ഗ്നിശുദ്ധി വരുത്തി കെ എം മാണിസാർ കേരള രാഷ്ടീയത്തിൽ സജ്ജീവമായി തിരിച്ചെത്തും എന്നാണ് പാലeക്കാരുടെ വമ്പൻ സ്വീകരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹം തിരികെ എത്തുകതന്നെ വേണം, അതാണു സമീപകാല കേരള രാഷ്ടീയ ചരിത്രം പഠിപ്പിച്ചു തന്ന പാഠം; ആരും മൂക്ക് വെട്ടിയിട്ടില്ലല്ലോ. പിന്നെ, ആരോ'പണ'ങ്ങൾ! അതിന് ഒട്ടനവധി മുഷിഞ്ഞ കൂടിച്ചേരുവകൾ നടന്നതിനാൽ, കൊടുത്തവരും, വാങ്ങിയവരും, കേട്ടവരും, വായിച്ചവരും എല്ലാം നാറുമെന്നതിനാൽ, ആകെ ഒരു നാറ്റക്കേസാണ്. അത് മൂടി തുറക്കാതെ അടുത്തുതന്നെ കിടക്കട്ടെ!

നാടകീയമായി ലഡു പൊട്ടിച്ച് ആഘോഷിച്ച കേരള ബഡ്ജറ്റും, സ്പീക്കറുടെ കസേരയുടെ പതനവും ആരും മറക്കനായിക്കഴിഞ്ഞിട്ടില്ല. ഒരു കാരുണ്യവും അർഹിക്കാതെയാണ് കേരള സർക്കാരിന്റെ ധനകാര്യം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നിഷ്പക്ഷ കക്ഷികൾ വിലയിരുത്തുമ്പോൾ, തന്റെ നരച്ച താടി ചൊറിഞ്ഞ്, നിറപ്പകിട്ടാർന്ന ജുബ്ബ വലിച്ചുപിടിച്ചു മുന്മന്ത്രി ഡോ തോമസ് ഐസക്ക് പറയുന്നു, താൻ തുടങ്ങിയ സാമ്പത്തിക ഭദ്രത മുഴുവൻ കൈവിട്ടു എന്ന്. സർവ്വകാല റിക്കാർഡുകളും തിരുത്തി പാലായുടെ സ്വന്തം മാണിക്യം ശൂന്യകാശത്തു നിന്നും പറന്നിറങ്ങി വായിച്ചവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റുപ്രകാരം കേരളത്തിലെ ഓരോ പൗരനും 40,575 (Indian Express, 24th July, 2015, based on Acconts General's Office) രൂപ കടക്കാരനാണ്.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം 65,000 കോടിയിലധികം കടം വാങ്ങി, അതിൽ മൂവായിരത്തോളം കോടി എഴുതി തള്ളി; 5000 കോടിയിലധികം തുക പിരിച്ചെടുക്കാനുമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 1,35,000 കോടിയോളമുണ്ട്, അത് ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനമോളമാണ് താനും. ഉൽപാദന ത്വര തീരെയില്ലാതെ, ഉപഭോഗ സംസ്‌കാരത്തിൽ മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾ, അവരുടെ വിഭവ സമാഹരണത്തിലെ അശാസ്ത്രീയത കൂടുതൽ കടം വാങ്ങാൻ പ്രേരിപ്പിക്കും. വിദേശത്തുനിന്നും അയച്ചു തരുന്ന പണത്തെ ആസ്പദമാക്കി മോടി കൂട്ടിയ ജീവിത നിലവാരത്തിനനുസരിച്ച് കമ്പോളത്തെ തുറന്നു കൊടുക്കുവാനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തയ്യാറായേ പറ്റുകയുള്ളു. ഇത് പരമാർത്ഥമായ സത്യമാണെങ്കിലും പിരിച്ചെടുക്കാനാവാത്ത നികുതി ആദായവും ദീർഘ വീക്ഷണമില്ലാത്ത, ചിട്ടയില്ലാത്ത വികസനവും സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത് ഒരു കടുത്ത വൈതരണീയിലേക്കാണ്.

പരിഷ്‌കൃത സംസ്‌കാരത്തിലേക്ക് പാദമൂന്നുന്ന കേരളത്തിന് അപമാനകരമായ അഴിമതി- കോഴക്കേസുകളും ലൈംഗിക അപവാദങ്ങളും, രാഷ്ടീയ പൊള്ളത്തരങ്ങളും ഹർത്താലുകളും, ഗുണ്ടായിസവും അപക്വമായ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപോൽപ്പന്നമാണ്. സാമ്പത്തിക വളർച്ചയിൽ ലോകത്താകമാനം അത്ഭുതം സമ്മാനിച്ച 'കേരള മോഡൽ' എന്ന വികസന ചക്രം വന്നു എത്തിയിരിക്കുന്നത് മാണീയിസത്തിന്റെ പുത്തൻ അദ്ധ്യായത്തിലാണ്.

മുതൽ മുടക്കാൻ ധൈര്യമില്ലാത്ത സ്ഥിതിയായതിനാൽ വീടിനും, കാറിനും, സൽക്കാരത്തിനും, ആഘോഷങ്ങൾക്കുമായി ജനം പണം ചിലവഴിക്കാൻ തയ്യാറാവുന്നു. ധൈര്യമായി മുതൽ പിടിക്കുന്ന മറ്റൊരു വിഭാഗം ജാതി-മത കേന്ദ്രീകൃതമായ സംഘടനകളും പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെപ്പോലെ സമ്പത്തു കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള മത സംവിധാനങ്ങൾ ലോകത്ത് വേറൊരിടത്തും കാണുകയില്ല. ഇവക്കെല്ലാം ഒരു കോർപറേറ്റു മുഖം ഉള്ളതിനാൽ, കരുണയോ കരുതലോ, നന്മയോ ഒന്നും ഈ സംവിധാനങ്ങളിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ടി വരില്ല.

പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള കേരളത്തിന്റെ നാലിലൊന്നു മാത്രം വിസ്തൃതിയുള്ള സൈപ്രസ് 100 ശതമാനം സാക്ഷരതയും, 79 വയസ്സു ശരാശരി ആയുർ ദൈർഘ്യവും, 25,000 ഡോളർ പ്രതിശീർഷ വരുമാനവും 2012- ൽ രേഖപ്പെടുത്തിയിരുന്നു. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായപ്പോഴും, കടം വാങ്ങിയ സർക്കാരും അച്ചടക്കമില്ലാത്ത ബാങ്കിംഗും രാജ്യത്തെ ആകെ കുഴപ്പത്തിലാക്കി. പല സർക്കാർ, പൊതുസംവിധാനങ്ങളും ഇനിയും യൂറോപ്യൻ സെൻട്രൽ ബാങ്കും അന്തർ ദേശീയ നാണ്യനിധിയും പറയുന്ന പ്രകാരം പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണിപ്പോൾ.

ഈ ഗതികേടുകളിൽ നിന്നും പാഠം ഉൾകൊണ്ടു കൊണ്ട് കേരളവും 'അതിവേഗം - ബഹുദൂരം' പദ്ധതികൾ ഒരു വീണ്ടു വിചാരത്തിന് വയ്ക്കുന്നത് നല്ലതാണ്. ആഭ്യന്തര വരുമാന ശ്രോതസ് കണ്ടു പിടിക്കാനാവാതെ, കടം വാങ്ങിയും വിദേശ മുതൽ മുടക്ക് പ്രതീക്ഷിച്ചും ബഹുദൂരം നമുക്കു സഞ്ചരിക്കാനാവില്ല.

മത സംഘടനകൾ, പൊതുനന്മയ്ക്കുതുകുന്ന പദ്ധതികൾ, ലാഭം പ്രതീക്ഷിക്കാത്ത സംരഭങ്ങൾ ഇവക്കു മാത്രം അനുമതി നൽകുകയും, ആദായം ഉണ്ടാക്കുന്ന പദ്ധതികളിൽ നിന്നും നികുതി ഈടാക്കുകയും വേണം. ഭക്ത സംഘടനകൾ കോർപറേറ്റു സംഘടനകളെ പോലെ പ്രവർത്തിക്കാതിരിക്കാനുള്ള നിയമ നടപടികൾ കൊണ്ടു വരേണ്ടതുണ്ട്. പകരം വ്യക്തിഗതമായ മുതൽ മുടക്കിനെ പ്രോത്സാഹിപ്പിക്കുകയും, നികുതിയിളവുകൾ നൽകുകയുമാണ് വേണ്ടത്. അതിനു കക്ഷി ഭേദമെന്യേ പൊതു നന്മക്കായി ചിന്തിക്കുന്ന ഒരു ചർച്ചാവേദി ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളം എന്താണ് ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കുന്നു എന്ന അടിസ്ഥാന ചോദ്യം ചോദിക്കുവാനുള്ള ശേഷിയും, ഇശ്ചാശക്തിയുമാണ് ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത്.