- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മറച്ച് രണ്ടു പേർ ഓടിപ്പോകുന്നത് കണ്ടെന്ന് പറഞ്ഞ ഇളയ പെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കൂളായി ഊരിയത് ആറു സിപിഎമ്മുകാർ; വാളയാറിലെ അട്ടിമറിയിലെ രാഷ്ട്രീയവും സിബിഐ അന്വേഷിക്കും; ആ സഹോദരിമാരുടെ മരണത്തിലെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്
പാലക്കാട്: വാളയാർ സഹോദരിമാരുടെ മരണം സംബന്ധിച്ച സിബിഐ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. ആദ്യ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തന്നെ ലൈംഗികചൂഷണം വ്യക്തമായതിനാൽ, യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഒഴിവാക്കാൻ കഴിഞ്ഞേനെ എന്നു സിബിഐ കണ്ടെത്തി. രാഷ്ട്രീയ ഇടപെടലും പരിശോധിക്കും. ഈ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടേക്കുമെന്നാണ് സൂചന.
കേസിൽ തുടക്കം മുതൽ പൊലീസിനും വിചാരണയിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്നാണു തെളിവുകളും മൊഴികളും നടപടികളും പരിശോധിച്ച സിബിഐ തിരിച്ചറിയുന്നത്. സാക്ഷികൾക്ക് ആവശ്യമായ നിർദ്ദേശം നൽകിയില്ല, ഇതു സംബന്ധിച്ചു ഡിവൈഎസ്‌പിയുടെ നിർദ്ദേശം അവഗണിച്ചു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയതായി അറിയുന്നു. കുട്ടികളുടെ രക്ഷിതാക്കളും സമരസമിതിയും നേരത്തേ ഇക്കാര്യം ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിലും ഈ വീഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി ഇടപെടലിന്റെ ഫലമായാണ് അന്വേഷണത്തിന് സിബിഐ എത്തിയത്.
വാളയാർ കേസിൽ കുട്ടികളുടെ അമ്മ, അച്ഛൻ, സുഹൃത്തുക്കൾ, നാട്ടുകാർ, സാക്ഷികൾ, പൊലീസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഒാഫിസർമാർ തുടങ്ങിയവരുൾപ്പെടെ 106 പേരുടെ മൊഴികൾ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്നത് ഒക്ടോബർ 25നായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചുവെന്ന് പെൺകുട്ടികളുടെ അച്ഛൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു.
സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ ദുർബലമായ ചാർജ് ഷീറ്റ് സമർപ്പിച്ചുവെന്നായിരുന്നു ആരോപണം. ആദ്യ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ ഇളയ സഹോദരി വീട്ടിൽ നിന്ന് മുഖം മറച്ച രണ്ടു പേർ ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് ഈ പെൺകുട്ടിയെയെയും അതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇളയ പെൺകുട്ടിയുടെ മൊഴി കേസിലില്ല. പൊലീസ് മരണങ്ങൾ ആത്മഹത്യയാക്കി മാറ്റി. രണ്ടുമാസത്തിനിടെ ഉണ്ടായ ഈ മരണങ്ങളിലെ ദുരൂഹതയാണ് സിബിഐ അന്വേഷിക്കുന്നത്.
52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുന്നോട്ടു പോയി. രണ്ടു പേർ മുഖം മറച്ച് ഓടിപ്പോകുന്നത് കണ്ടു എന്ന ഇളയ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോൾ തന്നെ മാതാപിതാക്കൾ പൊലീസിന് മൊഴികൊടുത്തിട്ടും അവർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാർ ഇടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കി എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.. മൂത്ത് കുട്ടിയുടെ മരണം കഴിഞ്ഞു രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടു. കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേർത്ത് വാളയാർ പൊലീസ് അന്വേഷണം തുടങ്ങി. മൂത്തകുട്ടിയുടെ ഓട്ടോപ്സിയിൽ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പൊലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി.
പിടികൂടിയ പ്രതികൾക്കുമേൽ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), എസ് സി എസ്ടി (പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, പോസ്‌കോ , ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ചാർജ്ജ് ചെയ്യപ്പെട്ടു. ഒടുവിൽ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോൾ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പ്രതികളാക്കപ്പെട്ട ഏഴുപേരിൽ നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി.
മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ സെപ്റ്റംബർ 30 -ന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട കോടതി, ബാക്കി മൂന്നുപേരെക്കൂടി കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. ഈ കേസാണ് സിബിഐ അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ