിന്റെ ഉത്തരത്തിൽ തനിയെ തൂങ്ങുക പ്രയാസമാണ്. ബലമായി തൂക്കിയതാകാം ആരോപണം ശക്തി പ്രാപിക്കുകയും ചെയ്തു. ഇതൊന്നും ആദ്യഘത്തിൽ പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. പിന്നീട് പ്രതിഷേധം ശക്തമായതോടെ ആരെക്കെയോ പ്രതികളായി. അവർ വിചാരണയിൽ രക്ഷപ്പെടുകയും ചെയ്തു. ഉത്തരേന്ത്യയിലെ പീഡനങ്ങൾ ചർച്ചയായതോടെ സർക്കാരും സമ്മർദ്ദത്തിലായി. ഇതോടെ ഉറച്ച നിലപാടുകൾ സംസ്ഥാന സർക്കാർ എടുത്തു. ഇതാണ് അപ്പീലിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ പിന്നീടെത്തിയ സിബിഐയും ആത്മഹത്യാ കേസാക്കി മാറ്റി.

യഥാർത്ഥ പ്രതികളെയും യഥാർത്ഥ താത്പര്യങ്ങളെയും പൊലീസ് അടിതൊട്ടു മുടിവരെ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപമാണ് ആദ്യം മുതൽ പൊലീസിനു നേർക്ക് വന്നത്. മൂത്ത പെൺകുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മധു എന്നയാളെ സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ ഉയർന്നതോടെ എസ്‌ഐ പി.സി ചാക്കോയെ സസ്‌പെൻഡ് ചെയ്തു. കേസിലെ ആറാമനിൽ ചില സൂചനകളും പുറത്തുവന്നു. അതും പരിഗണിച്ചില്ല.