ലിയ പ്രതീക്ഷയോടെയാണ് ഡോ.ബിജു സംവിധാനം ചെയ്ത 'വലിയ ചിറകുള്ള പക്ഷികൾ' എന്ന സിനിമ കാണാൻ പോയത്. സാമൂഹിക പ്രതിബദ്ധ ഏറെയൊന്നും എത്തിയിട്ടില്ലാത്ത മലയാള സിനിമയിൽ എൻഡോസൾഫാൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എടുത്തത് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സംവിധായകനെയും, നായകനായ കുഞ്ചാക്കോ ബോബനെയും അഭിവാദ്യം ചെയ്തുകൊണ്ടുതന്നെ പറയട്ടെ ഒരു ചലച്ചിത്രം എന്ന നിലയിൽ ശുദ്ധ വളിപ്പും ബോറുമാണിത്.

വലിയ ചിറകുള്ള പക്ഷിയായിട്ടല്ല, ചെറിയ ചിറകുപോലുമില്ലാത്ത പറക്കാൻ കഴിയാത്ത എന്തോ ഒരു വിചിത്ര ജീവിയായാണ് ഈ സിനിമ അനുഭവപ്പെടുന്നത്. ഇതൊരു ഡോക്യുമെന്ററിയാണോ, നാടകമാണോ, എന്നൊന്നും യാതൊരു തിട്ടവുമില്ല.

എം.ജെ രാധാകൃഷ്ണന്റെ തെറ്റില്ലാത്ത കാമറയിലൂടെ തലങ്ങും വിലങ്ങും എന്തൊക്കെയോ ഷോട്ടുകൾ എടുത്തുവച്ചിരിക്കുന്നു! ഈ ചിത്രമാണോ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലടക്കം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയതെന്ന് വാർത്ത വന്നത്. അങ്ങനെയാണെങ്കിൽ മലയാളി പ്രേക്ഷകരുടെ തലയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സീൻപോലും ഹൃദയത്തെ പിടിച്ചുകുലുക്കുന്ന രീതിയിൽ ചിത്രീകരിക്കാൻ, ഡോ.ബിജുവിന് ആയിട്ടില്ല. രണ്ടാപകുതിയിലെ ഇംഗ്‌ളീഷ് തർജ്ജമയും അച്ചടിഭാഷയും കേട്ട് ഉറങ്ങിപ്പോവുന്ന പ്രേക്ഷകർ ഇടക്ക് അലാറം വെക്കുന്നതാണ് നല്ലത്!

പക്ഷേ ഈ ലേഖകനെ ഞെട്ടിച്ചത് അതല്ല. ഇത്ര ബോറായി ഒരു ചലച്ചിത്രം എടുത്തിട്ടും അതിന് കിട്ടുന്ന അംഗീകാരം നോക്കുക. ഫിലിം ഫെസ്റ്റിവലിൽ സാക്ഷാൽ വി എസ് അച്യുതാനന്ദൻ ഈ പടം കാണാൻ എത്തിയതും, പ്രേക്ഷകർ ഇൻക്വിലാബ് വിളികളോടെ അദ്ദേഹത്തെ തീയേറ്ററിലേക്ക് സ്വാഗതം ചെയ്തതും ഒക്കെ കേട്ടപ്പോൾ നടപ്പുരീതിയിൽനിന്ന് മാറിയുള്ള സാസ്‌കാരിക പ്രതിരോധമാണ് ഈ പടമെന്നാണ് കരുതിയത്. ( മുഖ്യമന്ത്രിയായിരിക്കെ എൻഡോസൾഫാൻ നിരോധിക്കാൻ വേണ്ടി വി എസ് ഉപവാസം കിടന്ന ഒരു വരി മാത്രമാണ് പറയുന്നത്.)

പക്ഷേ ഏതൊരു കമേർഷ്യൽ ചിത്രത്തിനേക്കാർ താഴെയാണ് വലിയ ചിറകുള്ള പക്ഷികളുടെ നിലവാരം. ഇമ്മാതിരിയൊരു പൊട്ടപ്പടം എടുത്തിട്ടും ഡോ.ബിജുവാകട്ടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും നല്ല സിനിമയെക്കുറിച്ചുമൊക്കെ പ്രേക്ഷകരെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കയാണ്. സാറേ, പടമെടുക്കാനുള്ള പണി അറിയില്ലെങ്കിൽ ഇങ്ങനെ ഉപദേശിച്ച് വെറുപ്പിക്കരുത്. ചേകവന്റെ ആയുധം നാക്കല്ല ചുരികയാണെന്ന് പറയുന്നപോലെ സംവിധായകന്റെ കഴിവ് കാണേണ്ടത് വാചകമടിയിലും ചീപ്പ് പബ്‌ളിസിറ്റിയിലുമല്ല. അയാൾ എടുക്കുന്ന ചിത്രങ്ങളിലാണ്.

ഡോ.ബിജുവിന്റെ 'ആകാശത്തിന്റെ നിറം' , 'വീട്ടിലേക്കുള്ള വഴി' എന്നീ രണ്ടു മുൻകാല ചിത്രങ്ങൾ കാണാനേ ഈ ലേഖകന് യോഗമുണ്ടായിട്ടുള്ളൂ. ബിജുവിന്റെ തന്നെ ആരാധനാമൂർത്തിയായ കിം കി ഡുക്കിന്റെ രചനകളുമായി തട്ടിച്ചുനോക്കേണ്ട, നമ്മുടെ ലാൽജോസിന്റെയും പ്രിയദർശന്റെയുമൊക്കെ ചിത്രങ്ങൾ ഇതിനേക്കാളൊക്കെ എത്ര ഭേദമാണ്. പക്ഷേ ഇതൊക്കെ ലോകോത്തര സംഭവങ്ങളാണെന്നാണ് ഡോ.ബിജുവിന്റെ വാചകമടി. സാറെ, അത്യാവശ്യം ലോകസിനിമയൊക്കെ കാണുന്നവരാണേ ഞങ്ങളും. വിഷയത്തിലേക്ക് വരാം. ഒട്ടും പ്‌ളാൻ ചെയ്യാതെ മോശമായി എടുത്ത തിരക്കഥതന്നെയാണ് വലിയ ചിറകുള്ള പക്ഷികളുടെ എറ്റവും വലിയ ദൗർബല്യം.

കഥയും തിരക്കഥയുമില്ല; വെറുതെ കുറേ ജീവിതം

ത്യത്തിൽ എൻഡോസൾഫാൻ വിഷയം കേരളീയ മനഃസാക്ഷിക്കുമുന്നിൽ അതി ശക്തമായി അവതരിപ്പിക്കാനുള്ള ഒന്നാന്തരം അവസരമാണ് ഡോ.ബിജു കളഞ്ഞു കുളിച്ചത്. കാസർകോട്ട് പ്‌ളാന്റേഷൻ കോർപ്പറേഷന്റെ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ എന്ന മാരക കീടനാശിനി തളിക്കുക വഴിയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ പുറം ലോകത്ത് എത്തിച്ചത് മാതൃഭൂമി ദിനപത്രത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ മധുരാജിന്റെ കാമറായാണ്.വലിയ തലയും ചെറിയ ഉടലുമായി അന്യഗ്രഹ ജീവികളെപ്പോലുള്ള കുറെ കുട്ടികളുടെ ചിത്രങ്ങൾ എടുത്തുകൊണ്ട് മുലപ്പാലിൽപോലും സംക്രമിക്കുന്ന വിഷത്തെക്കുറിച്ച് മധുരാജ് നമ്മെ അറിയിച്ചു. മധുരാജിന്റെ പ്രൊഫഷണൽ കരിയറാണ് ചിത്രം പിന്തുടരുന്നത്. ഈ പടത്തിൽ നായകനായ കുഞ്ചാക്കോ ബോബനാണ് ആ വേഷം ചെയ്യുന്നത്. പക്ഷേ ഇവിടെയാണ് ഡോ.ബിജു തന്നെ തട്ടികൂട്ടിയ ചത്ത തിരക്കഥ ചിത്രത്തിന് ബാധ്യതയാവുന്നത്.

കുഞ്ചാക്കോ ബോബൻ തനിക്ക്, പത്രാധിപരായ നെടുമുടിവേണുവിൽനിന്ന് കിട്ടിയ നിർദേശമനുസരിച്ച് കാസർകോടൻ ഗ്രാമങ്ങളിലത്തെി എൻഡോസൾഫാൻ ഇരകളുടെ പടമെടുത്ത് പോവുകയാണ്. വിവിധ രൂപങ്ങളിലേക്ക് രൂപാന്തരണം വന്ന മുഖഭാവമുള്ള വിവിധ കുട്ടികുളുടെ ചിത്രങ്ങൾ അയാൾ എടുക്കുന്നതും, നാട്ടുകാരനായ വഴികാട്ടി വിശദീകരിക്കുന്നതുമെല്ലാം ഒരു ഡോക്യുമെന്റിയുടെ സ്വഭാവത്തിലാണ്. അല്ലാതെ ഒരു സിനിമക്കുവേണ്ട കഥ അതിലില്ല.

അംബികാസുതൻ മാങ്ങാട് എഴുതിയ 'എന്മകജെ 'എന്ന നോവലിനെക്കുറിച്ചൊക്കെ ചിത്രത്തിൽ പറയുന്നുണ്ടെങ്കിലും ആ നോവലിലേതുപോലുള്ള അതീവ സംഭ്രവ ജനകമായ കഥാപരിസരം ഒരുക്കുന്നതിൽ ഡോ.ബിജു അമ്പേ പരാജയപ്പെട്ടു. എൻഡോസൾഫാൻ ഇരകളെയും നാട്ടുകാരെയും കണ്ട് ഫോട്ടോയെടുത്ത് പോകുന്നു എന്നല്ലാതെ വിഷയത്തിന്റെ ആത്മാവിലേക്ക് ഇറങ്ങാൻ ചിത്രത്തിന് ഇതുമൂലം കഴിയുന്നില്ല.

ഇനി ഈ സംഭവങ്ങൾ ഫ്‌ളാഷ്ബാക്കിൽ കാണിക്കുമ്പോൾ ചിത്രത്തിന്റെ വർത്തമാലകാലം മുന്നേറുന്നത് , കാനഡയിലെ എൻഡോസൾഫാൻ കീടനാശിനികൾ നിരോധിക്കാനായുള്ള ലോക ഉച്ചകോടിയെ ചുറ്റിപ്പറ്റിയാണ്. സംവിധായകനും കൂട്ടർക്കും സൗജന്യമായി ഒരു വിദേശ യാത്ര തരപ്പെട്ടു എന്നത് ഒഴിച്ചാൽ ചിത്രത്തിന് ഈ സീനുകൾ യാതൊരു ഗുണവും ചെയ്തിട്ടില്ല. 2011ലെ സ്റ്റോക്ക്‌ഹോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധിക്കാനുള്ള തീരുമാനത്തെ ഇന്ത്യ എതിർത്തുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ കഥ പുരോഗമിക്കുന്നത്. പക്ഷേ അനുമോൾ അടക്കമുള്ള കഥാപാത്രങ്ങളുടെ അച്ചടി ഭാഷയും നീണ്ട പ്രഭാഷണങ്ങളും അതിലും നീണ്ട തർജ്ജമും എല്ലാമായി ഈ രംഗങ്ങൾ വിരസമാവുന്നു.പ്രമുഖ ഫ്രഞ്ച് പരസ്ഥിതി ശാസ്ത്രജ്ഞൻ ജെയിംസ് ബ്രാഡ്‌ഫോർഡ്അടക്കമുള്ള ആക്റ്റീവിസ്റ്റുകൾ എൻഡോസൾഫാനെതിരെ പ്രതികരിക്കുന്നത് കാണാമെന്ന ആശ്വാസമുണ്ട്. പക്ഷേ ഒരു സിനിമക്കുപകരം ഇതൊരു ഡോക്യുമെന്റിയാണെന്ന് ഡോ.ബിജു അംഗീകരിക്കണം.

ഇവിടെ സംവിധായകന്റെ റോളെന്താണ് ?

സിനിമ സംവിധായകന്റെ കലയാണെന്നല്ലേ, ഡോ.ബിജു അടക്കമുള്ളവർ ആവർത്തിച്ച് പറയാറ്. പക്ഷേ ഈ ചിത്രത്തിൽ ഏത് സീനിലാണ് സാർ, സംവിധായകന്റെ കൈയൊപ്പ് ഉള്ളത്. തുടക്കത്തിൽ കാണിക്കുന്ന ഒരു ഹെലികോപ്റ്റർ ഷോട്ടും മറ്റും ഒഴിച്ചു നിർത്തായാൽ ആർട്ട് സിനിമകൾ എന്ന വിഭാഗത്തിനുവേണ്ടി ബോധപൂർവം മന്ദതയുടെ താളം ചേർത്തിട്ട ചട്ടപ്പടി രംഗങ്ങളാണ് ചിത്രം മുഴുവൻ. അടൂർ ഗോപാലകൃഷ്ണന്റെ കടുത്ത വിമർശകൻ ആണെങ്കിലും സിനിമാ മേക്കിങ്ങിൽ മന്ദതയും നരച്ചഷോട്ടകളും പമ്മിപ്പമ്മി നടക്കുന്ന കഥാപാത്രങ്ങളുമായി ഡോ.ബിജുവും അടൂരിനെ അനുകരിക്കുന്നത് കാണം.

ചിത്രത്തിന്റെ പ്രതിഭാ ദാരിദ്ര്യത്തിന്റെ ഏറ്റവു വലിയ ഉദാഹരണം, എൻഡോസൾഫാൻ തളിക്കുന്നത് നിർത്തലാക്കിയതിനുശേഷം ആ ഗ്രാമത്തിൽ വീണ്ടും വസന്തം വരുന്നതിന്റെ ഷോട്ടുകളാണ്. ഇവിടെയൊന്നും ഒരു ഫീലും പ്രേക്ഷകന് കിട്ടുന്നില്ല. സ്‌കൂൾ കുട്ടികൾ മൊബൈൽ കാമറയിൽ എടുക്കുന്ന ചിത്രങ്ങളിൽപോലും ഇതിലും വൈകാരികത കാണാം.

ഇനി എന്തൊക്കെയായലും എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് ചിത്രമെടുക്കാൻ ഇവരല്ലേ ഉണ്ടായുള്ളൂ എന്ന് പറയുന്നവരുമുണ്ടാവും. അത് അംഗീകരിക്കുന്നു. പക്ഷേ എൻഡോസൾഫാൻ എന്ന പ്രമേയത്തെ ഒരു മികച്ച കഥയിൽ പൊതിഞ്ഞ് വൃത്തിയായി അവതരിപ്പിക്കയായിരുന്നെങ്കിൽ അത് വിഷമഴയുടെ ഇരകളോട് ചെയ്യുന്ന ഏറ്റവും വലിയ നീതി ആവുമായിരുന്നു. അങ്ങനെയാണെങ്കിൽ വിഷവ്യാപാരികൾക്കെതിരായ ഏറ്റവും വലിയ കാമ്പയിൻ ആവുമായിരുന്നു അത്. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും നമ്മുടെ മൊയ്തീൻ സിനിമ ഇറങ്ങിയതിനുശേഷം ബി.പി മൊയ്തീൻ സേവാമന്ദിറിന് കേരളത്തിൽനിന്ന് കിട്ടുന്ന പിന്തുണ നോക്കുക. അതുപോല ഈ സിനിമ ശക്തമായിരുന്നെങ്കിൽ എൻഡോസൾഫാൻ രോഗികളുടെ പുനരധിവാസം ഒരു ട്രിബ്യൂണലിനും വിട്ടുകൊടുക്കാതെ കേരളത്തിലെ സുമനസ്സുകൾ ഏറ്റെടുത്തേനെ. പക്ഷേ കാമ്പില്ലാത്ത ഈ പടം അതെല്ലാം തകർത്തു.

വാൽക്കഷ്ണം: പുളുവടിക്ക് ഒരു അതിരൊക്കെ വേണം. ഈ പടത്തിന്റെ തിരക്കഥ വായിച്ചതോടെ ഇതിൽ അഭിനയിക്കാതെ പറ്റില്ലെന്ന് തീരുമാനിച്ചതായാണ് കുഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. തന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഇതെന്നും കുഞ്ചാക്കോ തട്ടിവിട്ടു.പക്ഷേ ആർക്കും ചെയ്യാവുന്ന സാധാരണ വേഷമാണ് കുഞ്ചാക്കോയുടേതെന്ന് ചിത്രം കാണുന്നവർക്ക് മനസ്സിലാവും. ചിലയിടത്തൊക്കെ ഭാവാഭിനയത്തിനായി മുഖം വലിച്ചുമുറക്കുന്നെന്ന് മാത്രം.പക്ഷേ ഒന്നും പറയാറായിട്ടില്ല. ഇത് ഡോ.ബിജുവിന്റെ ചിത്രമായതുകൊണ്ടും എൻഡോസൾഫാൻ പ്രമേയമായതുകൊണ്ടും ചില അന്താരാഷ്ട്ര ഫെസ്റ്റിവലിലൊക്കെ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ കുഞ്ചാക്കോ തന്നെയായിരിക്കും ഈ വർഷത്തെ മികച്ച നടനും! നമ്മുടെ നാടല്ലേ, ഇവിടെ എന്തും സംഭവിക്കും.ഇവിടെ ബുജിയായി നടക്കുകയാണ് ഏറ്റവും നല്ല സേഫ് ഗെയിം!