കൽപ്പറ്റ: ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണത്തിൽ വൻകുറവ്. 2018 ഫെബ്രുവരിയിൽ നടത്തിയ സർവ്വെ പ്രകാരം കഴുകന്മാരുടെ സുരക്ഷിത കേന്ദ്രമായ വയനാട്, മുതുമല ,ബന്ദിപ്പൂർ, നാഗർ ഹൊളെ, സത്യമംഗലം, നീലഗിരി ജൈവ മണ്ഡലത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ 100ൽ താഴെ കഴുകന്മാർ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് സെന്ററിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ.വിഷ്ണുദാസാണ് മറുനാടൻ മലയാളിയോട് സർവ്വേ വിവരങ്ങൾ പങ്കുവച്ചത്.

ഭൂമിയുടെ വിസ്തൃതി വച്ചു നോക്കുമ്പോൾ തമിഴ്‌നാട് സംസ്ഥാനത്തോളം വലുപ്പം വരുന്ന ജൈവമേഖലയിലാണ് കഴുകന്മാരെ കണ്ടു വരുന്നത്. ഇന്ത്യൻ കഴുകന്മാർ റെഡ് ഡാറ്റാ ബുക്കിൽ എത്തിയത് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ് .രണ്ടായിരത്തിനു മുൻപ് എട്ട് കോടിക്കു മുകളിലുണ്ടായിരുന്ന കഴുകന്മാർ നിലവിൽ പതിനായിരത്തിൽ താഴെ മാത്രമായിമാറി. പ്രകൃതിയുടെ സ്വാഭാവിക ശുചീകരണ ജീവിയായ കുഴുകന്മാരുടെ എണ്ണത്തിൽ വന്ന കുറവ് പാരിസ്ഥിതിക സംതുലനാവസ്ഥയേയും ബാധിച്ചു. ഇതോടെ അട്ടിമറിഞ്ഞത് പ്രകൃതിയുടെ ഇക്കോ സിസ്റ്റമാണ്.കഴുകന്മാരുടെ എണ്ണ കുറവ് എന്ന ഒറ്റ കാരണത്താൽ ഇന്ത്യൻ ആരോഗ്യരംഗത്ത് 3000 കോടി രൂപയുടെ അധിക ചെലവ് വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ചത്ത മ്യഗങ്ങളെ സംസ്‌കരിക്കുക പതിവില്ല ഇത് കഴുകന്മാർ ഭക്ഷണമാക്കുകയാണ് പതിവ്. ഇവിടെ തന്നെയാണ് കഴുകന്മാരുടെ വംശനാശങ്ങൾക്ക് ഹേതുവായ സംഭവവും ഉണ്ടായത്. മൃഗങ്ങൾക്ക് വേദനക്ക്കുത്തിവക്കുന്ന മരുന്നായ ഡൈക്ലോ ഫിനാക് (Diclofenac) ആണ് ഇവരുടെ വൻതോതിലുള്ള വംശനാശത്തിന് കാരണമായത്. ഇതിന്റെ 0.1 grm മെങ്കിലും മൃതശരീരത്തിൽ നിന്നും കഴുകന്റെ ശരീരത്തിൽ പ്രവേശിച്ചാൽ കിഡ്‌നി പ്രവർത്തനരഹിതമായി മരണം സംഭവിക്കുന്നു. കൂട്ടത്തോടെയുള്ള ഭക്ഷണം തേടുന്ന സ്വഭാവമുള്ള കഴുകന്മാരുടെ വംശനാശത്തിന് പ്രധാന കാരണമായിതു മാറി. മൃതശരീരങ്ങൾ തിന്നു തീർക്കാൻ കഴുകന്മാരില്ലാതെ വന്നപ്പോൾ പല രോഗങ്ങളും തലപൊക്കി തെരുവു നായിക്കളുടെ സാന്നിധ്യം പേവിഷം ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവുള്ളതായി ഇന്ത്യൻ ഹെൽത്ത് ഡിപ്പാർട്ട് മെന്റിന്റെ വാർഷിക കണക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഡൈക്ലോ ഫിനാക് രാജ്യവ്യാപകമായി നിരോധിച്ചിട്ടുണ്ട് .സൗത്ത് ഇന്ത്യയിൽ നിരോധനം കാര്യക്ഷമമാണ്. ഇതാണ് സൗത്ത് ഇന്ത്യയിലെ ഫോറസ്റ്റ് അവശേഷിക്കുന്ന കഴുകന്മാരുടെ സുരക്ഷിത താവളമായി കണക്കാക്കി പോരുന്നത്.നിലവിൽ രണ്ടു തരം കഴുകന്മാരെയാണ് നമ്മുടെ കാടുകളിൽ കാണുന്നത് .കാവില കഴുകൻ ( Red Headed velture) ചുട്ടിക്കഴുകൻ(white rumped velture) ഇതിൽ ചുട്ടി കഴുകൻ 70, കാവില കഴുകൻ 15 എണ്ണവുമാണ് അവശേഷിക്കുന്നത്.ഇവരുടെ ജനന നിരക്കും വളരേ കുറവായിട്ടാണ് കാണുന്നത് .കഴിഞ്ഞവർഷം 5 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്, മുൻ വർഷത്തിൽ 3 എന്ന നിലയിലും .നിരോധിച്ച മരുന്നിനു ശേഷമിറങ്ങിയ Aceclofenac, Carprofen,Flunixin, Ketoprofen, Nimesulide , Phenylbutazone തുടങ്ങിയവയും കഴുകന്മാർക്ക് ഹാനികരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇത് കേരളത്തിൽ ഉപയോഗത്തിലില്ല. എന്നാൽ നിലഗിരി ജില്ലയിലിതിന്റെ ഉപയോഗം വ്യാപകമാണ്.ഒരു ദിവസം 100 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന ശീലം ഇതിനുണ്ട് ഇതിനാൽ തന്നെ മുകളിൽ സൂചിപ്പിച്ച മരുന്നുകൾ നിരോധിക്കണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.ഏകദേശം 40 വർഷത്തോളം ആയുസ്സ് കാണുന്ന ഇവർക്കായി ആസ്സാമിലും ഹരിയാനയിലും ബ്രീഡിഗ് സെന്റെറുണ്ട് .ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോക്ടർ വിധു പ്രകാശെന്ന ശാസ്ത്രജ്ഞൻ ഇതിനായി ജീവിതം സമർപ്പിച്ചിരിക്കുകയാണ് വർഷാവർഷം കോടികൾ മുടക്കിയിട്ടുള്ള പ്രൊജക്ടിലൂടെ അഞ്ചു മുതൽ ആറു കുഞ്ഞുങ്ങളേ മാത്രമേ രക്ഷിക്കാൻ സാധിക്കുന്നുള്ളൂ.

ഹിമാലയൻകഴുകൽ, ഈജിപ്ത്യൻ കഴുകൻ, യുറോപ്പിലും ഗുജറാത്തിലെ ചില പ്രദേശങ്ങളിലും കണ്ടു വരുന്ന കരിംകഴുകനേയും അപൂർവ്വമായി സൗത്ത് ഇന്ത്യയിൽ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ന്യുനപക്ഷ വിഭാഗത്തിൽ പെട്ട പാഴ്‌സി വിഭാഗത്തിൽ മരണം സംഭവിച്ചാൽ പ്രത്യേകസ്ഥലത്ത് ശവം കഴുകന് കൊടുക്കുകയാണ് പതിവ് ഇതിനായി മുംബയിൽ കാലങ്ങളായി സ്ഥലങ്ങൾ ക്രമീകരിച്ചിരുന്നു കഴുകന്മാരുടെ എണ്ണക്കുറവ് ടാറ്റാ ഗ്രൂപ്പ് ഉൾപ്പെടുന്ന പാഴ്‌സി സമൂഹത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.