- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നിന്നും പാലക്കാടെത്തി അന്വേഷണം നടത്തൽ അസാദ്ധ്യം; സാക്ഷികളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുന്നതും ബുദ്ധിമുട്ട്; സിബിഐ സംഘത്തിന് പാലക്കാട് ക്യാമ്പ് ഓഫീസ് അനുവദിക്കാതെ സർക്കാർ; കേസിനോട് ഈ സർക്കാരിന് താൽപര്യമില്ലെന്ന് വാളയാർ സമര സമിതിയും
പാലക്കാട്: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാളയാർ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. കേസ് സിബിഐ ഏറ്റെടുത്ത് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് പാലക്കാട് ക്യാമ്പ് ഓഫീസ് ലഭ്യമാകാത്തത് സർക്കാറിന് ഈ കേസിൽ താത്പര്യമില്ല എ്ന്നതിന്റെ തെളിവാണെന്ന് വാളയാർ നീതി സമരസമിതി ആരോപിക്കുന്നു.
ഒരു ഡിവൈ.എസ്പി ഉൾപ്പെടെ ഒൻപതോളം ഉദ്യോഗസ്ഥരാണ് സിബിഐ അന്വേഷണ സംഘത്തിലുള്ളത്. ഇവർക്ക് എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്നും പാലക്കാട് ജില്ലയിലെ വാളയാറിലെത്തി അന്വേഷണം നടത്തൽ സാധ്യമല്ല. അതു കൊണ്ടാണ് സർക്കാറിനോട് പാലക്കാട് ജില്ലയിൽ എവിടെയെങ്കിലും ഇവർക്ക് താമസിക്കാനും ഓഫീസ് കാര്യങ്ങൾക്കും വേണ്ടി ഒരു ക്യാമ്പ് ഓഫീസ് ആവശ്യപ്പെട്ടത്. കേസ് സിബിഐ ഏറ്റെടുത്ത ഉടനെ അന്വേഷണ സംഘത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നു.
എന്നാൽ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും സർക്കാർ ഒരുക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥരെല്ലാം തിരക്കിലാണെന്നും അതിനാൽ ഇപ്പോൾ ക്യാമ്പ് ഓഫീസ് അനുവദിക്കാനാവില്ലെന്നുമാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അന്വേഷണ സംഘത്തിന് നൽകിയ മറുപടി. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലവും വന്നെങ്കിലും ക്യാമ്പ് ഓഫീസിന്റെ കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല.
ഒരു ഡിവൈഎസ്പി ഉൾപ്പെടെ പേരാണ് സിബിഐ അന്വേഷണ സംഘത്തിലുള്ളത്. ഇത്രയും പേർ തിരുവനന്തപുരത്ത് നിന്നും വന്ന് കേസ് അന്വേഷിക്കുമ്പോൾ കാലതാമസമെടുക്കും. ഇതൊഴിവാക്കി എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാനാണ് പാലക്കാട് ജില്ലയിൽ ക്യാമ്പ് ഓഫീസ് ആവശ്യപ്പെട്ടത്. മാത്രവുമല്ല, സാക്ഷികളിൽ മഹാഭൂരിഭാഗം ആളുകളും കൂലിപ്പണിയെടുക്കുന്നവരും പാവപ്പെട്ടവരുമാണ്. ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
കേസ് ഏറ്റെടുത്ത ഉടനെ പ്രതികളിൽ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. അതു കൊണ്ടാണ് ക്യാമ്പ് ഓഫീസ് ആവശ്യപ്പെട്ടത്. പാലക്കാട്ടെ താത്കാലിക സംവിധാനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇത് മാറി പ്രത്യേക ക്യാമ്പ് ഓഫീസ് വേണമെന്നാണ് സിബിഐ സംഘത്തിന്റെ ആവശ്യം. ഈ ആവശ്യ്ത്തോട് സർക്കാറും ആഭ്യന്തരവകുപ്പും മുഖം തിരിക്കുകയാണ് ചെയ്തിട്ടുള്ളത്.
സർക്കാറിന്റെ ഈ നിലപാട് വാളയാർ കേസിൽ സംസ്ഥാന സർക്കാറിനും ആഭ്യന്തരവകുപ്പിനും താത്പര്യമില്ല എന്നതിന്റെ തെളിവാണെന്ന് വാളയാർ നീതി സമരസമിതി ആരോപിക്കുന്നു.