ടുത്തിടെ കണ്ട 'നിർണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിർത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി, വെറും വിനോദത്തിൽ കലയെ തളച്ചിടുന്ന പ്രവണത കുറെക്കാലമായി മലയാള സിനിമയിൽ കണ്ടുവരികയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണായ 'നീതി ബോധം' നിലനിർത്താൻ, അഴിമതിയുടെ രാഷ്ട്രീയ രീതികളും അവർക്ക് ഓശാന പാടുന്ന സംവിധാനങ്ങളോടും ചെറുത്തുനിൽക്കുന്ന ചിത്രങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിർണ്ണായകത്തിലെ കഥാപാത്രങ്ങൾ മിക്കവരും അവരുടെ സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികൾ നില നിൽക്കുമ്പോൾ തന്നെ സാമൂഹിക നന്മക്കുവേണ്ടി പൊരുതാൻ ധൈര്യം കാട്ടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മിഴിവ്. പലപ്പോഴും വ്യക്തിപരമായ നമ്മുടെ പരാജയങ്ങൾ, വീഴ്ചകൾ, പരിമിതികൾ ഒക്കെ നമ്മെ ആദർശ നിലപാടുകളിൽ നിന്നു, വഴിവിട്ടു പോകാൻ പ്രേരിപ്പിച്ചേക്കാം.

നിലപാടുകൾ: 1798 ലെ ഒരു നനുത്ത പ്രഭാതത്തിൽ ' ഓറിയന്റ്' എന്ന ഫ്രഞ്ച് യുദ്ധക്കപ്പൽ ബ്രിട്ടീഷ് പട്ടാളം ആക്രമിച്ചു. പ്രസിദ്ധമായ നൈൽ യുദ്ധത്തിന് ' ഓറിയന്റിനെ' നയിച്ച കമാണ്ടർ സൂയി കാസാബിയകായുടെ പന്ത്രണ്ടു വയസ്സുകാരനായ മകൻ ജീയോകാണ്ടേ, തന്റെ പിതാവു നിർദ്ദേശിച്ച സ്ഥലത്തു നിന്നും അനങ്ങാതെ, തനിക്കു ചുറ്റും കത്തിപ്പടരുന്ന തീനാളങ്ങളെ അവഗണിച്ച്, തന്റെ അടിസ്ഥാന പ്രമാണങ്ങളെ പുണർന്ന് നിലയുറപ്പിച്ചു നിന്നത് ബ്രിട്ടീഷ് സേനക്കു പോലും ആശ്ചര്യത്തോടെ നോക്കി നിൽക്കേണ്ടി വന്നു. ഒടുവിൽ വൻ സ്‌ഫോടനത്തോടെ ജിയോ കാണ്ടേ ഓറിയന്റിനോടൊപ്പം പൊട്ടിച്ചിതറി. ശത്രുപക്ഷത്തെപ്പോലും അമ്പരപ്പിച്ച ധീരനായ കാസാബിയൻകായുടെ കഥ ഇന്നും അനശ്വരമായി നിലനിൽക്കുന്നു. ഓടി രക്ഷപ്പെട്ടവരുടെ കഥ ആരെങ്കിലും ഓർക്കുമോ? പൊട്ടിത്തെറിപ്പും, വിനാശവുമായ ഭാവിയെപ്പറ്റി ശങ്കയില്ലാതെ, ആത്മാർത്ഥതയും, സമർപ്പണവുമുള്ള നല്ല മനസ്സുകൾ എന്നും നിലനിൽക്കും.

ജനിച്ചു വീണ വിശ്വാസം: നാം ഏറെ ഇഷ്ടപ്പെടുന്ന സാഹചര്യത്തിലോ, മതത്തിലോ, നിറത്തിലോ, രാജ്യത്തേയോ അല്ലായിരിക്കാം നാം പിറന്നു വീഴുന്നത്. ഒപ്പം കൂടാൻ കൂട്ടിയ ഘടകങ്ങളാണ് നമ്മെ, നമ്മുടെ ശരികളിലേക്കു വിളക്കിച്ചേർക്കുന്നത് പിന്നെ പുറത്തുചാടാനാവാത്ത അന്ധതയിൽ നാം മറ്റുള്ളവയൊന്നും ഉൾകൊള്ളാനോ, അംഗീകരിക്കാനോ തയ്യാറായില്ല. അതി ജീവനത്തിന്റെ സാഹചര്യങ്ങൾ നമ്മെ എവിടേക്കൊക്കൊയോ കൊണ്ടു പോയിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ ചൂണ്ടു വിരലിൽ നാം ആരെല്ലാമോ ആയിത്തീരുന്നു. ചെറുത്തു നിൽപ്പിനായി നാം സംഘം ചേരുന്നു, അങ്ങനെ സംഘത്തിന്റെ പൊതു അറിവിലും, സംസ്‌കാരത്തിലും നാം നമ്മെ അറിയാതെ നഷ്ടപ്പെടുന്നു.

ആരാണുഫാസിസ്റ്റ്? ഇന്ന് ഏറ്റവും കൂടുതൽ പരസ്പരം ചാർത്തുന്ന പദമാണിത് വർഗ്ഗീയ വാദികൾ, അവരും ഒരു കൂട്ടമാണ്. ഈ കൂട്ടം തീവ്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഈ കൂട്ടത്തിന്റെ ചിന്തകൾ മാത്രം ശരിയെന്നും എതിരുകളെ ഏതു വിധേനയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുക എന്നത് ധർമ്മം എന്നിവർ കരുതുന്നു. അതിനു സർഗ്ഗവാസനകളും ഉപയോഗിക്കുക, അങ്ങനെ അറിയാതെ ഉള്ളിലെ ഫാസിസ്റ്റിനു രൂപവും ഭാവവും കൈവരുന്നു. എന്താണ് ഒരു പൊതുസമൂഹത്തിന്റെ മാനസിക അവസ്ഥ? സാമൂഹിക മനസായി എന്നതിനു എന്തെങ്കിലും അർത്ഥം ഉണ്ടോ എന്നറിയില്ല. ബീഫുകഴിച്ചു എന്ന കുറ്റത്തിനു ഒരു വയോധികനെ അടിച്ചു കൊല്ലാനുള്ള മാനസിക അവസ്ഥ! അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപ് മുസ്ലീങ്ങൾ അമേരിക്കയിൽ വരുന്നതു നിയമപരമായി തടയണം എന്ന് പറഞ്ഞപ്പോൾ മനസ്സുകൊണ്ടു സന്തോഷിച്ച സമൂഹം, ഇവർക്കു മുഖമില്ല പൊലീസുകാർ, കള്ളന്മാർ, സൈനീകർ, പുരോഹിതന്മാർ, പൊതുജനം, നാട്ടുകാർ, കൂട്ടുകാർ, ഉറുമ്പുകൾ ഇങ്ങനെ ഒരേ പ്രവർത്തന ശൈലിയുള്ള വിവിധ കൂട്ടങ്ങൾ ഇവർക്ക് പൊതുവായ മനസായി എങ്ങനെയാണു രൂപപ്പെടുന്നത്? ഒരു നിശ്ചിത കാലയളവിലുള്ള ഹിത പരിശോധനകൾ, വിലയിരുത്തലുകൾ ഒരു പൊതുനിലപാടുകൾ രൂപപ്പെടാനുള്ള നിർണ്ണായകമായ കൈവഴികളാണ്. ജനാധിപത്യത്തിലും സിവിൽ നടപടിക്രമങ്ങളിലും ഇത്തരം മാറ്റങ്ങൾ മുറയ്ക്കു നടക്കുന്നുണ്ടല്ലോ. എന്നാൽ യാതൊരു മാറ്റവും പാടില്ലാത്ത എന്ന അവിതർക്കിതമായ മത-ജാത-വർഗ്ഗ കൂട്ടങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്.

പരിഷ്‌കൃതമായ സാമൂഹിക മുന്നേറ്റത്തിൽ, നാം അനുവർത്തിച്ചു പോകേണ്ട മൂല്ല്യങ്ങളുടെ നിർവ്വചനം അറിയാതെ മാറിമറിയുന്നു. അടിസ്ഥാന വിശ്വാസങ്ങൾക്കും, ഉൾകാഴ്ചകൾക്കും പ്രകടമായ വൈരുദ്ധ്യങ്ങൾ! ' നിങ്ങളറിയുക, നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' എന്ന കടമനിട്ട വരികൾ അനശ്വരമായി നിൽക്കുന്നു.

നിർണ്ണായകം എന്ന ചലച്ചിത്രത്തിന്റെ അവസാന ഭാഗത്ത് പൊതുസമൂഹത്തിനു വേണ്ടി നീതിപീഠത്തിനു മുമ്പിൽ വാദിക്കുന്ന ഒരു സാധാരണ പൗരനെ നെടുമുടി വേണു അനശ്വരനാക്കുന്നു. 'മൗനം ചിലപ്പോഴെങ്കിലും പ്രതിഷേധിക്കാൻ ഭയപ്പെടുന്നവരുടെ പ്രതിഷേധമാണ്' പരിമിതമായ സാഹചര്യങ്ങളിൽ കൂട്ടങ്ങളിൽ നിന്നും, സംഘങ്ങളിൽ നിന്നും വേറിട്ടു ചിന്തിക്കാൻ നമുക്കാകട്ടെ! അത്തരം ചിന്തിക്കുന്ന മൗനം പടർന്നു കയറട്ടെ!