തെന്നിന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്ത് കുമാർ ചിത്രം വലിമൈയുടെ ട്രെയിലർ പുറത്തിറങ്ങി. ഗംഭീര ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ചിത്രം. ബൈക്ക് റേസിങ്ങിന് ഏറെ പ്രധാന്യം നൽകുന്നതാണ് ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് വേഷമിടുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വലിമൈ'. ട്രെയിലർ ഇതിനോടകം യൂട്യൂബ് ട്രെൻസിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ കാഴ്ചക്കാരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്.

ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരുക്കേറ്റത് വാർത്തയായിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ മേക്കിങ് വിഡിയോ നേരത്തെ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ബൈക്ക് റെസിങ്ങിനോടുള്ള അജിത്തിന്റെ സ്‌നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം പൊങ്കലിനാണ് ചിത്രം തിയറ്ററിൽ എത്തുക.